17 November 2024, Sunday
KSFE Galaxy Chits Banner 2

അമിത ജോലിയെടുക്കുന്ന കേന്ദ്ര ഏജന്‍സികള്‍

Janayugom Webdesk
February 28, 2023 5:00 am

ടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പും ഈ വര്‍ഷം നടക്കാനുള്ള വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളും ലക്ഷ്യംവച്ചുള്ള ബിജെപിയുടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ക്ക് വേഗം കൂടിയിരിക്കുകയാണ്. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായ നികുതി (ഐടി) വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അമിത ജോലിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പോലുള്ളവയും രംഗത്തുണ്ട്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്തു സമ്പാദനം, പണമിടപാടുകള്‍, യുഎപിഎ പോലുള്ള കുറ്റങ്ങള്‍ ആരോപിച്ച് പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങളിലെ നേതാക്കളെയാണ് പ്രധാനമായും ഉന്നം വയ്ക്കുന്നത്. അതില്‍ ഒടുവിലത്തേതാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്ത നടപടി. സിസോദിയ അറസ്റ്റിലായ ഡല്‍ഹി മദ്യ നയക്കേസില്‍ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ലക്ഷ്യമാണ് കേന്ദ്രം കാണുന്നത്. ഡ‍ല്‍ഹിയിലെ എഎപി മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമൊപ്പം തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതയെയും അക്കൗണ്ടന്റ് ബുച്ചി ബാബു ഉള്‍പ്പെടെയുള്ളവരെയും പിടിക്കാമെന്നതാണ് അതിന്റെ ലക്ഷ്യം. ഡല്‍ഹി മദ്യ നയക്കേസില്‍ ഇന്നലെ സിസോദിയയെ അറസ്റ്റ് ചെയ്തത് സിബിഐയാണെങ്കിലും ഇതേ കേസില്‍ ഇഡിയും അന്വേഷണവും നടപടികളും സ്വീകരിക്കുന്നുണ്ട്. ഒരേ വിഷയത്തില്‍ വിവിധ ഏജന്‍സികള്‍ പ്രതിപക്ഷത്തെ ഉന്നം വച്ച് നീങ്ങുന്നുവെന്നര്‍ത്ഥം. ഡല്‍ഹി മദ്യ നയക്കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ പിണിയാളുകളായി ലഫ്റ്റനന്റ് ഗവര്‍ണര്‍മാരും പണിയെടുക്കുന്നുണ്ട്. ആദ്യം അനില്‍ ബൈജാലും പിന്നീട് വിനയ് കുമാര്‍ സക്സേനയും രാഷ്ട്രീയ ആയുധങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടുകൂടിയാണ് മദ്യനയം പിന്‍വലിച്ചിട്ടും അതിന്റെ പേരിലുള്ള അഴിമതിക്കേസും പണമിടപാട് കേസും സജീവമായത്.


ഇതുകൂടി വായിക്കൂ: അന്വേഷണ ഏജന്‍സികളെന്ന വളര്‍ത്തുജീവികള്‍


നേരത്തെ ഡല്‍ഹിയിലെ എഎപി മന്ത്രി സത്യേന്ദ്ര ജെയ്നിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാക്കി ഇഡി അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷമാണ് എല്ലാവരും പ്രതീക്ഷിച്ചതുപോലെ സിസോദിയയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ പ്രതികാര നടപടികള്‍ അംഗീകരിക്കാവുന്നതല്ല. ഇത് ഡല്‍ഹിയില്‍ അവസാനിക്കുന്നില്ല. ബംഗാളിലും തെലങ്കാനയിലും മഹാരാഷ്ട്രയിലും കേരളത്തിലും അങ്ങനെയങ്ങനെ നീളുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെയെ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമര്‍ശിച്ചുവെന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലി‍ല്‍ അടയ്ക്കാനാണ് തീരുമാനിച്ചത്. പക്ഷേ, കോടതി ജാമ്യം അനുവദിച്ചതിനാല്‍ നടന്നില്ല. അതുകൊണ്ട് അലഹബാദില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതും പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ നടപടികളുടെ ഭാഗം തന്നെയായിരുന്നു. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനും നേതാക്കള്‍ക്കുമെതിരെ സിബിഐ, ഇഡി, ഐടി എന്നിങ്ങനെ എല്ലാ കേന്ദ്ര ഏജന്‍സികളും‍ ചേര്‍ന്ന് റെയ്ഡ്, അറസ്റ്റ് എന്നിവ നടത്തിക്കൊണ്ടിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ: അന്വേഷണ ഏജന്‍സികളുടെ നിയമലംഘനങ്ങള്‍


പശ്ചിമ ബംഗാളിലെ സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്ന എസ്എസ്‌സി നിയമനത്തട്ടിപ്പില്‍ ബിജെപി നേതാവ് ദിലീപ് ഘോഷിനും ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ടിഎംസി നേതാക്കള്‍ക്കു നേരെ മാത്രമാണ് കേന്ദ്ര ഏജന്‍സികള്‍ നടപടിക്ക് സന്നദ്ധമായത്. മഹാരാഷ്ട്രയില്‍ എന്‍സിപി നേതാക്കള്‍ക്കെതിരെ വിവിധ കേസുകളുടെ പേരില്‍ വേട്ടയാടല്‍ നടത്തിക്കൊണ്ടിരിക്കുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ ഇഡിയെയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ അധികാരത്തിലുണ്ടായിരുന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയെ പിളര്‍ത്തി തങ്ങള്‍ക്കൊപ്പം ചേര്‍ത്ത ഷിന്‍ഡെയുടെ ശിവസേനയുമായി ബിജെപി മഹാരാഷ്ട്രയില്‍ അധികാരം പങ്കിടുകയാണ്. അതിന് സഹായകമാകുന്ന വിധത്തില്‍ ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് അംഗീകാരം നേടിക്കൊടുക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങളും ബിജെപി നടത്തിക്കൊണ്ടിരിക്കുന്നു. അടുത്ത ദിവസം തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നുണ്ടായ നടപടി ഇതിന്റെ ഭാഗമാണെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ലൈഫ് മിഷന്‍ കേസിന് ശക്തി പ്രാപിച്ചിരിക്കുന്നതും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ വേട്ടയാടുന്ന നീക്കത്തിന്റെ ഭാഗം തന്നെയാണ്. നേരത്തെ നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുമ്പ് സ്വര്‍ണക്കള്ളക്കടത്തു കേസ് ഉപയോഗിക്കുന്നതിന് ശ്രമിച്ചുവെങ്കിലും വോട്ടര്‍മാര്‍ക്കിടയില്‍ ഏശിയില്ല. അതുകൊണ്ടാണ് ലൈഫ് മിഷന്‍ നടത്തിപ്പില്‍ കോഴയിടപാട് നടന്നുവെന്ന, കെട്ടിച്ചമച്ച കേസിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തുമ്പ് കണ്ടെത്തുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കള്ളക്കേസുകളും വ്യാജ കണ്ടെത്തലുകളുമായി ഇത്തരം നടപടികള്‍ അടുത്ത വര്‍ഷം ആദ്യംവരെ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതുമാണ്. ഇതിനെതിരെ ജനാധിപത്യവിശ്വാസികളുടെ യോജിച്ച മുന്നേറ്റം അനിവാര്യമാണ്.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.