7 May 2024, Tuesday

അന്വേഷണ ഏജന്‍സികളുടെ നിയമലംഘനങ്ങള്‍

Janayugom Webdesk
December 10, 2021 5:00 am

നമ്മുടെ ജയിലുകളുടെയും അന്വേഷണ ഏജന്‍സികളുടെയും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും കണക്കുകളില്ല. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള ആഗോള ഏജന്‍സികള്‍ പോലും അപലപിച്ച സംഭവങ്ങളും പലതായിരുന്നു. അവയോടു ചേര്‍ത്തുവായിക്കേണ്ട രണ്ടു സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. നീതിപീഠത്തിന്റെ കനിവില്‍ ജയില്‍ വാസം അവസാനിപ്പിക്കുവാന്‍ അവസരമുണ്ടായ രണ്ട് വ്യക്തികളെ കുറിച്ചായിരുന്നു രണ്ടു വാര്‍ത്തകളും. ഒന്നാമത്തേത് രാജ്യത്തെ മനുഷ്യാവകാശലംഘനത്തിന്റെയും നീതിനിഷേധത്തിന്റെയും പരമോന്നതിയില്‍ നില്‍ക്കുന്ന ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടതാണ്. ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന സുധാ ഭരദ്വാജിന്റെ ജാമ്യമാണ് ആദ്യത്തേത്. യുഎപിഎ ചുമത്തി 2018 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്യപ്പെട്ട സുധാ ഭരദ്വാജ് ബൈക്കുള വനിതാ ജയിലില്‍ കഴിയുകയായിരുന്നു. ബോംബെ ഹൈക്കോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശമുണ്ടായിട്ടും നിയമപരമായ കാലപരിധിക്കുള്ളിലോ കോടതി നീട്ടിനല്കിയ തീയതിക്കകമോ കുറ്റപത്രം സമര്‍പ്പിക്കാത്ത സമീപനമാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ബോംബെ ഹൈക്കോടതി സുധാ ഭരദ്വാജിന് സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു എന്‍ഐഎ ചെയ്തത്. നഗ്നമായ നിയമനിഷേധമാണ് നടത്തുന്നത് എന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും ഹൈക്കോടതിയില്‍ നിന്ന് നിശിത വിമര്‍ശനം നേരിട്ടിട്ടും ഇത്തരമൊരു സമീപനം സ്വീകരിക്കുന്നത് മനുഷ്യാവകാശ നിഷേധം ബോധപൂര്‍വമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. ജാമ്യം നല്കിയ തീരുമാനത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച് എന്‍ഐഎയുടെ ഹര്‍ജി സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു. എ­ന്നിട്ടും കര്‍ശന ഉപാധികളോടെയാണ് എന്‍ഐഎ കോ­­ടതി ജാമ്യം അനുവദിച്ചത്. വ­നിതയെന്നോ മൂന്നുവര്‍ഷത്തിലധികമായി ജ­യിലില്‍ കഴിയുന്നുവെന്നോ പോ­ലും പരിഗണിക്കാതെ മുംബൈ വിട്ടുപോകരുതെന്നുള്‍പ്പെടെയുള്ള ഉപാധികളാണ് എന്‍ഐഎ കോ­ടതി നിര്‍ദ്ദേശിച്ചത്. അതനുസരിച്ചാണെങ്കിലും അ­വര്‍ ഇ­­ന്നലെ ജയി­ല്‍ വിമോചിതയായിരിക്കുന്നു. കൊല്‍ക്കത്തയില്‍ നിന്ന് ഇതിനെക്കാള്‍ ക്രൂരമെന്ന് വിശേഷിപ്പിക്കാവുന്ന സംഭവത്തി­ല്‍ കോടതിയുടെ ഇടപെടലാണ് വാര്‍ത്തയായിരിക്കുന്നത്. 40 വര്‍ഷത്തിലധികം പ­ശ്ചിമബംഗാളിലെ ജയിലില്‍ വിചാരണ പോലുമില്ലാതെ കഴിയേണ്ടിവന്ന വൃദ്ധനെ സംബന്ധിച്ചായിരുന്നു അത്.


