19 December 2025, Friday

Related news

December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025
June 18, 2025

പഹൽഗാം: വെറുപ്പ് പ്രചരിപ്പിക്കുന്നവരോടും സന്ധി പാടില്ല

Janayugom Webdesk
April 25, 2025 5:00 am

കശ്മീരിലെ പഹൽഗാമിൽ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുകയാണ്. ഇത് പരസ്പരം പഴിചാരാനുള്ളതല്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ പക്വതയോടെയുള്ള പ്രതികരണങ്ങളാണ് ഭൂരിഭാഗം പേരിൽ നിന്നും ഉണ്ടായത്. കശ്മീരിന്റെ സുരക്ഷാ ഉത്തരവാദിത്തം കേന്ദ്ര ഭരണാധികാരികൾക്കാണ് എന്നതിനാൽ ചില വീഴ്ചകൾ സംബന്ധിച്ച് വിമർശനങ്ങൾ ഉന്നയിക്കപ്പെട്ടെങ്കിലും ആത്യന്തികമായി ഒരുമയുടെ പ്രതികരണമാണ് പൊതുവായുണ്ടായത്. പക്ഷേ പുര കത്തുമ്പോൾ വാഴവെട്ടുകയെന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കിയുള്ള പ്രതികരണങ്ങളും സമീപനങ്ങളും ചിലരിൽ നിന്നുണ്ടാകുന്നു എന്നത് ഖേദകരവും പ്രതിഷേധാർഹവുമാണ്. പതിവുപോലെ സൈബർ ഇടങ്ങളിലെ വിദ്വേഷ പ്രചരണം വ്യാപകമാണ്. പേരില്ലാത്തതോ കള്ളപ്പേരുകളിലോ സമൂഹമാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെട്ട വിലാസങ്ങളിൽ നിന്ന് മാത്രമല്ല ഇത്തരം പ്രചരണങ്ങൾ ഉണ്ടായത്. ബിജെപിയുടെയും തീവ്ര ഹിന്ദുത്വ സംഘടനകളുടെയും ഉത്തരവാദപ്പെട്ടവരും പരസ്യമായി ഈ പ്രചരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തുവെന്നത് സംഗതിയുടെ ഗൗരവം വർധിപ്പിക്കുന്നു. പഹൽഗാമിലെ ഭീകരർ മനുഷ്യത്വരഹിതമായി കൂട്ടക്കൊല നടത്തിയപ്പോൾ അവലംബിച്ചതായി പ്രചരിക്കപ്പെട്ട രീതിയുടെ മറപിടിച്ച് പ്രത്യേക മതവിഭാഗത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നു. ബിജെപി എംപി നിഷികാന്ത് ദുബെ, വിശ്വഹിന്ദു പരിഷത്ത് ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദർ ജെയ്ൻ ഉൾപ്പെടെ പ്രമുഖർ വിദ്വേഷ പ്രചരണത്തിന്റെ മുന്നിൽ നിന്നു.

രാജ്യത്തെ ആഭ്യന്തര സംഘർഷങ്ങൾക്ക് കാരണം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്ന ആരോപണത്തിന്റെ തുടര്‍ച്ചയായാണ് നിഷികാന്ത് ദുബെയുടെ വിദ്വേഷ പരാമർശമുണ്ടായത്. ഭരണഘടനാപരമായി ന്യൂനപക്ഷ വിഭാഗങ്ങളിലെ പൗരന്മാർക്ക് ലഭ്യമാകുന്ന അവകാശങ്ങൾ റദ്ദാക്കണമെന്നായിരുന്നു നിഷികാന്ത് ദുബൈ ഉന്നയിച്ച ആവശ്യം. ന്യൂനപക്ഷങ്ങളുടെ മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും സാംസ്കാരിക, വിദ്യാഭ്യാസ അവകാശങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 26 മുതൽ 29 വരെയുള്ള അനുച്ഛേദങ്ങള്‍ റദ്ദാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഹിന്ദു, മുസ്ലിം എന്നിങ്ങനെ പേരുകളിൽ രാജ്യം വിഭജിക്കപ്പെട്ടപ്പോൾ, വോട്ട് ബാങ്കിനുവേണ്ടി ന്യൂനപക്ഷമാണെന്നുപറഞ്ഞ് മുസ്ലിങ്ങൾക്ക് കൂടുതൽ അവകാശങ്ങൾ നൽകി ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരാക്കിയവർ പഹൽഗാമിൽ നടന്ന കൊലപാതകം മതത്തിന്റെ അടിസ്ഥാനത്തിലാണോ അല്ലയോ എന്ന് പറയണമെന്നും അദ്ദേഹം സമൂഹമാധ്യമ പോസ്റ്റിൽ പറയുന്നു. ഒരു തീവ്രവാദിക്ക് മതമില്ലെന്ന് ചിലർ പറയുമ്പോൾ, ഭീകരന് തീർച്ചയായും ഒരു മതം ഉണ്ടെന്ന് വ്യക്തമാക്കിയ വിഎച്ച്പി നേതാവ് സുരേന്ദർ ജെയ്‌നും ഭീകരന്റെ മതം തിരയുകയും ആ വിഭാഗത്തിനെതിരെ വിദ്വേഷം വിതറുന്നതിന് ശ്രമിക്കുകയുമായിരുന്നു. പഹൽഗാം കൂട്ടക്കൊലയെ അപലപിച്ച പ്രമുഖ മലയാള ചലച്ചിത്ര നടൻ മോഹൻലാലിനെതിരെ പോലും മുൻകാല വൈരാഗ്യം മനസിൽവച്ച് സൈബറിടങ്ങളിൽ വേട്ടയുണ്ടായി. ഗുജറാത്ത് കലാപത്തിന്റെ നഗ്നയാഥാർത്ഥ്യങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന എമ്പുരാനെന്ന സിനിമയുടെ പേരിലാണ് അദ്ദേഹം വേട്ടയ്ക്കിരയാകുന്നത്. കശ്മീരിൽ നടന്ന സംഭവത്തിന്റെ പേരിൽ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും പഠിക്കുകയും താമസിക്കുകയും ചെയ്യുന്ന കശ്മീർ സ്വദേശികളെ പുറത്താക്കിയ വാർത്തകൾ ഡെറാഡൂൺ, പ്രയാഗ്‌രാജ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. ഹിന്ദു രക്ഷാദൾ പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകളാണ് ഈ നടപടിക്ക് പിന്നിൽ.

