28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 23, 2025
April 21, 2025
April 19, 2025
April 18, 2025
April 17, 2025
April 13, 2025
April 12, 2025
April 12, 2025
April 10, 2025

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ്, ലാക്റ്റേഷൻ മാനേജ്മെന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

അശാസ്ത്രീയ സമീപനങ്ങൾക്കെതിരെ ശക്തമായ നിയമനടപടി: മന്ത്രി വീണാ ജോർജ്
Janayugom Webdesk
കോഴിക്കോട്
April 13, 2025 10:55 am

പ്രസവുമുൾപ്പെടെയുള്ള ആരോഗ്യ സാഹചര്യങ്ങളിൽ അശാസ്ത്രീയവും തെറ്റായതുമായ സമീപനങ്ങൾ കൈകൊണ്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോർജ്. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ സ്ഥാപിച്ച ഓക്സിജൻ പ്ലാന്റ്, ലാക്റ്റേഷൻ മാനേജ്മെന്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രസവത്തിലെ മാതൃമരണ നിരക്കിൽ ദേശീയ ശരാശരി 27 ആണ്. ഏതാനും വർഷങ്ങൾ കൊണ്ട് അത് ആറ് ആകണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലും കേരളത്തിൽ 4.3 എന്ന അഭിമാന നേട്ടമാണ് സാധ്യമാക്കിയത്. ഇതിനെതിരെ നിലകൊള്ളുന്ന പിന്തിരിപ്പൻ നയങ്ങളെ ഗൗരവത്തിലെടുക്കും, മന്ത്രി പറഞ്ഞു. ഇത്തരം പ്രവണതകളെ കുറ്റകൃത്യമായി തന്നെ കണക്കാക്കുമെന്നും ആ നിലയിലുള്ള നിയമ നടപടികൾ കൈക്കൊള്ളും. മലപ്പുറത്തെ സംഭവത്തിൽ മണിക്കൂറുകളോളം ചോര വാർന്ന് കിടന്നിട്ടും ആവശ്യമായ പരിരക്ഷ നിഷേധിച്ചത് മനപ്പൂർവമുള്ള നരഹത്യയായി കണക്കിലെടുക്കും. അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ സംരക്ഷിക്കുക പരമപ്രധാനമാണെന്നും മന്ത്രി പറഞ്ഞു. 567 കോടി രൂപ ചെലവിൽ കോഴിക്കോട് സ്ഥാപിക്കുന്ന സംസ്ഥാന അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന് ഭരണാനുമതിയായതാണ്. സമീപ കാലത്ത് തന്നെ അത് യാഥാർത്ഥ്യമാകുമെന്നും മന്ത്രി അറിയിച്ചു. 

വിവിധങ്ങളായ കാരണങ്ങളാൽ ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്ന നേരത്തേ ജനിക്കുന്ന കുഞ്ഞുങ്ങൾ, ഭാരം കുറഞ്ഞതും രോഗികളുമായ കുഞ്ഞുങ്ങൾ തുടങ്ങി അമ്മയുടെ പാൽ ലഭിക്കാതെ പോകുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ലഭ്യത ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണ് ലാക്റ്റേഷൻ മാനേജ്മെന്റ് യൂണിറ്റ് സ്ഥാപിക്കുന്നത് വഴി യാഥാർത്ഥ്യമാകുന്നത്. അമ്മയുടെ സ്വന്തം മുലപ്പാൽ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഇവിടെ സൗകര്യമൊരുങ്ങും. ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ ഭാഗമായി 2022 — ’23 വർഷം അംഗീകാരം നൽകിയ 7,27,548 രൂപയുടെ നിർമ്മാണ പ്രവർത്തികളും 8,33,942 രൂപയുടെ ഉപകരണങ്ങളും ഫർണിച്ചറുകളും ഉൾപ്പെടെ ആകെ 15,61,491 രൂപ ചെലവിലാണ് യൂണിറ്റ് സ്ഥാപിതമാവുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി 2020 — 21 ൽ അംഗീകാരം നൽകിയ 58.1 ലക്ഷം ചെലവിലാണ് ഓക്സിജൻ പ്ലാനിന്റെ നിർമാണം പൂർത്തിയാക്കിയത്. എച്ച് എൽ എൽ കെയർ ലിമിറ്റഡാണ് രണ്ട് യൂണിറ്റുകളുടെയും നിർമ്മാണ പ്രവർത്തികൾ നടത്തിയത്. 

കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് വിതരണ സംവിധാനത്തിലൂടെ ആശുപത്രിയുടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ട ഓക്സിജൻ, നൈട്രസ് ഓക്സൈഡ്, മെഡിക്കൽ എയർ തുടങ്ങിയ വാതകങ്ങളുടെ വിതരണത്തിനുള്ള ശ്യംഖല യാഥാർഥ്യമാകും. കേന്ദ്രീകൃത വാതക സ്രോതസും ആശുപതിയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള വിതരണ പൈപ്പ്ലൈനും രോഗി പരിചരണ മേഖലകളിലേക്കുള്ള ഔട്ട് ലെറ്റ് സ്റ്റേഷനുകളും വിതരണ സംവിധാനത്തിലെ തടസ്സങ്ങൾ സമയോചിതമായി അറിയിക്കുന്ന അലാറം സംവിധാനങ്ങളും അടങ്ങുന്നതാണ് പ്ലാൻ്റ് വഴി സാധ്യമാകുന്ന വിതരണ ശ്യംഖല. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ ഷാജി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പിപി പ്രമോദ് കുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം സുജാത, ആർഎംഒ ഡോ. എ പി ബിന്ദു ബി കെ പ്രേമൻ, പി ഉഷാദേവി, വി മുഹമ്മദ് റാസിഖ്, അഡ്വ. പിഎം ഹനീഫ, കെ എം അബ്ദുൽ മനാഫ് സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.