12 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
October 6, 2024
September 18, 2024
September 17, 2024
July 31, 2024
June 26, 2024
May 5, 2024
May 3, 2024
March 27, 2024

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം പലസ്തീന്‍; ഇസ്രയേല്‍ സെെന്യം കൊലപ്പെടുത്തിയത് 145 പേരെ

Janayugom Webdesk
പാരിസ്
December 12, 2024 10:17 pm

മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളുടെ ഭയാനകമായ തീവ്രത വെളിപ്പെടുത്തി റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ (ആര്‍എസ്എഫ്) റിപ്പോര്‍ട്ട്. ഇറാഖ്, സുഡാന്‍, മ്യാന്‍മര്‍, ഉക്രെയ‍്ന്‍, ഗാസ എന്നിവിടങ്ങളില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തരുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ ഈ വര്‍ഷം 54 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 31 പേര്‍ ആക്രമിക്കപ്പെട്ടത് സംഘര്‍ഷ മേഖലകളിലാണ്. 

ഇസ്രയേല്‍ വംശഹത്യ തുടരുന്ന ഗാസയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകരമായ പ്രദേശം. 2024ല്‍ ഗാസയിലെ 30 ശതമാനം മാധ്യമപ്രവര്‍ത്തകര്‍ ജോലിക്കിടെ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സെെന്യം ബോധപൂര്‍വം നടത്തിയ ആക്രമണത്തിലാണ് ഇവര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇസ്രയേല്‍ അധിനിവേശത്തില്‍ മാധ്യമപ്രവര്‍ത്തകര്‍കൊല്ലപ്പെടുന്ന പലസ്തീന്‍ ഏറ്റവും അപകടകരമായ രാജ്യമായും ക­ണക്കാക്കപ്പെടുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് പലസ്തീനിലാണ്. 2023 ഒക്ടോബര്‍ മുതല്‍ 145 മാധ്യമപ്രവര്‍ത്തകര്‍ പലസ്തീനില്‍ കൊല്ലപ്പെട്ടു. ഇവരില്‍ 35 പേരെ ഇസ്രയേല്‍ സെെന്യം ജോലിക്കിടെയാണ് കൊലപ്പെടുത്തിയത്.
മാധ്യമ പ്രവർത്തകരെ ബോധപൂർവം ലക്ഷ്യമിടുന്നതിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഐസിസി നാല് പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്. ഏഷ്യയില്‍ മാധ്യമപ്രവര്‍ത്തരുടെ മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പാകിസ്ഥാനിലും ബംഗ്ലാദേശിലുമാണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനു പുറമേ, തടവിലാക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തരുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ചൈന (ഹോങ്കോങ്ങിലെ 11 എണ്ണം ഉൾപ്പെടെ 124), മ്യാൻമർ (61), ബെലാറസ് (40) ഇസ്രയേൽ (41), റഷ്യ (38) എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍. 2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ഇസ്രയേലില്‍ തടവിലാക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. മാധ്യമപ്രവർത്തകർക്കുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ ജയിലാണ് ഇസ്രയേലെന്ന് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നു. 

ബന്ദികളാക്കിയവരില്‍ 70 ശതമാനവും സിറിയയിലാണ്. യുദ്ധസമയത്ത് ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ ഇവരില്‍ ഭൂരിഭാഗം പേരെയും കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം രണ്ട് മാധ്യമപ്രവര്‍ത്തരെ യെമനിലെ ഹൂതി വിമത സംഘങ്ങള്‍ തട്ടിക്കൊണ്ടുപോയിരുന്നു. 34 രാജ്യങ്ങളിലായി 100ഓളം മാധ്യമപ്രവർത്തകരെയാണ് കാണാതായത്. ഈ മാധ്യമപ്രവർത്തകരിൽ നാലിലൊന്ന് പേരും കഴിഞ്ഞ 10 വർഷത്തിനിടെയാണ് അപ്രത്യക്ഷരായത്. മെക്സിക്കോ (അഞ്ച്), സിറിയ (മൂന്ന്), മാലി (മൂന്ന്), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (രണ്ട്), പലസ്തീൻ (രണ്ട്), ഇറാഖ് (രണ്ട്) എന്നീ രാജ്യങ്ങളിലാണ് തിരോധാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

കാണാതായ മാധ്യമപ്രവർത്തകരിൽ 45 ശതമാനവും നിര്‍ബന്ധിത തിരോധാനത്തിന്റെ ഇരകളാണ്. വർധിച്ചുവരുന്ന ഈ ആശങ്ക പരിഹരിക്കുന്നതിന് മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര കൺവെൻഷൻ അംഗീകരിക്കണമെന്നും ആര്‍എസ്എഫ് ആവശ്യപ്പെട്ടു. മാധ്യമപ്രവർത്തകർക്കെതിരാ­യ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള ശിക്ഷകള്‍ അംഗീകരിക്കാന്‍ ആഗോളതലത്തിൽ നടപടി വേണമെന്ന് ആർഎസ്എഫ് ഡയറക്ടർ ജനറൽ തിബൗട്ട് ബ്രൂട്ടിൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.