27 December 2024, Friday
KSFE Galaxy Chits Banner 2

ഓണസദ്യക്ക് മാറ്റുകൂട്ടാൻ പാലമേൽ പച്ചക്കറി

Janayugom Webdesk
August 26, 2023 11:23 am

ഓണാട്ടുകരയിൽ ഓണസദ്യക്ക് മാറ്റുകൂട്ടാന്‍ പാലമേൽ പച്ചക്കറികൾ. ജില്ലയിലെ വിവിധ കൃഷിഭവനുകളുടെ കീഴിലുള്ള ഓണ വിപണികളിലേക്ക് ഇത്തവണയും പാലമേൽ പഞ്ചായത്തിലെ പച്ചക്കറികൾ എത്തും. ഓണവിപണിയുടെ ഉദ്ഘാടനം എരുമക്കുഴി മാർക്കറ്റിൽ പ്രവർത്തിക്കുന്ന പാലമേൽ എ ഗ്രേഡ് കർഷക സമിതിയിൽ പാലമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് കർഷകൻ മുതുകാട്ടുകര കുഴിയത്ത് രവിക്ക് പച്ചക്കറി ഉല്പന്നങ്ങൾ നൽകി നിർവഹിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉല്പാദിപ്പിച്ചു വിപണനം നടത്തുന്നത് പാലമേൽ കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്ന കർഷകരാണ്.

പാലമേൽ, നൂറനാട്, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലെ കാർഷികവിപണികളും പച്ചക്കറി ഉത്പാദനത്തിൽ മുൻപന്തിയിലാണ്. സ്വാശ്രയ കർഷകസമിതികളുമാണ് പച്ചക്കറികളുടെയും കാർഷികവിഭവങ്ങളുടെയും പ്രധാന സംഭരണ‑വിപണന കേന്ദ്രങ്ങൾ. കർഷകരിൽനിന്നും മികച്ചവിലനൽകി സംഭരിക്കുന്ന പച്ചക്കറികളും കാർഷികവിഭവങ്ങളും സമീപജില്ലകളിലെ ഓണവിപണികളിലേക്കു കയറ്റി അയക്കും. ഈപഞ്ചായത്തുകളിലായി ഓണവിപണി ലക്ഷ്യമാക്കി മൂന്നൂറിൽപ്പരം ഹെക്ടർ സ്ഥലത്താണ് കൃഷിയിറക്കിയിരിക്കുന്നത്. ഈ വർഷം കാട്ടുപന്നികളുടെ ശല്യം കാരണം ലക്ഷക്കണക്കിനു രൂപയുടെ കാർഷിക വിളകൾ നഷ്ടപ്പെട്ടിരുന്നെങ്കിലും ഇതിനെയെല്ലാം അതിജീവിച്ചും പ്രതിരോധിച്ചുമാണ് കർഷകർ ഓണവിപണിയിൽ ഉല്പന്നങ്ങൾ എത്തിച്ചു കൊണ്ടിരിക്കുന്നത്. കാലവർഷക്കെടുതിയിലും ടൺ ക്കണക്കിനു കാർഷിക വിളകൾ നശിച്ചിരുന്നു. മണ്ണിനിണങ്ങിയ ജൈവവളം മാത്രം പ്രയോഗിച്ച് വിളയിച്ചെടുക്കുന്ന ഓണാട്ടുകരയുടെ വളക്കൂറുള്ള മണ്ണിൽ വിഷ രഹിത പച്ചക്കറി ഉൽപ്പന്നങ്ങളാണ് മലയാളികൾക്കുവേണ്ടി ഒരുക്കുന്നത്.

പാലമേൽ എ ഗ്രേഡ് കർഷക സമിതി പച്ചക്കറി ഉൽപ്പന്നങ്ങളുടെ വൻശേഖരം വിപണിയിലെത്തിക്കുവാനുള്ള ശ്രമത്തിലാണ്. നാടൻ ഏത്തക്ക, വെട്ട് ചേമ്പ്, ചേന,പാവൽ, വഴുതനം, പയർ, കാച്ചിൽ, ഇഞ്ചി, പച്ചമുളക്, ഞാലിപൂവൻ, പാളയൻ തോടൻ എന്നിവക്ക് ആവശ്യക്കാർ ഏറെയാണ്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ പാലമേൽ പച്ചക്കറികൾ ആവശ്യപ്പെട്ടിട്ടുണ്ട്. തുടക്കത്തിൽ കൃഷിഭവനുകൾ നിയന്ത്രിക്കുന്ന ഓണച്ചന്തകളിലേക്കാണ് അയക്കുന്നത്. കൊവിഡ് കാലത്തും ഓണക്കാല ആവശ്യങ്ങൾക്കുള്ള കാർഷിക ഉല്പന്നങ്ങൾ പാലമേൽ എ ഗ്രേഡ് കർഷക സമിതി വിപണികളിൽ എത്തിച്ചിരുന്നു. ഒരു വർഷം പോലും മുടക്കം വരാതെ പ്രവർത്തിച്ചു വരുന്ന കർഷക സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഒരു കൂട്ടം കർഷകരാണ്. ലേലത്തുകയിൽ നിന്നും സമിതി ഈടാക്കുന്ന അഞ്ചു ശതമാനം കമ്മീഷനിൽ നിന്നും രണ്ടര ശതമാനം കർഷകർക്ക് ഓണ ബോണസായി തിരിച്ചു നൽകുന്നു. ശേഷിക്കുന്ന രണ്ടര ശതമാനത്തിലാണു കർഷക സമിതിയുടെ പ്രവർത്തനങ്ങൾക്ക് മാറ്റിവെയ്ക്കുന്നത്.

ഇതുകൊണ്ട് സമിതിയുടെ നിത്യേനയുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല. കർഷക സമിതിയെ നിലനിർത്തുവാൻ സംസ്ഥാന കൃഷിവകുപ്പിന്റെയും വകുപ്പു മന്ത്രിയുടെയും സഹായം വേണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുവാൻ സംസ്ഥാനത്തെ ഏറ്റവും നല്ല കൃഷി ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട പാലമേൽ കൃഷിഭവൻ ഓഫീസർ പി രാജശ്രീയും, പഞ്ചായത്തിന്റെ പൂർണമായ പിന്തുണ നൽകി പ്രസിഡന്റ് ബി വിനോദും, എ ഗ്രേഡ് കർഷക സമിതിയുടെ സാരഥികളായ ഉത്തമനും, രവിയും, ഗ്രാമ പഞ്ചായത്ത് അംഗം വേണു കാവേരി അടക്കമുള്ളവർ രംഗത്തുണ്ട്. പാലമേൽ ബ്രാൻറ് പച്ചക്കറി വാങ്ങാൻ ഓരോ ദിവസവും നൂറുക്കണക്കിനു ആവശ്യക്കാരാണ് എത്തുന്നത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ ഉല്പന്നങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണു കർഷകർ. നാട്ടിലെ ഓണച്ചന്തകളിലേക്കുള്ള ആവശ്യം കഴിഞ്ഞു മിച്ചംവരുന്ന പച്ചക്കറികൾ ഹോർട്ടികോർപ്പിനാണു നൽകുന്നത്. അടുത്തയാഴ്ചയോടെ പച്ചക്കറികൾക്കും കാർഷികവിഭവങ്ങൾക്കും വിലകൂടുമെന്ന് കർഷകർ പറയുന്നു.

Eng­lish Sum­ma­ry: Palamel veg­etable to com­ple­ment Onam Sadya

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.