25 January 2026, Sunday

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും , സൈനിക മേധാവി അസീം മുനീറും ട്രംപുമായി കൂടിക്കാഴ്ച നടത്തി; ഇരുവരും മഹാന്മാരായ നേതാക്കളെന്ന് ട്രംപ്

Janayugom Webdesk
വാഷിംങ്ടണ്‍
September 26, 2025 12:39 pm

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഓവല്‍ ഓഫീസില്‍ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂട്ടിക്കാഴ്ച. പാകിസ്ഥാന്‍ സൈനിക മേധാവി അസീം മുനീറും സംഘത്തിലുണ്ടായിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രിയും, സൈനിക മേധാവിയും വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നതിന് മുന്‍പ് ട്രംപ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇരുവരെയും മഹാന്മാരായ നേതാക്കളെന്നാണ്  വിശേഷിപ്പിച്ചത്.വൈറ്റ്ഹൗസില്‍ വ്യാഴാഴ്ച വൈകുന്നേരം 4.52 ഓടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറുമെത്തിയത്.

ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ ഇരുവര്‍ക്കും ഒരുമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നതായും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. മെയ് മാസത്തില്‍ ഇന്ത്യ‑പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിച്ചതിന് ക്രെഡിറ്റ് ട്രംപിന് പാകിസ്ഥാന്‍ നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വര്‍ഷങ്ങൾക്കുശേഷം പാകിസ്ഥാന്‍— അമേരിക്ക ബന്ധത്തിൽ പുരോഗതിയുണ്ടായത്. അതേസമയം, ഇന്ത്യ‑പാക് സംഘര്‍ഷം അവസാനിക്കാന്‍ കാരണക്കാരന്‍ താനാണെന്ന ട്രംപിന്റെ അവകാശവാദത്തെ ഇന്ത്യ തള്ളിയിരുന്നു. ജൂണില്‍ പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ വൈറ്റ്ഹൗസ് സന്ദര്‍ശിച്ചിരുന്നു. വ്യാപാരം, സാമ്പത്തിക വികസനം, ക്രിപ്‌റ്റോ കറന്‍സി എന്നിവയെ പറ്റി ഇരുവരും തമ്മില്‍ ജൂണില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഓഗസ്റ്റില്‍ വീണ്ടും അസിം മുനീര്‍ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ അമേരിക്കയുടെ 500 മില്ല്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം പാകിസ്ഥാന്‍ നേടി .നേരത്തെ, തീവ്രവാദത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഏറെ ലഭിച്ചതോടെയാണ് അമേരിക്ക‑പാകിസ്ഥാന്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്.

ഒസാമ ബിന്‍ ലാദനെ പാകിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം കണ്ടെത്തിയത് ഇതിന് ആക്കം കൂട്ടി. പാകിസ്ഥാന്‍ അമേരിക്കയ്ക്ക് നുണകളും വഞ്ചനകളുമല്ലാതെ മറ്റൊന്നും നല്‍കിയില്ലെന്ന് 2018‑ല്‍ ഡൊണാള്‍ഡ് ട്രംപ് തന്നെ പ്രതികരിച്ചിരുന്നു. അമേരിക്ക പാകിസ്ഥാന് ബില്ല്യണ്‍ കണക്കിന് ഡോളര്‍ നല്‍കി സഹായിച്ചിട്ടും തീവ്രവാദത്തെ അവര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും ട്രംപ് അന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതിയുണ്ടെന്ന് സൂചനനൽകുന്നതാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയും സൈനിക മേധാവിയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച എന്നാണ് വിലയിരുത്തപ്പെടുന്നത്. വൈറ്റ്ഹൗസ് സന്ദര്‍ശിച്ച ഏറ്റവും ഒടുവിലത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആയിരുന്നു. 2019‑ലായിരുന്നു സന്ദര്‍ശനം. അതിനുമുന്‍പ് ഷരീഫിന്റെ സഹോദരനും അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷരീഫ് 2015‑ല്‍ വൈറ്റ്ഹൗസ് സന്ദര്‍ശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.