
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി പാകിസ്ഥാന്. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 81 റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന് നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 49.5 ഓവറില്‍ 329 റണ്‍സിന് ഓള് ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 43.1 ഓവറില്‍ 248 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായി. പാകിസ്ഥാനായി ഷഹീന് അഫ്രീദി നാല് വിക്കറ്റും നസീം ഷാ മൂന്ന് വിക്കറ്റും നേടി. ഇതോടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പാകിസ്ഥാന് 2–0ന് പരമ്പര കൈക്കലാക്കി. നേരത്തെ ടി20 പരമ്പര ആതിഥേയരായ ദക്ഷിണാഫ്രിക്ക നേടിയിരുന്നു.
74 പന്തില്‍ 97 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന് ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. ഏറ്റവും ഒടുവിലാണ് ക്ലാസന് പുറത്തായത്. ക്യാപ്റ്റൻ ടെംബാ ബാവുമ(12) നിരാശപ്പെടുത്തിയപ്പോള്‍ ഭേദപ്പെട്ട തുടക്കം ലഭിച്ച ടോണി ഡി സോര്‍സി(34), റാസി വാന്‍ഡര്‍ ഡസ്സന്(23), ഏയ്ഡന്‍ മാര്‍ക്രം(21), ഡേവിഡ് മില്ലര്‍(29) എന്നിവര്‍ക്കാര്‍ക്കും ക്ലാസന് പിന്തുണ നല്‍കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനായി മുഹമ്മദ് റിസ്വാന് (80), ബാബര്‍ അസം (73), കമ്രാന്‍ ഗുലാം (63) എന്നിവരുടെ അര്‍ധസെഞ്ചുറി മികവിലാണ് വമ്പന്‍ സ്കോര്‍ കണ്ടെത്തിയത്. ആഗ സല്മാന്(30 പന്തില്‍ 33), ഷഹീന് അഫ്രീദി(9പന്തില്‍ 16), ഇര്ഫാന് ഖാന്(15), ഓപ്പണര്‍ സയിം അയൂബ്(25) എന്നിവരാണ് പാകിസ്ഥാന്റെ മറ്റു സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ക്വിന മഫാക്ക നാല് വിക്കറ്റും മാര്‍ക്കോ യാന്സന് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.