പി ചിത്രന്‍ നമ്പൂതിരിപ്പാട്… കേരളത്തിലെ പ്രസിദ്ധ ജന്മി കുടുംബമായ പകരാവൂർ മനയിലാണ് അദ്ദേഹത്തിന്റെ ജനനം. കൃഷ്ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകനായി 1920 ജനുവരി മാസത്തിൽ (1095 ധനുമാസം) ഭരണി നാളിലാണ് അദ്ദേഹം ഭൂജാതനായത്. വളരെ കർശനമായ വൈദികപാരമ്പര്യത്തില്‍ ബാല്യകൗമാരങ്ങൾ. ഉപനയനത്തിനുശേഷം നിഷ്കർഷയോടെയുള്ള സാമവേദ പഠനം. ബാഹ്യബന്ധങ്ങളില്ലാതെ ഗുരുകുല സമ്പ്രദായത്തിലായിരുന്നു അത്. മൂത്തജ്യേഷ്ഠനും വൈദികനുമായ കൃഷ്ണൻ സോമയാജിപ്പാടിന്റെ ശിക്ഷ്യത്വം വേദപഠനത്തിൽ മാത്രമല്ല ജീവിതത്തില്‍ പാലിക്കേണ്ട ചിട്ടകളിലേക്കും നിഷ്ഠകളിലേക്കും കടന്നു.
പില്‍ക്കാലത്ത് ജീവിതത്തിലും ഔദ്യോഗിക രംഗത്തും ഉന്നതങ്ങളിലെത്താൻ അദ്ദേഹത്തെ സഹായിച്ചത് കൗമാരത്തിൽ സ്വായത്തമാക്കിയ ആ കൃത്യനിഷ്ഠയും ജീവിതശൈലിയുമാണെന്ന് കാണാം. വേദപഠന കാലത്ത് മൂക്കോല ഭഗവതി ക്ഷേത്രത്തിൽ കുളിച്ചു തൊഴുന്നത് ഒഴിവാക്കാനാവാത്ത ദിനചര്യയാണ്. അക്കാരണത്താൽ തന്നെ വിദൂരയാത്രകൾ ഒഴിവാക്കാറാണ് പതിവ്. അപൂർവ്വമായ സസ്യങ്ങളുള്ള നൂറ്റാണ്ടുകളായി വളർന്നു പന്തലിച്ചു നിൽക്കുന്ന വൃക്ഷോദ്യാനം മൂക്കോല ക്ഷേത്രത്തിനു മാത്രം അവകാ ശപ്പെട്ടതാണ്. ലോകം മുഴുവൻ ചുറ്റിവരുമ്പോഴും മൂക്കോല ഭഗവതിക്ഷേത്രം അദ്ദേഹത്തെ കർമ്മോത്സുകനാക്കുന്നു. വയസ് നൂറ് കടന്നപ്പോഴും മൂക്കോലയിലേക്കുള്ള ഒരു പരിപാടിയും അദ്ദേഹം ഒഴിവാക്കിയില്ല.
സമാവർത്തനം പൂർത്തികരിക്കുന്നതോടെ മാത്രമേ പുറംലോകവുമായി വേദവിദ്യാർത്ഥി ബന്ധപ്പെടുന്നുള്ളൂ. അക്കാലത്തെ സമ്പ്രദായമനുസരിച്ച് ഔപചാരിക വിദ്യാഭ്യാസം നമ്പൂതിരി സമുദായത്തിൽ പതിവില്ല. സാമ്പത്തിക സൗകര്യമുള്ളതുകൊണ്ടും പുരോഗമന ചിന്താഗതി മനയ്ക്കലേക്ക് കടന്നു വന്നതുകൊണ്ടും അദ്ദേഹത്തെ സ്കൂളിലയച്ച് പഠിപ്പിക്കാൻ തീരുമാനിച്ചു. പൊന്നാനി എ വി ഹൈസ്കൂളിലും ചാവക്കാട് ബോർഡ് സ്കൂളിലുമായാണ് സെക്കന്‍ഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അക്കാലത്ത് നമ്പൂതിരി കുട്ടികളെ കോളജിലേക്കയച്ചു പഠിപ്പിക്കുന്നതു തന്നെ വിരളമായിരുന്നു. ഉയർന്ന മാർക്കുവാങ്ങി പാസായതിനാൽ ചിത്രന്‍ നമ്പൂതിരിപ്പാടിനെ കോളജിൽ ചേർത്തു പഠിപ്പിക്കാൻ തീരുമാനമായി. തൃശൂർ സെന്റ് തോമസ് കോളജിൽ.
