24 January 2026, Saturday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026

പഹൽഗാം ഭീകരാക്രമണം; 28 പേര്‍ കൊല്ലപ്പെട്ടതായി വിവരം, അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ

Janayugom Webdesk
ശ്രീനഗര്‍
April 22, 2025 8:37 pm

ജമ്മു കശ്മീരിലെ പഹൽഗാമില്‍ ഭീകരാക്രമണം. ഒരു മലയാളിയുള്‍പ്പെടെ 28 പേർ കൊല്ലപ്പെട്ടതായും 15 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. മരണനിരക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്‍ (68) ആണ് മരിച്ച മലയാളി. കുടുംബത്തോടൊപ്പം തിങ്കളാഴ്ചയാണ് രാമചന്ദ്രൻ കശ്മീരിലേക്ക് പോയത്. മറ്റു കുടുംബാം​ഗങ്ങൾ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. ഹൈദരാബാദ് സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മനീഷ് രഞ്ജന്‍, കര്‍ണാടക ശിവമോഗ സ്വദേശിയായ മഞ്ജുനാഥ്, കൊച്ചിയിലെ നേവി ഉദ്യോഗസ്ഥൻ ഹരിയാന സ്വദേശി ലെഫ്റ്റനന്റ് വിനയ് നർവാള്‍ എന്നിവരും മരിച്ചതായി വിവരം ലഭിച്ചു. രണ്ട് വിദേശികളും രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടതായും പൊലീസ് സ്ഥിരീകരിച്ചു. 

ബൈസരന്‍ പര്‍വത മേഖലയിലാണ് രാജ്യം നടുങ്ങിയ ആക്രമണം. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിലേറെയും. 2019ലെ പുൽവാമയ്ക്ക് ശേഷം രാജ‍്യത്ത് നടക്കുന്ന വലിയ ഭീകരാക്രമണമാണ് പഹൽഗാമിലേത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കര്‍ ഇ ത്വയ്ബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ആക്രമണം. ട്രക്കിങ്ങിനെത്തിയ വിനോദ സഞ്ചാരികൾക്കു നേരെ സൈനിക വേഷത്തില്‍ തോക്കുമായെത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണെന്ന് ചോദിച്ച ശേഷം വെടിയുതിർക്കുകയായിരുന്നു. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കൂ.

പരിക്കേറ്റവരെ തെക്കൻ കശ്മീരിലെ സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ജമ്മു കശ്മീർ ആരോഗ്യമന്ത്രി അറിയിച്ചു. സൈന്യം പ്രദേശം വളഞ്ഞ് ഭീകരര്‍ക്കായി പരിശോധന നടത്തിവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി. അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ നേതാക്കള്‍ അക്രമത്തെ അപലപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.