
പ്രതിരോധസേനാ മേധാവിയായുള്ള അസീം മുനീറിന്റെ സ്ഥാനാരോപണത്തിന് മുമ്പേ പാകിസ്ഥാന്‍ പ്രധാനമന്ത്രി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. ഷെഹബാസ്ഷെരീഫ് ലണ്ടനിലേക്ക് പോയതായി ഇന്ത്യയുടെ ദേശീയ സുരക്ഷാ ബോര്‍ഡ് മുന്‍ അംഗവും പാകിസ്ഥാനെക്കുറിച്ചുള്ള നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ തിലക് ദേവാഷറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാനിലെ ആദ്യ പ്രതിരോധസേനാ മേധാവിയായി (സിഡിഎഫ്) അസിം മുനീറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കാനിരിക്കെയാണ് ഷെഹബാസ് ഷെരീഫ് രാജ്യത്തുനിന്ന് വിട്ടുനിൽക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നത്.
അസിം മുനീറിനെ സിഡിഎഫ് ആയുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിൽനിന്ന് മനഃപ്പൂർവ്വം ഒഴിവാകാൻ വേണ്ടിയാണ് ഈ വിട്ടുനിൽക്കൽ എന്ന് സംശയിക്കുന്നതായും തിലക് ദേവാഷർ കൂട്ടിച്ചേർത്തു.ഭരണഘടനയുടെ 27-ാം ഭേദഗതിയിലൂടെ പുതുതായി സിഡിഎഫ് പദവി സൃഷ്ടിച്ച് സൈനിക ശക്തി പിടിച്ചെടുക്കാനാണ് നിലവിലെ സൈനിക മേധാവിയായ അസിം മുനീറിന്‍റെ നീക്കം. നവംബർ 29‑ന് സിഡിഎഫ് പദവി അസിം മുനീർ ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാൽ, ഷെഹബാസ് ഷെരീഫ് രാജ്യത്തുനിന്ന് വിട്ടുനിൽക്കുന്നതോടെ സ്ഥാനാരോഹണം വൈകുന്നതായാണ് വിവരം.
സിഡിഎഫ് പദവി കൈവരുന്നതോടെ പാകിസ്ഥാനിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ മാറും. അസിം മുനീറിന് അഞ്ച് വർഷത്തേക്ക് സിഡിഎഫ് പദവി നൽകുന്നതാണ് വിജ്ഞാപനം. കരസേനാ മേധാവിയെന്ന നിലയിൽ അസിം മുനീറിന്റെ കാലാവധി അവസാനിച്ചിരുന്നു. ഇതേത്തുടർന്നാണ് നിശ്ശബ്ദ അട്ടിമറിയിലൂടെ സിഡിഎഫ് പദവി കൈപ്പിടിയിലൊതുക്കാൻ ശ്രമം നടത്തിയത്. ഭരണഘടനാഭേദഗതിയിലൂടെ ഇത് വിജയകരമായി നടപ്പാക്കുകയും ചെയ്തു. പ്രധാനമന്ത്രി വിജ്ഞാപനത്തിൽ ഒപ്പിടുന്നതോടെ പാക് സൈന്യം അസിം മുനീറിന്റെ ചൊൽപ്പടിയിലാകും.എന്നാൽ, അസിം മുനീറിന് അടുത്ത അഞ്ച് വർഷത്തേക്ക് സിഡിഎഫ് സ്ഥാനത്തിരുത്താൻ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് താത്പര്യമില്ലെന്നാണ് വിവരം. ഇതിന്റെ പശ്ചാത്തലത്തിൽ ബുദ്ധിപൂർവ്വം അദ്ദേഹം രാജ്യത്തുനിന്ന് വിട്ടുനിൽക്കുന്നതെന്ന് തിലക് ദേഷാവാർ പറയുന്നു.
അനന്തര ഫലങ്ങളിൽനിന്ന് ഒരു രക്ഷപ്പെടലാണിത്. രാജ്യത്തുനിന്ന് മാറിനിൽക്കുന്നതോടെ വിജ്ഞാപനത്തിൽ ഒപ്പിടേണ്ടിവരില്ല. അതുകൊണ്ടാണ് ഷെഹബാസ് ഷെരീഫ് മറ്റു രാജ്യങ്ങളിലെത്തിയതെന്ന് ദേഷാവാർ കൂട്ടിച്ചേർത്തു. കരസേനാ മേധാവിയുടെ കാലാവധി അവസാനിച്ചതോടെ പാക് സൈന്യം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവിൽ സൈനിക മേധാവിയില്ലാത്ത സാഹചര്യമാണുള്ളത്. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന് കീഴിൽവരുന്ന ആണവ കമാൻഡ് അതോററ്റിക്ക് പോലും നേതൃത്വമില്ലാത്ത അവസ്ഥ. ഇത് വളരെ വിചിത്രമായ സാഹചര്യമാണെന്നും ദേവാഷർ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.