ഇതുകൂടി വായിക്കാം; കേന്ദ്രസർക്കാരിന്റെ ആയുധമായതോടെ അന്വേഷണ ഏജന്‍സികൾക്ക് തിരക്ക് വർധിക്കുന്നു


1980 ലാണ് മുപ്പതാമത്തെ വയസില്‍ നേപ്പാള്‍ സ്വദേശിയായ ദീപക് ജെയ്ഷി ജയിലില്‍ അടയ്ക്കപ്പെടുന്നത്. കൊല്‍ക്കത്തയിലെ ഡംഡം ജയിലിലായിരുന്നു പാര്‍പ്പിച്ചത്. വിചാരണയ്ക്ക് പോലും സാധിക്കാത്ത വിധം മാനസിക പ്രശ്നങ്ങള്‍ നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം. അതുകൊണ്ട് മാനസികാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെങ്കിലും നാളിതുവരെ അത് സമര്‍പ്പിക്കുന്നതിനോ ജയലില്‍ നിന്ന് വിട്ടയക്കുന്നതിനോ സന്നദ്ധമായില്ല. ഒടുവില്‍ ഒരുവര്‍ഷം മുമ്പ് പുറത്തുവന്ന ചില വാര്‍ത്തകളെ തുടര്‍ന്ന് വിഷയം ശ്രദ്ധയില്‍പ്പെട്ട കല്‍ക്കട്ട ഹൈക്കോടതി നാല്പതു വര്‍ഷത്തിനുശേഷം കഴിഞ്ഞ മാര്‍ച്ചില്‍ വിട്ടയക്കുവാന്‍ ഉത്തരവിടുകയായിരുന്നു. പിന്നീട് കേസ് വീണ്ടും സ്വമേധയാ പരിഗണിച്ച കോടതി ജെയ്ഷിക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നും ബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. നമ്മുടെ അന്വേഷണ സംവിധാനങ്ങളുടെ മനുഷ്യാവകാശ ലംഘനത്തിന്റെ രണ്ട് സമീപകാല ഉദാഹരണങ്ങളാണ് ഇവ. നഗ്നമായ ലംഘനങ്ങള്‍ നടത്തുന്നുവെന്ന് മാത്രമല്ല വേട്ടക്കാരെപ്പോലെ പിന്തുടരുകയും ചെയ്യുന്നു. ജെയ്ഷി എന്ന നേപ്പാള്‍ സ്വദേശി മാനസിക രോഗിയായതിനാലാണ് യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തി പൊലീസ് പിടിയിലാകുന്നത്. എന്നാല്‍ വിചാരണയ്ക്കുപോലും സാധ്യമല്ലാത്ത ഒരാളെ വിട്ടയയ്ക്കുകയോ കോടതി ആവശ്യപ്പെട്ട പ്രകാരം മാനിസാകാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാക്കുകയോ ചെയ്യാതെ നാല്പതുവര്‍ഷമാണ് ജയിലില്‍ അടച്ചത്. സുധാ ഭരദ്വാജിന്റെ കാര്യത്തില്‍ ജയില്‍വാസ കാലപരിധി മൂന്ന് വര്‍ഷത്തോളം മാത്രമാണെങ്കിലും ഹൈക്കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിട്ടും അതിനെതിരെ പരമോന്നത കോടതിയെ സമീപിക്കുകയാണ് എന്‍ഐഎ ചെയ്തത്. സാധാരണക്കാരോ സാമൂഹ്യ — മനുഷ്യാവകാശ പ്രവര്‍ത്തകരോ എന്ന വ്യത്യാസമില്ലാതെ ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും മറ്റുമെതിരായ നടപടികളില്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള ആഗോള ഏജന്‍സികള്‍ രംഗത്തുവരാറുണ്ട്. കശ്മീരിലെ നാലു മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയും മാധ്യമസ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തതിനും ഭീകര ബന്ധമാരോപിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ഖുറം പര്‍വേസിനെതിരായ നടപടിക്കും എതിരെ കടുത്ത വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ വിഭാഗം രംഗത്തുവന്നിരുന്നു. എന്നാല്‍ തെറ്റായ സമീപനങ്ങള്‍ ഉണ്ടാകുമ്പോള്‍ തിരുത്തുവാനുള്ള ശ്രമങ്ങളല്ല, ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭയെ അപഹസിക്കുന്ന രീതിയിലുള്ള പ്രതികരണമാണ് രാജ്യത്തെ ഭരണാധികാരികളില്‍ നിന്നും ഉണ്ടായത്. ഇത്തരം നിലപാടുകളാണ് അന്വേഷണ ഏജന്‍സികള്‍ക്ക് പ്രചോദനമാകുന്നത്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.