13 December 2025, Saturday

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പലസ്തീൻ ഐക്യദാർഢ്യ ചരിത്രം

അലൻ പോൾ വർഗീസ് 
(എഐഎസ്എഫ് ദേശീയ കൗൺസിൽ അംഗം)
June 17, 2025 4:45 am

ഇന്ന് ഇന്ത്യയിലെ ഇടതുപാർട്ടികൾ പലസ്തീൻ ഐക്യദാർഢ്യ ദിനമായി ആചരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നേരെ വിദ്വേഷ നുണപ്രചരണങ്ങളുമായി വലതുപക്ഷ ശക്തികൾ രംഗത്ത് വരുന്നുണ്ട്. ഏറ്റവും അരോചകം 2014നുശേഷം മാത്രം പത്രം വായിച്ചുതുടങ്ങിയ, വാട്സ്ആപ്പിൽ നിന്ന് ചരിത്രം പഠിച്ചവർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പഠിപ്പിക്കാൻ ഇറങ്ങുന്നതാണ്. ഈ പശ്ചാത്തലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സാർവദേശീയതലത്തിൽ സ്വീകരിച്ച പലസ്തീൻ അനുകൂല ചരിത്രം ആവർത്തിച്ചുപറയേണ്ടത് അനിവാര്യതയാണ്. 2023 ഒക്ടോബർ ഏഴിനാണ് പലസ്തീനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്ന് വിശ്വസിക്കുന്നവരോട് ചരിത്രത്തെക്കുറിച്ച് സംവദിക്കുക പ്രയാസകരമാണ്. എന്നിരുന്നാലും ഒരു ഹ്രസ്വ ചരിത്രം വിവരിക്കാൻ ശ്രമിക്കാം. 

1936ൽ പീൽസ് കമ്മിഷൻ റിപ്പോർട്ട് വരികയും അതിനുശേഷം റെജിനാൾഡ് കപ്ലാൻഡ് പലസ്തീൻ വിഭജനം നിർദേശിക്കുകയും ചെയ്തപ്പോൾ സിപിഐയുടെ അന്നത്തെ മുഖപത്രമായ പീപ്പിൾസ് വാറിൽ ഗംഗാധർ അധികാരി (ജി അധികാരി) ഇതിനെ നിശിതമായി വിമർശിച്ച് ലേഖനമെഴുതി. ഇതേ റെജിനാൾഡ് ഇന്ത്യയെ വിഭജിക്കണം എന്ന ആവശ്യവും മുന്നോട്ടുവച്ചിരുന്നു. രണ്ടിനെയും ചേർത്തുവച്ച് സാമ്രാജ്യത്വം അതിന്റെ കോളനികളിൽ നടത്തുന്ന ചെയ്തികളെ ഈ ലേഖനത്തിൽ ധാരാളമായി വിമർശിച്ചിട്ടുണ്ട്. 1944 നവംബർ 12നാണ് പീപ്പിൾസ് വാറിൽ റെജിനാൾഡ് കപ്ലാൻഡിന്റെ ഇന്ത്യയിലെ ഭരണഘടനാ പ്രശ്നത്തെക്കുറിച്ചുള്ള വിമർശനം (Cri­tique of Regi­nald Coupland’s Con­sti­tu­tion­al Prob­lem in India) എന്ന ലേഖനം വരുന്നത്. പലസ്തീനിൽ സയണിസ്റ്റുകൾക്ക് അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചെയ്തികളെ തുറന്നുകാണിക്കുന്ന ലേഖനമാണിത്.
ഈ ലേഖനത്തെക്കുറിച്ച് പറയാൻ കാരണം ഇസ്രയേൽ രൂപീകരിക്കപ്പെടുന്നതിന് മുമ്പേ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഈ വിഷയത്തിൽ പലസ്തീൻ ജനതയ്ക്ക് അനുകൂല നിലപാട് ഉണ്ടായിരുന്നുവെന്ന് തെളിയിക്കാനാണ്. ഇനി അന്താരാഷ്ട്രതലത്തിലെടുത്താൽ രണ്ടാം കൊമിന്റേൺ കോൺഗ്രസ് 1920 ജൂലൈ 28ന് പാസാക്കിയ ഒരു പ്രമേയത്തിൽ സയണിസത്തെ തള്ളിപ്പറയുകയും അത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ആയുധമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. 1922 ജൂലൈ 25ന് സയണിസ്റ്റ് ആഭിമുഖ്യമുള്ള സോഷ്യലിസ്റ്റ് ലേബർ പാർട്ടി ഓഫ് പലസ്തീൻ മൂന്നാം ഇന്റർനാഷണലിൽ അംഗമാകാൻ നൽകുന്ന അപേക്ഷ കൊമിന്റേൺ തള്ളിക്കളഞ്ഞിട്ടുമുണ്ട്. സയണിസ്റ്റ് ചായ്‌വും ആഗോള സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ അജണ്ടകളും ഉപേക്ഷിക്കുകയാണെങ്കിൽ മാത്രമെ ജൂത ഭൂരിപക്ഷമുള്ള, പേരിൽ സോഷ്യലിസവും ലേബറും ഉള്ള പാർട്ടികളെ സ്വീകരിക്കു എന്നും ഇതേ രേഖയിൽ വ്യക്തമാക്കി. ഇതുകൂടാതെ പലസ്തീൻ പ്രതിനിധികൾ ഈ സാർവദേശീയ യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കുകയും ചെയ്യാറുണ്ടായിരുന്നു. 1935 ലെ ഏഴാം കോൺഗ്രസിൽ റിദ്വാൻ അൽ ഹിലവ് ആണ് പ്രതിനിധിയായി പങ്കെടുത്തത്. 

