
തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍. പതിറ്റാണ്ടുകളായി പാകിസ്ഥാൻ തീവ്രവാദ സംഘടനകള്‍ക്ക് പരിശീലനവും ധനസഹായവും നല്‍കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വെളിപ്പെടുത്തി. സ്കെെ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫിന്റെ കുറ്റസമ്മതം.
ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയ്ക്കുവേണ്ടിയും ബ്രിട്ടൻ ഉൾപ്പെടെയുള്ള പാശ്ചാത്യലോകത്തിന് വേണ്ടിയും ഈ വൃത്തികെട്ട ജോലി ചെയ്യുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ പാകിസ്ഥാന്‍ അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ വര്‍ഷങ്ങളായി ഭീകര സംഘടനകള്‍ക്ക് അഭയം നല്‍കുന്നുണ്ടെന്ന വസ്തുതയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന തുറന്നുകാട്ടുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര യുദ്ധം മുറുകുന്നതിനിടെയാണ് ആസിഫിന്റെ പരാമര്‍ശം.
സോവിയറ്റ് യൂണിയനെതിരായ യുദ്ധത്തില്‍ പാകിസ്ഥാൻ പങ്കുചേർന്നില്ലായിരുന്നുവെങ്കിൽ, രാജ്യത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാകുമായിരുന്നുവെന്നും ആസിഫ് പറഞ്ഞു. ഈ മേഖലയിൽ എന്ത് സംഭവിച്ചാലും പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് വൻശക്തികൾക്ക് വളരെ സൗകര്യപ്രദമാണ്. സോവിയറ്റ് യൂണിയനെതിരെ ഞങ്ങൾ അവരുടെ പക്ഷത്ത് നിന്ന് യുദ്ധം ചെയ്തപ്പോൾ, ഇന്നത്തെ ഈ തീവ്രവാദികളെല്ലാം വാഷിങ്ടണില്‍ വിജയാഘോഷം നടത്തുകയായിരുന്നു. ന്യൂയോർക്കിൽ അൽ ഖ്വയ്ദ നടത്തിയ ഭീകരാക്രമണത്തിനുശേഷം അഫ്ഗാനിസ്ഥാനിലെ അധിനിവേശത്തെയും പിന്തുണച്ചു. പാകിസ്ഥാന്‍ സര്‍ക്കാര്‍ ചെയ്തത് തെറ്റായിരുന്നു. അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയനെതിരെ പോരാടാൻ തീവ്രവാദികളെ യുഎസ് പ്രതിനിധികളായി ഉപയോഗിച്ചുവെന്നും പോലും ആസിഫ് അവകാശപ്പെട്ടു.
മേഖലയിൽ, പ്രത്യേകിച്ച് പാകിസ്ഥാനിൽ പ്രതിസന്ധി സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയാണ് പഹല്‍ഗാം ആക്രമണം ആസൂത്രണം ചെയ്തതെന്ന് ആസിഫ് ആരോപിച്ചു. ലഷ്‍കര്‍ ഇ ത്വയ‍്ബ പാകിസ്ഥാനിൽ ഇപ്പോൾ നിലവിലില്ല. മാതൃ സംഘടന നിലവിലില്ലെങ്കിൽ, ശാഖ എങ്ങനെ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഷ്‍കര്‍ ഇ ത്വയ‍്ബയുടെ അനുബന്ധ സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഫലമായി സംഘർഷം രൂക്ഷമാകുമെന്ന് ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, ഏതുവിധേനെയും പ്രതികരിക്കാന്‍ തയ്യാറാണെന്നും രണ്ട് ആണവ ശക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ എപ്പോഴും ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ഭീകരതയുടെ ഇരയാണ്. എന്നാല്‍ ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യം ഇന്ത്യയാണെന്നും മന്ത്രി ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.