രാജ്യസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയതിന് കേന്ദ്രമന്ത്രി ജെ പി നഡ്ഡക്കെതിരെ സിപിഐ നേതാവ് പി സന്തോഷ് കുമാർ എംപി അവകാശലംഘന നോട്ടീസ് നൽകി. നാഷണൽ ഹെൽത്ത് മിഷന്റെ കീഴില്‍ കേരളത്തിന് നൽകാനുള്ള എല്ലാ കുടിശികയും കേന്ദ്ര സർക്കാർ നൽകിയെന്ന് 2025 മാർച്ച് 11‑ന് സഭയിലെ നടപടികൾക്കിടെ നഡ്ഡ അവകാശപ്പെടുകയും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തതിന് കേരള സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു. കേരള സർക്കാർ 2024 നവംബർ 16‑ന് ആവശ്യമായ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് ഇതിനകം സമർപ്പിച്ചിരുന്നതിനാൽ ഈ പ്രസ്താവന വസ്തുതാപരമായി തെറ്റായിരുന്നു.
ഏകദേശം 100 കോടി രൂപ ആശാ വർക്കർമാർക്കായി നീക്കിവെച്ചതടക്കം 636.88 കോടി രൂപയിൽ കൂടുതൽ കുടിശികയായി അവശേഷിക്കുന്നുണ്ട്. സുപ്രധാന ഫണ്ടുകൾ വൈകിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രമന്ത്രി ഒഴിഞ്ഞുമാറുകയാണെന്ന് പി സന്തോഷ് കുമാർ പറഞ്ഞു. ഈ നടപടി പാർലമെന്ററി ഉത്തരവാദിത്തങ്ങളുടെ ലംഘനം മാത്രമല്ല, മുൻനിര ആരോഗ്യ പ്രവർത്തകരുടെ അവശ്യങ്ങള്‍ തടസ്സപ്പെടുത്തി പൊതുജനങ്ങളുടെ ക്ഷേമത്തെ അപകടത്തിലാക്കുകയും ചെയ്യുന്നതാണ്. യഥാർത്ഥ ആവശ്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന നടപടികൾ പ്രതിഷേധാർഹമാണ്. വിഷയം വിശദമായ അന്വേഷണത്തിനായി അവകാശലംഘന സമിതിക്ക് കൈമാറാണന്നും അദ്ദേഹം രാജ്യസഭാ ചെയർമാനോട് ആവശ്യപ്പെട്ടു. ആരോഗ്യ സംരക്ഷണവും മറ്റ് അവശ്യ സേവനങ്ങളും കുറഞ്ഞത് കക്ഷി രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറം നിലനിർത്തണം. കേരളത്തിന്റെ അവകാശപ്പെട്ട കുടിശിക കൂടുതൽ കാലതാമസമില്ലാതെ കേന്ദ്ര സർക്കാർ നൽകണമെന്നും പി. സന്തോഷ് കുമാർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.