പലസ്തീൻ ജനതയെ വംശഹത്യ ചെയ്ത് (നഖ്ബ) ഇസ്രയേൽ എന്ന സയണിസ്റ്റ് രാഷ്ട്രം സ്ഥാപിതമാകുന്നത് 1948ലാണ്. അതിന് മുമ്പേ സാർവദേശീയതലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സയണിസത്തെയും അതിന് സാമ്രാജ്യത്വ ശക്തികൾ നൽകുന്ന പിന്തുണയെയും ശക്തിയുക്തമായി എതിർത്തിരുന്നുവെന്നർത്ഥം. 

സിപിഐയുടെ ചരിത്രവും വിഭിന്നമല്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ അനേകപ്രാവശ്യം പലസ്തീനിനും പിഎൽഒയ്ക്കും വേണ്ടി ഐക്യദാർഢ്യങ്ങൾ, പാർട്ടിയും വർഗ — ബഹുജന സംഘടനകളും നൽകിയിട്ടുണ്ട്. പാർട്ടി മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അടക്കം നിരവധി നേതാക്കൾ യാസർ അറാഫത്ത് തുടങ്ങി പലസ്തീൻ വിമോചന നേതാക്കളെ സന്ദർശിച്ചതിന്റെയും ഐക്യദാർഢ്യമറിയിച്ചതിന്റെയും ചിത്രങ്ങൾ ഇന്റർനെറ്റിൽ ലഭ്യവുമാണ്.
പലസ്തീൻ വിഷയത്തിൽ പാർട്ടിയുടെയും ഇടത് പുരോഗമന ശക്തികളുടെയും നിലപാടുകളെ വലതുപക്ഷ ശക്തികൾ മതത്തിന്റെയും വർഗീയതയുടെയും കണ്ണിലൂടെ നോക്കിക്കാണുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയുമാണ്. അതിശക്തമായ നവമാധ്യമ സംവിധാനങ്ങൾ ഉള്ളതിനാൽ പല ഘട്ടങ്ങളിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അവർക്ക് കഴിയുന്നു. ‘പലസ്തീനോടൊപ്പം നിലകൊള്ളുന്നത് ഒരു പുതിയ പ്രതിഭാസമാണ്. വംശീയ നടപടികൾക്കെതിരായ പോരാട്ടം ദക്ഷിണാഫ്രിക്കയിലെയോ അമേരിക്കൻ ഐക്യനാടുകളിലെയോ പോരാട്ടത്തിൽ നിന്ന് വിഭിന്നമായ ഒന്നല്ല. വംശീയതയ്ക്കെതിരായ എല്ലാ പോരാട്ടങ്ങളും ഒന്നാണ്.’ എന്നായിരുന്നു അത്. 

