
പാകിസ്ഥാന്‍ വിപ്ലവ കവി ഫൈസ് അഹമ്മദ് ഫൈസിന്റെ ‘ഹം ദേഖേംഗേ’ എന്ന കവിത ആലപിച്ച സംഭവത്തില്‍ സംഘാടര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. വിപ്ലവകാരിയും നടനുമായിരുന്ന വീര്‍ സതിദാര്‍ അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ ഫൈസിന്റെ ഗാനം ആലപിച്ചത് രാജ്യദ്രോഹമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കവിതയിലെ തഖ്ത് ഹിലാനേ കി സറൂരത് ഹേ (ആ സിംഹാസനവും കടപുഴകും) എന്ന വരികള്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതാണെന്ന് ദത്താത്രേയ ഷിര്‍ക്കെ എന്നയാള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബിഎന്‍എസ് സെക്ഷന്‍ 152 പ്രകാരം രാജ്യദ്രേഹം, സമൂഹത്തില്‍ ശത്രുത വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളും സംഘാടര്‍ക്കും പ്രഭാഷകനുമെതിരെ ചുമത്തിയിട്ടുണ്ട്. 2021 ഏപ്രിലിലാണ് നടനും എഴുത്തുകാരും, മാധ്യമ പ്രവര്‍ത്തകനുമായിരുന്ന സതിദാര്‍ കോവിഡ് ബാധിച്ച് മരിച്ചത്. എല്ലാ വര്‍ഷവും ഏപ്രില്‍ 13ന് നടത്തിവരുന്ന അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഫൈസ് അഹമ്മദിന്റെ കവിത ആലപിച്ചത്.
വ്യക്തികള്‍ക്കെതിരെ അനാവശ്യമായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് നാഗ്പൂര്‍ പൊലീസ് കവിത ആലപിച്ചതിന്റെ പേരില്‍ സംഘാടര്‍ക്കും പ്രഭാഷകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 2022 മേയിലാണ് പരമോന്നത കോടതി രാജ്യദ്രോഹക്കുറ്റം അനാവശ്യമായി ആര്‍ക്കെതിരെയും ചുമത്തരുതെന്ന് ഉത്തരവിട്ടത്. തുടര്‍ന്ന് സമാന വിഷയത്തില്‍ നടന്നിരുന്ന എല്ലാ വിചാരണകളും നിര്‍ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ഏതാനും ദിവസം മുമ്പ് കേരളത്തില്‍ നിന്നുള്ള സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍ റിജാസിനെതിരെയും നാഗ്പൂര്‍ പൊലീസ് രാജ്യദ്രേഹക്കുറ്റം ചുമത്തിയിരുന്നു. മഹായുതി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് കരിനിയമം ഉപയോഗിച്ച് മനുഷ്യാവകാശ സംഘടനകളെയും സന്നദ്ധ പ്രവര്‍ത്തകരെയും, രാഷ്ട്രീയ എതിരാളികളെയും വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസുകളില്‍ പ്രതികളാക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി ആരോപണം ശക്തമായിട്ടുണ്ട്.
സിയാഉൽ ഹഖിന്റെ ഏകാധിപത്യ നിലപാടുകളെ നഖശിഖാന്തം എതിത്തിരുന്ന ഫൈസ് അഹമ്മദ് ഫൈസ് ഏകാധിപത്യ നിലപാടുകളോട് പ്രതിഷേധിച്ച് 1979ൽ എഴുതിയ കവിതയാണ് ഹംദേഖേംഗെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.