പഠനം തുടങ്ങിയതോടെ ഉത്പതിഷ്ണുക്കളായ വിദ്യാർത്ഥികളുമായി ഉണ്ടായ ചങ്ങാത്തമാണ് കമ്മ്യൂണിസ്റ്റ് ആശയഗതിക്കാരനാവുന്നതില്‍ ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ പ്രേരണ. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ തീച്ചൂളയില്‍ പിറവികൊണ്ട വിദ്യാർത്ഥി ഫെഡറേഷന്റെ (എഐഎസ്‍എഫ്) ഭാഗമായി അങ്ങനെ മാറുകയായിരുന്നു. പിന്നിട് തൃശൂരിലെ എംപി ആയിമാറിയ സി ജനാർദ്ദനൻ, എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട ടി കെ കൃഷ്ണൻ, സിനിമാരംഗത്തെ പ്രതിഭയായ പി ഭാസ്കരൻ തുടങ്ങിയവരായിരുന്നു അന്ന് എഐഎസ്‍എഫിൽ ചിത്രന്‍ നമ്പൂതിരിപ്പാടിനൊപ്പം പ്രവർത്തിച്ചിരുന്നവർ. രണ്ടാം ലോകമഹായുദ്ധത്തിൽ കമ്മ്യൂണിസ്റ്റുകാർ ബ്രിട്ടനെ പിന്തുണക്കുന്നതിനെ സംബന്ധിച്ച് വലിയ ചർച്ചകൾ നടക്കുന്ന കാലമായിരുന്നു അത്. വിദ്യാർത്ഥികൾക്കിടയിലും ഇത് വലിയ ആശയ പ്രതിസന്ധി സൃഷ്ടിച്ചു. ഈയൊരു പശ്ചാത്ത ലത്തിലാണ് എഐഎസ്‍എഫിന്റെ സംസ്ഥാന സമ്മേളനം തൃശൂർ ടൗൺഹാളിൽ വച്ച് 1942 ജനുവരി 24, 25 തിയതികളിൽ നടത്തുവാൻ തീരുമാനിച്ചത്. ചിത്രൻ നമ്പൂതിരി പാടായിരുന്നു സ്വാഗതസംഘം അധ്യക്ഷൻ. സമ്മേളനത്തിൽ അധ്യക്ഷത വഹിക്കാൻ നിയോഗിച്ചത് പാർവതി കുമാരമംഗലത്തെയായിരുന്നു. ഇംഗ്ലണ്ടിൽ നിന്ന് പഠിച്ചു കഴിഞ്ഞെത്തിയ പാർവതി മദ്രാസ് വിദ്യാഭ്യാസ മന്ത്രി ഡോ. സുബ്ബരായന്റെ മകൾ എന്ന രീതിയിലും പ്രശസ്തയായിരുന്നു.
ജനുവരി 24ന് ചിത്രൻ നമ്പൂതിരിപ്പാട് സ്വാഗതം പറഞ്ഞതോടെയാണ് സമ്മേളനം ആരംഭിച്ചത്. രണ്ടാം ലോക മഹായുദ്ധഭൂമിയായ യൂറോപ്പിൽ നിന്നും വരുന്ന പാർവതി, യുദ്ധത്തിന്റെ ഓരോ ഘട്ടങ്ങളെക്കുറിച്ചും പ്രത്യേകിച്ച് ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചതിനുശേഷമുള്ള സ്ഥിതി വിശേഷങ്ങളെ കുറിച്ചും ഗംഭീരമായി പ്രസംഗിച്ചു. ബ്രിട്ടന്റെ യുദ്ധസംരംഭങ്ങൾക്ക് നിരുപാധിക പിന്തുണ നൽകണമെന്ന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടത് രണ്ടു ചേരികളെ സൃഷ്ടിച്ചു. കമ്മ്യൂണിസ്റ്റ് അനുകൂലികൾക്ക് ഭൂരിപക്ഷമുണ്ടായിരുന്നതിനാൽ പ്രമേയം പാസായി. എതിർപക്ഷക്കാർ സമ്മേളനം ബഹി ഷ്ക്കരിച്ച് പുറത്തു പോയി. പ്രക്ഷുബ്ധമായ സമ്മേളനത്തിൽ പ്രമേയം പാസാക്കുന്നതിനായി ചിത്രൻ നമ്പൂതിരിപ്പാടിന് അക്ഷീണം പ്രവർത്തിക്കേണ്ടിവന്നു. അതോടെ എഐഎസ്എഫിന്റെ സമുന്നത നേതാവായി അദ്ദേഹം മാറുകയും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.
