കേരളത്തിൽനിന്ന് ഒഴിവു വന്ന സീറ്റുകളിലേക്ക് പി സന്തോഷ് കുമാർ (സിപിഐ), എ എ റഹിം (സിപിഐ (എം)), ജെബി മേത്തർ (കോൺഗ്രസ്) എന്നിവർ എതിരില്ലാതെ രാജ്യസഭയിലേക്ക്. വോട്ടെടുപ്പ് ഇല്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ വൈകിട്ട് മൂന്നിനുശേഷം ഇവരെ തെരഞ്ഞെടുത്തതായി അംഗീകരിക്കാമെന്ന് വരണാധികാരി നിയമസഭാ സെക്രട്ടേറിയറ്റിലെ അഡീഷണൽ സെക്രട്ടറി കവിതാ ഉണ്ണിത്താൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. അന്തിമ പ്രഖ്യാപനം നടത്തുക തെരഞ്ഞെടുപ്പ് കമ്മിഷനാണ്.
സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ് അഡ്വ. പി സന്തോഷ് കുമാർ. കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവുമാണ്. എഐവൈഎഫ് ദേശീയ പ്രസിഡന്റും ജനറൽ സെക്രട്ടറിയും സിപിഐ ദേശീയ കൗൺസിൽ അംഗവുമായിരുന്നു. സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമാണ് അഡ്വ. എ എ റഹീം. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ജെബി മേത്തർ.
കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ എ കെ ആന്റണി, കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തില്‍ ഒഴിവ് വന്ന സീറ്റുകളിലേക്കാണ് ഇവർ നാമനിര്‍ദേശ പത്രിക നല്‍കിയത്. മൂന്ന് ഒഴിവിലേക്ക് നാലു പേർ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. സ്വതന്ത്രനായി സേലം സ്വദേശി ഡോ. കെ പത്മകുമാർ നൽകിയ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളി. തെരഞ്ഞെടുക്കപ്പെട്ടവർക്ക് രാജ്യസഭാംഗമായി സത്യപ്രതിജ്ഞയ്ക്കുള്ള സാക്ഷ്യപത്രം തെരഞ്ഞെടുപ്പ് കമ്മിഷൻ കൈമാറും.
English Summary:P Santhosh Kumar, AA Rahim and JB Mather to the Rajya Sabha
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.