22 January 2026, Thursday

Related news

December 1, 2025
November 21, 2025
November 18, 2025
November 5, 2025
August 15, 2025
June 26, 2025
May 12, 2025
May 12, 2025
April 27, 2025
April 24, 2025

അമിതഭാരം, അപകട സാധ്യത; തേജസ് വേണ്ടെന്ന് വീണ്ടും നാവികസേന

Janayugom Webdesk
ന്യൂഡല്‍ഹി
February 15, 2023 10:29 pm

തദ്ദേശ നിർമ്മിത യുദ്ധവിമാനമായ തേജസ് വേണ്ടെന്ന തീരുമാനത്തിലുറച്ച് നാവികസേന. കഴിഞ്ഞമാസം ഇന്ത്യയുടെ പുതിയ വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്തില്‍ ആദ്യമായി തേജസ് ലാൻഡിങ് നടത്തിയിരുന്നു. എന്നാല്‍ നാവിക സാഹചര്യത്തിന് തേജസ് അനുയോജ്യമല്ലെന്നും വികസിപ്പിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും നാവികസേന വിലയിരുത്തുന്നു.
ഒരു ട്വിന്‍ എന്‍ജിൻ ഡെക്ക് ബേസ്ഡ് ഫൈറ്റർ (ടിഇഡിബിഎഫ്) എന്ന ആവശ്യമാണ് നാവികസേന ഉയര്‍ത്തുന്നത്. ഇതിന് പകരം ലഘു യുദ്ധവിമാനമായ തേജസിനെ അവതരിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍ അമിതഭാരവും അപകടസാധ്യതയും കൂടുതലുള്ള തേജസിനെ ഏറ്റെടുക്കാന്‍ നാവിക സേന തയ്യാറല്ലെന്നാണ് സൂചന. പൂർണ അളവില്‍ ഇന്ധനവും ആയുധവും വഹിച്ചുകൊണ്ടു പറന്നുയരാനുള്ള ശേഷി ഉണ്ടാകണമെങ്കില്‍ ഇരട്ട എഞ്ചിൻ വിമാനം തന്നെ വേണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2023 പകുതിയോടെ പരീക്ഷണങ്ങളെല്ലാം പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇതുവരെ ഒരു പരീക്ഷണം മാത്രമാണ് നടന്നിട്ടുള്ളത്. തേജസിന്റെ വ്യോമപ്പതിപ്പായ എംകെ1 നേരത്തെ ഐഎൻഎസ് വിക്രമാദിത്യയിലെ കാരിയർ ഡെക്കിൽ നിന്ന് പരീക്ഷണപ്രവർത്തനങ്ങൾ നടത്തിയിരുന്നു. 2021ല്‍ ഇതിന്റെ പരിഷ്കരിച്ച പതിപ്പായ എംകെ 1 എ വ്യോമസേനയുടെ ഭാഗമായി.
ഏകദേശം 50 വിമാനങ്ങൾ സ്വീകരിക്കാൻ പദ്ധതിയിട്ടാണ് നാവികസേന ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ അമിതഭാരത്തിന് പുറമെ ഫ്യൂസലേജിനും ലാൻഡിങ് ഗിയറിനും പോരായ്മകളുള്ളതായി കണ്ടെത്തി. കൂടാതെ എയറോഡൈനാമിക് സംവിധാനത്തിലെ പരിഷ്കാരങ്ങള്‍, കോക്പിറ്റ് പുനർരൂപകല്പന, ഡെക്ക് ലാൻഡിങ്ങുകളുടെ ആഘാതം കൈകാര്യം ചെയ്യുന്നതിനുള്ള ശക്തമായ സംവിധാനം തുടങ്ങിയവ കൂടി ചേര്‍ന്നപ്പോള്‍ തേജസ് നാവിക വകഭേദത്തിന്റെ സൃഷ്ടി വളരെ വലിയ സംരംഭമായി മാറി. ഇക്കാരണത്താല്‍ റഫാല്‍, മിഗ് 29 വിമാനങ്ങള്‍ തന്നെയായിരിക്കും ഇനിയും കാലങ്ങളോളം നാവികസേനയുടെ ആശ്രയം.

മലേഷ്യന്‍ വില്പന അനിശ്ചിതത്വത്തില്‍ 

ബംഗളൂരു: മലേഷ്യക്ക് 18 തേജസ് ലഘുയുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള നീക്കം അനിശ്ചിതത്വത്തില്‍. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന തേജസിനെ മറികടന്ന് കൊറിയന്‍ യുദ്ധവിമാനം എഫ്എ‑50 മുന്നിലെത്തിയതായാണ് റിപ്പോര്‍ട്ട്.
തേജസിന്റെ വില്പനയ്ക്കായി മലേഷ്യ, അർജന്റീന, ഈജിപ്റ്റ്, ബോട്സ്വാന എന്നീ രാജ്യങ്ങളുമായാണ് എച്ച്എഎല്‍ ചര്‍ച്ച നടത്തിയിരുന്നത്. മലേഷ്യന്‍ ഇടപാടില്‍ ചെറിയ തിരിച്ചടി നേരിട്ടിട്ടുണ്ടെന്നും എങ്കിലും തങ്ങളുടെ ഉല്പന്നത്തിലൂടെ മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണെന്നും എച്ച്എഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സി ബി അനന്തകൃഷ്ണൻ പറഞ്ഞു. നിലവില്‍ 83 യുദ്ധവിമാനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡര്‍ മാത്രമാണ് എച്ച്എഎല്ലിന് ലഭിച്ചിട്ടുള്ളത്. പതിറ്റാണ്ടുകളായി പ്രതിരോധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതില്‍ ഏറ്റവും മുമ്പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റഷ്യയില്‍ നിന്നുമാത്രം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരുലക്ഷം കോടിയുടെ ആയുധങ്ങള്‍ വാങ്ങിയിട്ടുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രതിരോധ കയറ്റുമതി അഞ്ച് ബില്യൺ ഡോളറായി ഉയർത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിനും മലേഷ്യന്‍ കരാര്‍ നഷ്ടപ്പെടുന്നത് തിരിച്ചടിയാകും. 

Eng­lish Sum­ma­ry: Over­weight, risk of acci­dents; Navy again says no to Tejas

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.