ഇന്ന് നടക്കുന്ന ഐ­ക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കുമ്പോ­ൾ പാർട്ടിയുടെയും ലോ­ക സമാധാന കൗ­ൺസിലിന്റെയും സ­ഖാവ് രമേഷ് ചന്ദ്രയുടെയും ഐ­­ക്യദാർഢ്യ ചരിത്രവും പോരാട്ട ചരിത്രവും ഓർക്കേണ്ടതുണ്ട്. വലതുപക്ഷത്തിന്റെ ദുഷ്‌പ്രചരണങ്ങളെ നേരിടാനും ഈ ചരിത്രത്തെ ഉപയോഗിക്കണമെന്ന് കരുതുന്നവരും ധാരാളമുണ്ട്. ഈ പശ്ചാത്തലത്തിൽ ലോക സമാധാന മുന്നേറ്റത്തിന്റെ അനിഷേധ്യ നേതാവും സിപിഐയുടെയും വേൾഡ് പീസ് കൗൺസിലിന്റെയും സമുന്നത നേതാവായിരുന്ന രമേഷ് ചന്ദ്രയെ നമ്മൾ ഓർക്കേണ്ടതുണ്ട്.
ഐക്യരാഷ്ട്ര സഭയിൽ പലസ്തീനുവേണ്ടി നടന്ന പല ഇടപെടലുകളിലും രമേശ് ചന്ദ്ര വലിയ പങ്ക് വഹിച്ചിട്ടുണ്ട്. യുഎന്നിന്റെ ഭാഗമാണ് ലോക സമാധാന കൗൺസിൽ. ആയതിനാൽ അമേരിക്കയ്ക്കും ഇസ്രയേലിനും വലിയ തലവേദനയായി രമേഷ് ചന്ദ്ര മാറി. തെളിച്ചമുള്ള വാക്കുകളിൽ ഇന്ത്യയും പലസ്തീനും തമ്മിലുള്ള സാമ്യം അദ്ദേഹം പ്രഭാഷണങ്ങൾ വഴി വ്യക്തമാക്കി. 