തൃശൂരിലെ സെന്റ് തോമസ് കോളജ് പഠനകാലത്ത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിനാണ് കൂടുതല്‍ സമയം ചെലവഴിച്ചത്. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, എറണാകുളം എന്നീ സ്ഥലങ്ങളില്‍ മീറ്റിങ്ങുകളിലും വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിനുമായി ധാരാളം യാത്രചെയ്യേണ്ടി വന്നു. അത് സ്വാഭാവികമായും കോളജ് പഠനത്തെ ബാധിച്ചു. ബിഎ ഒന്നാം വർഷാവസാനത്തോടെ ഹാജര്‍ കുറവായതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് പ്രിൻസിപ്പാൾ പാലോക്കാരൻ അച്ചന്‍ അറിയിച്ചതോടെ തുടർന്ന് എന്തു ചെയ്യണമെന്ന ചിന്തയായി. ഒരു വർഷം നഷ്ടപ്പെടുമെന്നുറപ്പായപ്പോഴാണ്‍ മദ്രാസ് പച്ചയ്യപ്പാസ് കോളജിൽ ബിഎ ഓണേഴ്സ് ധനശാസ്ത്രത്തിനു ചേർന്നു പഠിക്കാന്‍ തീരുമാനിച്ചത്.
മദ്രാസിൽ നിന്ന് പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹത്തിനു മുന്നില്‍ ഭാവി ജീവിതത്തെക്കുറിച്ച് പല ആശയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസരംഗം തന്റെ കർമ്മമണ്ഡലമാക്കാനാണ് തീരുമാനിച്ചത്. ഗ്രാമപ്രദേശമായ മൂക്കോലയിൽ ഒരുസ്കൂള്‍ സ്ഥാപിക്കാനാണ് അദ്ദേഹം തയ്യാറെടുത്തത്. ഒന്ന് മുതൽ ഏഴ് ക്ലാസുവരെയുള്ള സ്കൂളിന് അനുമതി കിട്ടിയതോടെ 1946 ജൂൺ മാസത്തിൽ സ്കൂള്‍ പ്രവർത്തനമാരംഭിച്ചു. രണ്ടുവർഷം കൊണ്ട് പത്താം ക്ലാസ് വരെയുളള ഹൈസ്കൂളായി ഉയർത്താൻ കഴിഞ്ഞു. മൂക്കോല, പള്ളിക്കല്‍, ആലംകോട്, കോക്കൂർ എന്നിവിടങ്ങളില്‍ നിന്ന് പത്തുപതിനഞ്ച് കിലോമീറ്റർ നടന്ന് സ്കൂള്‍ പഠനം നടത്തിക്കൊണ്ടിരുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം മൂക്കോല സ്കൂള്‍ ഒരനുഗ്രഹമായിരുന്നു. ഹൈസ്കൂള്‍ അധ്യപകനാകാൻ ബിടി കഴിയണമെന്നതുകൊണ്ട് കോഴിക്കോട് അധ്യാപക ട്രെയിനിങ് കോളജ് ആരംഭിച്ചപ്പോൾ കോഴ്സ് പൂർത്തിയാക്കി ചിത്രൻ നമ്പൂതിരിപ്പാട് അധ്യാപകനായി. കോഴിക്കോട് ബിടി പഠനവേളയില്‍ സഹപാഠിയായി അദ്ദേഹത്തോടൊപ്പം സുകുമാര്‍ അഴിക്കോടും ഉണ്ടായിരുന്നു. പിൽക്കാത്ത് ചിത്രൻ നമ്പൂതിരിപ്പാടും സുകുമാർ അഴിക്കോടും താമസത്തിനായി തൃശൂർ നഗരം തിരഞ്ഞെടുത്തു.
