
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ മിറാഷ് യുദ്ധവിമാനം വെടിവച്ചിട്ടതായി സ്ഥിരീകരിച്ച് ഇന്ത്യ. വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിച്ച വീഡിയോയിലൂടെയാണ് ഇന്ത്യൻ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചത്. വീഡിയോയിൽ ഇന്ത്യ തകർത്തിട്ട മിറാഷിന്റെ അവശിഷ്ടങ്ങൾ കാണാം.
പാകിസ്ഥാൻ വ്യോമസേനയുടെ (പിഎഎഫ്) യുദ്ധവിമാനമായ മിറാഷ് കഷണങ്ങളായി തകർന്നുവീഴുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാണാൻ കഴിയുന്നത്. ശത്രുവിനെ ആകാശത്തുവച്ച് തന്നെ നശിപ്പിക്കുക’ എന്ന തലക്കെട്ടോടെ പ്രദർശിപ്പിച്ച വീഡിയോയിൽ ജെറ്റിന്റെ അവശിഷ്ടങ്ങൾ കാണിക്കുന്നുണ്ട്.
പാകിസ്ഥാനെതിരായ സൈനിക പോരാട്ടത്തിനിടെ പാക് വ്യോമസേനയുടെ ചില ഹൈടെക് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവച്ചിട്ടതായി ഞായറാഴ്ച നടന്ന സായുധ സേനകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ എയർ മാർഷൽ എ കെ ഭാരത് പറഞ്ഞിരുന്നു. ഇതിൽ മിറാഷ് ഉൾപ്പെട്ടിരുന്നെന്ന് സ്ഥിരീകരണം ഉണ്ടായിരുന്നില്ലെങ്കിലും പുതിയ വീഡിയോയിൽ മിറാഷ് തകരുന്നത് വ്യക്തമായി കാണാം. ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനാണ് മിറാഷിന്റെ നിർമ്മാതാക്കൾ. പാകിസ്ഥാന് പുറമെ ഇന്ത്യയും മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
പാകിസ്ഥാനിലെ നൂര്‍ഖാന്‍ സൈനിക കേന്ദ്രം ആക്രമിക്കുന്നതിന്റെ വീഡിയോയും തകർത്ത പാക് ആയുധങ്ങളുടെ ചിത്രങ്ങളും സേന പ്രദർശിപ്പിച്ചു. പാക് സൈന്യം ഇന്ത്യക്ക് നേരെ തൊടുത്ത ചൈനീസ് നിർമ്മിത പിഎല്‍-15 മിസൈലുകൾ ഇന്ത്യ ചിന്നഭിന്നമാക്കി. സ്വയം നിയന്ത്രിത വ്യോമായുധങ്ങളും പാക് സൈന്യം പ്രയോഗിച്ചിരുന്നു. തോളിൽ വച്ചുതൊടുക്കുന്ന മോർട്ടാറുകൾ കൊണ്ടുവരെയാണ് ഇന്ത്യൻ സൈനികർ അവ വെടിവച്ചിട്ടത്.
തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈലും, മൾട്ടി ലേയേർഡ് എയർ ഡിഫൻസ് സിസ്റ്റവും ഉപയോഗിച്ച് ഇന്ത്യ പാക് നീക്കങ്ങളെ തകർത്തെന്നും എയര്‍ മാര്‍ഷല്‍ എ കെ ഭാരതി വിശദീകരിച്ചു. തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനമായ ആകാശ് മികച്ച പ്രകടനം കാഴ്ച വച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഉപയോഗിച്ച ആയുധങ്ങളിലേറെയും ചൈനീസ് നിർമ്മിതമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ പ്രതിരോധം തകർക്കാൻ ഒരു ഘട്ടത്തിലും പാകിസ്ഥാന് കഴിഞ്ഞില്ല. ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിനുണ്ടായത് ഏറ്റവും കുറഞ്ഞ നഷ്ടം മാത്രമാണ്. മൂന്ന് സേനാവിഭാഗങ്ങളും അങ്ങേയറ്റം ഒത്തിണക്കത്തോടെ സൈനിക നടപടിയിൽ പങ്കെടുത്തെന്നും അദ്ദേഹം വിശദീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.