സയണിസം വംശീയതയാണ് എന്നൊരു ഔദ്യോഗിക പ്രമേയം യുഎന്നിൽ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ നിരവധി രാജ്യങ്ങൾ ചേർന്ന് പാസാക്കിയിട്ടുണ്ട്. 1975ൽ പാസാക്കിയ ഈ പ്രമേയം 1991ൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം സാമ്രാജ്യത്വ ശക്തികൾ സമ്മർദം ചെലുത്തി പിൻവലിപ്പിച്ചു. എന്നിരുന്നാലും സയണിസത്തിന്റെ വംശീയമുഖം ലോകത്ത് ചർച്ചയാക്കാൻ ഈ പ്രമേയത്തിന് സാധിച്ചു.
ഇതിനോട് ചേർത്തുവായിക്കേണ്ടത് രമേഷ് ചന്ദ്രയുടെ ഒരു പ്രസംഗ ഉദ്ധരണിയാണ്: “വളരെക്കാലം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് കീഴിലായിരുന്ന ഒരു നാട്ടിൽ നിന്നാണ് ഞാൻ വരുന്നത്. വംശീയതയുടെ അർത്ഥം നമുക്കറിയാം. ഞാൻ ജനിച്ച വർഷത്തിൽ, എന്റെ രാജ്യത്തിന്റെ ഒരു ഭാഗം പട്ടാള നിയമത്തിന് കീഴിലായിരുന്നു. സ്വാതന്ത്ര്യ സമര സേനാനികൾ നടത്തിയ ചെറുത്തുനിൽപ്പിൽ ഒന്നുരണ്ട് ബ്രിട്ടീഷ് സൈനികർ കൊല്ലപ്പെട്ടു. അതിന് പ്രതികാരമായി അവർ ഓരോ ഇന്ത്യക്കാരനും, അമൃത്സർ നഗരത്തിലെ ഒരു പ്രത്യേക സ്ഥലം കടന്നുപോകുമ്പോൾ ഇഴഞ്ഞുനീങ്ങണം എന്ന് ഉത്തരവ് നൽകി. ഇഴയൽ നിയമമെന്നാണ് ഇതിനെ വിളിച്ചിരുന്നത്. തെരുവിൽ നടക്കുമ്പോൾ, ഒരു വെള്ളക്കാരനെ കാണുകയാണെങ്കിൽ നിൽക്കുകയും കുമ്പിട്ട് സല്യൂട്ട് ചെയ്യുകയും വേണമായിരുന്നു. കുതിരപ്പുറത്താണെങ്കിൽ, നിങ്ങൾ കുതിരപ്പുറത്ത് നിന്ന് ഇറങ്ങണം; ഒരു വണ്ടിയിലാണെങ്കിൽ, ഇറങ്ങി വെള്ളക്കാരനെ സല്യൂട്ട് ചെയ്യണം. ഇത് എല്ലാ അർത്ഥത്തിലും വംശീയതയാണ്, 

സാമ്രാജ്യത്വം വംശീയതയെയും വംശത്തിന്റെ ശ്രേഷ്ഠത എന്ന ആശയത്തിൽ അധിഷ്ഠിതമായി മറ്റൊരു ജനതയുടെ മുകളിൽ ഉണ്ടാക്കുന്ന ആധിപത്യത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. എന്റെ കുട്ടികൾ തവിട്ടുനിറമാണ്, നിങ്ങളുടെ കുട്ടികൾ വെള്ളക്കാരോ കറുപ്പോ മഞ്ഞയോ ആണ്, പക്ഷേ എല്ലാ കുട്ടികളും — കറുപ്പോ തവിട്ടുനിറമോ വെള്ളയോ മഞ്ഞയോ ചുവപ്പോ — ഈ ഭൂമിയുടെ കുട്ടികളാണ്, അവരെല്ലാം സമാധാനത്തോടെ ഒരുമിച്ച് ജീവിക്കണം, ഒരുമിച്ച് മധുരപലഹാരങ്ങൾ കഴിച്ചും ഒരുമിച്ച് കളിച്ചും ജീവിക്കണം.”
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വർഗ-ബഹുജന സംഘടനകളുടെയും ഇടതുപക്ഷ സംഘടനകളുടെയും പലസ്തീൻ ഐക്യദാർഢ്യം ആ ജനതയ്ക്ക് മാത്രമുള്ളതല്ല. അതിനുള്ള തെളിവും രമേഷ് ചന്ദ്രയുടെ പ്രസംഗത്തിലുണ്ട് — “ഇസ്രയേലി അധികാരികളുടെ വംശീയ നടപടികൾക്കെതിരായ പോരാട്ടം ദക്ഷിണാഫ്രിക്കയിലെയോ അമേരിക്കൻ ഐക്യനാടുകളിലെയോ പോരാട്ടത്തിൽ നിന്ന് വിഭിന്നമായ ഒന്നല്ല. വംശീയതയ്ക്കെതിരായ എല്ലാ പോരാട്ടങ്ങളും ഒന്നാണ്.” 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.