മൂക്കോല ഹൈസ്കൂളിന്റെ മാനേജരായിരിക്കെ ഹെഡ്മാസ്റ്റർ ചുമതലയും ബാലാരിഷ്ടതകൾ പരിഷ്കരിച്ച് സ്ഥാപനം ദ്രുതഗതിയിൽ വളർത്തിയതും അദ്ദേഹത്തിന്റെ മികവ് ഒന്നുകൊണ്ടാണ്. ഐക്യ കേരള പിറവിയെ തുടർന്ന് കേരള സംസ്ഥാനം നിലവിൽ വന്നു. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഇഎംഎസ് മന്ത്രിസഭ അധികാരത്തിലെത്തി. സെന്റ് തോമസ് കോളജിൽ പഠിക്കുമ്പോൾ അധ്യാപകനായിരുന്ന ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായി. അന്നും വിദ്യാഭ്യാസം കച്ചവട മേഖല തന്നെയായിരുന്നു അന്നും. സ്വകാര്യ സ്കൂളുകൾ ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചപ്പോൾ പല സ്കൂൾ മാനേജർമാരും വലിയ തുകയ്ക്ക് സ്കൂളുകൾ സർക്കാരിനു വിറ്റു. സ്കൂളിന്റെ വളർച്ചയ്ക്കും നാടിന്റെ അഭിവൃദ്ധിക്കും സ്കൂൾ സർക്കാരിന് കൈമാറുന്നതാണ് നല്ലതെന്ന് മാനേജരായ ചിത്രൻ നമ്പൂതിരിപ്പാട് വീട്ടുകാരുമായി ആലോചിച്ച് ഒരു തീരുമാനമെടുത്തു. ഒരു രൂപ പ്രതിഫലം നിശ്ചയിച്ച് മൂക്കോല സ്കൂൾ സർക്കാരിന് കൈമാറാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. കേരളത്തിൽ അതിനു മുമ്പും പിമ്പും അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇവിടെയാണ് ചിത്രൻ നമ്പൂതിരിപ്പാടെന്ന വലിയ മനുഷ്യനെ നാം തിരിച്ചറിയുന്നത്. മൂക്കോല സ്കൂൾ ഹയർസെക്കൻഡറി സ്കൂളായി വികസിക്കുകയും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന സ്കൂളുകളിലൊന്നായി അത് ഇടം പിടിക്കുകയും ചെയ്തു. ജനങ്ങളും സർക്കാരും കൂടിച്ചേർന്ന് ആ സ്കൂളിനെ പി ചിത്രൻ നമ്പൂതിരിപ്പാട് ഹയർസെക്കൻഡറി സ്കൂൾ എന്ന് അദ്ദേഹം ജീവിച്ചിരിക്കെ തന്നെ നാമകരണം ചെയ്തു.
സി അച്യുതമേനോൻ, ഇ എം എസ് നമ്പൂതിരിപ്പാട്, സി എച്ച് മുഹമ്മദ് കോയ തുടങ്ങി കേരളം കണ്ട പ്രഗത്ഭമതികളായ ഭരണകർത്താക്കൾക്കൊപ്പമാണ് അദ്ദേഹം ഔദ്യോഗിക രംഗത്ത് പ്രവർത്തിച്ചിട്ടുള്ളത്. അവരുടെ സ്നേഹവും വിശ്വാസവും നേടിയെടുക്കാൻ തക്ക പ്രാഗത്ഭ്യവും സത്യസന്ധതയും മനുഷ്യസ്നേഹവും അദ്ദേഹത്തിൽ സമൃദ്ധമായിട്ടുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്ത് സമൂലമായി പരിഷ്കരണം നടത്തുന്ന പല സംരംഭങ്ങളിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് നിസംശയം പറയാം. ഔദ്യോഗിക ജീവിതം നയിച്ചവർക്ക് വിരമിക്കൽക്കാലം വിശ്രമിക്കാനുള്ളതായാണ് കരുതപ്പെടുന്നത്. എന്നാൽ ചിത്രൻ നമ്പൂതിരിപ്പാട് കൂടുതൽ കർമ്മോത്സുകനും ഉത്തരവാദിത്ത ജോലികൾ ഏറ്റെടുക്കുന്നതും പെൻഷൻ പറ്റിയതിനു ശേഷമുള്ള കാലത്താണ് എന്നതാണ് മറ്റൊരു പ്രത്യേകത. പെൻഷൻകാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി സംസ്ഥാന സംഘടന രൂപീകരിച്ചപ്പോൾ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത് ചിത്രൻ നമ്പൂതിരിപ്പാടിനെയാണ്.