ഭീകരർ നടത്തിയ കൂട്ടക്കൊലയോ അത് നടത്തുമ്പോൾ അവലംബിച്ച രീതിയോ ആരും അംഗീകരിക്കുന്നില്ല. എന്നാൽ അതിന്റെ പേരിൽ പ്രത്യേക മതവിഭാഗത്തിനെതിരെ വെറുപ്പ് പടർത്തുന്നതും പൗരാവകാശങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതും മതേതര ഇന്ത്യയുടെ അടിസ്ഥാനഘടനയ്ക്കുനേരെയുള്ള വെല്ലുവിളിയാണ്. തീവ്ര ഹിന്ദുത്വ ശക്തികളുടെ പ്രാകൃതമായ അക്രമങ്ങളും കൊലകളും അരങ്ങുവാഴുമ്പോൾ, അവരെയല്ലാതെ അവരുൾപ്പെടുന്ന മതത്തെയാകെ ശത്രുക്കളായി പ്രഖ്യാപിച്ച മനോഭാവമായിരുന്നില്ല രാജ്യത്തെ പൗരന്മാരുടേത്. എന്നുമാത്രമല്ല ഭീകരർ നടത്തിയ കൊലയ്ക്കുശേഷം അവശേഷിച്ചവരുടെ മതം തെരഞ്ഞായിരുന്നില്ല പ്രദേശവാസികൾ സഹായിച്ചതെന്നതിന്റെ നിരവധി വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മകൾ നടത്തിയ അനുഭവവിവരണം ഉള്ളുലയ്ക്കുന്നതാണെങ്കിലും മതമില്ലാത്ത സ്നേഹത്തിന്റെ ഉറവ് വെളിപ്പെടുത്തുന്നതുകൂടിയായി. തന്നെ സഹായിച്ച രണ്ട് പേരുകൾ പറഞ്ഞുകൊണ്ട്, തനിക്ക് കശ്മീരിൽ രണ്ട് സഹോദരന്മാരെ ലഭിച്ചുവെന്നാണ് അവർ പറയുന്നത്. ഇത്തരത്തിൽ സഹായം ചെയ്ത നിരവധി ആളുകളെക്കുറിച്ച് സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട പലരും വെളിപ്പെടുത്തിയിട്ടുണ്ട്. ഭീകരരെ സധൈര്യം നേരിട്ട് മരണം വരിച്ച സയ്യിദ് ആദിൽ ഭീകരരുടെ മതമേതായാലും മനുഷ്യസ്നേഹത്തിന് മതമില്ലെന്നതിന്റെ തെളിവായാണ് നമുക്ക് മുന്നിൽ നിൽക്കുന്നത്. ഇത്തരത്തിൽ സ്നേഹത്തിന്റെ മകുടോദാഹരണങ്ങൾ നിൽക്കുമ്പോൾ ഭീകരതയോടെന്നതുപോലെ വെറുപ്പ് പ്രചരിപ്പിക്കുന്നവരോടും സന്ധിചെയ്യാൻ ആകില്ലതന്നെ. രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ മാനസികാവസ്ഥയാണ് പരിശോധനാ വിധേയമാക്കേണ്ടത്.

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.