
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനെതിരെ ഇരട്ട സാമ്പത്തിക പ്രഹരത്തിനൊരുങ്ങി ഇന്ത്യ. പാകിസ്ഥാനെ ആഗോള ഭീകര വിരുദ്ധ സാമ്പത്തിക ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ് ) ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുകയാണ് ആദ്യപടി. പിന്നാലെ അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ് ) പാകിസ്ഥാനുള്ള ധനസഹായ പാക്കേജിനെതിരെ എതിര്‍പ്പ് ഉന്നയിക്കാനും ഇന്ത്യ പദ്ധതിയിട്ടതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാകിസ്ഥാന്‍ ഭീകരവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ നടത്തുന്നത് രേഖകള്‍ സഹിതം എഫ്എടിഎഫിനെ ബോധിപ്പിച്ച് കരിമ്പട്ടിയില്‍ പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് വര്‍ഷത്തേയ്ക്ക് ഏഴ് ബില്യണ്‍ ഡോളര്‍ നല്‍കുന്ന ധനസഹായ പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഐഎംഎഫ് അന്തിമാനുമതി നല്‍കിയത്. ശേഷിക്കുന്ന ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് റദ്ദാക്കുന്നതിനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വഴിതിരിച്ചുവിട്ടതായി ചൂണ്ടിക്കാട്ടിയാവും ഇന്ത്യ മുന്നോട്ട് പോകുക. ഈമാസം നടക്കാനിരിക്കുന്ന ഐഎംഎഫ് ബോര്‍ഡ് യോഗത്തില്‍ വിഷയം അവതരിപ്പിക്കും.
തീവ്രവാദത്തിന് ധനസഹായം നല്‍കിയെന്ന കാരണത്താല്‍ 2018 ജൂണില്‍ എഫ്എടിഎഫ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് തീവ്രവാദ ധസഹായം തടയാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് കാട്ടി ഭീകര ക്യാമ്പുകളില്‍ പരിശോധനയും വ്യാപക അറസ്റ്റും തീവ്രവാദികളുടെ സ്വത്ത് കണ്ടുകെട്ടലും നടത്തി. മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചതോടെ 2022 ല്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ വ്യക്തമായ തെളിവുകള്‍ പ്രതിരോധ മന്ത്രാലയം ശേഖരിച്ചു കഴിഞ്ഞു. ഗ്രേ ലിസ്റ്റിലേക്ക് പാകിസ്ഥാന്‍ വീണ്ടും ഇടം പിടിക്കുന്നത് മൂലധന — വിദേശ നിക്ഷേപം ഗണ്യമായി ഇടിയാന്‍ ഇടവരുത്തും. ഇതോടെ പാകിസ്ഥാനില്‍ നിന്നുള്ള ധനസഹായം ഭീകര ഗ്രൂപ്പുകള്‍ക്ക് ലഭ്യമല്ലാതെ വരും. ഗ്രേ ലിസ്റ്റില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്താന്‍ അംഗരാജ്യങ്ങളുടെ സഹായവും വേണ്ടിവരും. ഇതിനുള്ള നീക്കം ന്യൂഡല്‍ഹി ഇതിനകം ആരംഭിച്ചു കഴിഞ്ഞു. അമേരിക്ക, ബ്രിട്ടണ്‍, സൗദി അറോബ്യ, യുഎഇ, ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മ്മനി,യുറോപ്യന്‍ യുണിയന്‍ തുടങ്ങിയ 23 അംഗരാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചു എന്ന വസ്തുത ഇന്ത്യക്ക് പ്രതീക്ഷ പകരുന്നതാണ്. 2024 ല്‍ എഫ്എടിഎഫ് പരസ്പര വിലയിരുത്തല്‍ റിപ്പോര്‍ട്ടില്‍ ഇന്ത്യക്ക് തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നുള്ള ഭീഷണി നിലനില്‍ക്കുന്നതായി ചൂണ്ടിക്കാട്ടിയതും ഇന്ത്യയ്ക്ക് പിടിവള്ളിയാക്കും. ജമ്മുകശ്മീരില്‍ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖ്വയ്ദ ഗ്രൂപ്പുകളുടെ സാന്നിധ്യം ഉള്ളതായി സംഘടന ചൂണ്ടിക്കാട്ടിയിരുന്നു. ഇതും പ്രതീക്ഷ നല്‍കുന്നതാണ്. സൈനികമായും സാമ്പത്തികമായും പാകിസ്ഥാനെ വരുതിയിലാക്കാനുള്ള തന്ത്രമാണ് രാജ്യതലസ്ഥാനത്തെ അണിയറയില്‍ പുരോഗമിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.