ചിത്രൻ നമ്പൂതിരിപ്പാട് ചെയ്തു തീർത്തതും നൂറ്റിനാലാം വയസില്‍ മരണം എത്തുന്നതുവരെ അദ്ദേഹം ചെയ്ത കർമ്മങ്ങൾ ഒരു മനുഷ്യായുസിൽ ചെയ്തു തീർക്കാൻ കഴിയുന്ന കാര്യങ്ങളല്ല, അദ്ദേഹത്തിന്റെ വിപുലമായ അനുഭവജ്ഞാനവും ലോകസഞ്ചാരവും അദ്ദേഹത്തിന് ശക്തി പകർന്നിട്ടുണ്ടാകണം. അദ്ദേഹം സഞ്ചരിക്കാത്ത ലോകരാഷ്ട്രങ്ങളില്ല എന്നു തന്നെ പറയാം. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ നടത്തിയ യാത്രകളെക്കുറിച്ചൊന്നും അദ്ദേഹം വാചാലനാകാറില്ല. അദ്ദേഹത്തിനു പ്രിയം ഹിമാലയ യാത്രകളാണ്. 2018 ഒക്ടോബറിൽ അദ്ദേഹം നടത്തിയ 28-ാമത്തെ ഹിമാലയ യാത്രയിൽ ഈ ലേഖകനും കൂടെ ഉണ്ടായിരുന്നു. മനുഷ്യസ്പർശമേൽക്കാത്ത ഉത്തുംഗമായ ഗിരിശൃം ഗങ്ങളും ഹിമവൽ മടിത്തട്ടിൽ നിന്ന് ഒഴുകിവരുന്ന യമുനാനദികളുടെ ഉത്ഭവ കേന്ദ്രങ്ങളും എത്ര കണ്ടാലും മതിവരില്ലെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നു. ആ സാത്വിക സാന്നിധ്യം തീർത്ഥാടകർക്ക് പകർന്നു നൽകുന്ന ശക്തിചൈതന്യം അവാച്യമാണ്. ചിത്രൻ നമ്പൂതിരിപ്പാടിനെ കുറിച്ചെഴുതുന്നതുതന്നെ ഒരു ആത്മീയാനുഭൂതിയാണ്. ഭക്തിയുടെ നിറക്കൂട്ടിൽ ചാലിച്ചല്ലാതെ ഒരു വാക്കുപോലും എഴുതാൻ വയ്യ. വിദ്യാർത്ഥികളായിരിക്കെ കോഴിക്കോട്ട് ബിടി പഠനവേളയിൽ ഒരു ബഞ്ചിലിരുന്ന പഠിച്ച സതീർത്ഥ്യനായ സുകുമാർ അഴീക്കോട്, ചിത്രൻ നമ്പൂതിരിപ്പാടിനെ കുറിച്ചെഴുതിയ വാക്കുകൾ സ്മരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. — ‘ജീവിതത്തിൽ നീണ്ടപാതയിലൂടെ നടന്നുപോകുന്ന മനുഷ്യരുടെ ഇടയിൽ വഴിയോരത്ത രത്നഖനികൾ കണ്ടെത്തുകയും കൂടെ സഞ്ചരിക്കുവാൻ നക്ഷത്രങ്ങളെ ലഭിക്കുകയും ചെയ്തവർ ദുർലഭമായിരിക്കും. എന്റെ ജീവിതയാത്രയ്ക്കിടയിൽ ചില നക്ഷത്രങ്ങളോടൊത്ത് സഞ്ചരിക്കുവാൻ ഭാഗ്യമുണ്ടായിട്ടുണ്ട് അതിൽ ഒരു വ്യക്തിയാണ് ശ്രീ ചിത്രൻ നമ്പൂതിരിപ്പാട്.…’
English Sammury: P Chitran Namboothiripad- Memoir By Adv.E Rajan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.