
ഗാസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ ഹസന്‍ അസ്‍ലിഹ് കൊല്ലപ്പെട്ടു. ഹമാസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നാരോപിച്ച് നേരത്തെ അസ്‍ലിഹിനു നേരെ ആക്രമണമുണ്ടായിരുന്നു. ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഏപ്രിലിൽ ഇതേ ആശുപത്രിയിലുണ്ടായ വ്യോമാക്രമണത്തിൽ നിന്ന് അസ‍്‍ലിഹ് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഈ ആക്രമണത്തില്‍ അസ്‍ലിഹിന്റെ സഹപ്രവർത്തകൻ ഹെൽമി അൽ-ഫഖാവി കൊല്ലപ്പെടുകയും മറ്റ് നിരവധി പത്രപ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആശുപത്രിയെ ലക്ഷ്യം വച്ച് ഒമ്പത് മിസെെലുകളാണ് തൊടുത്തത്. ആക്രമണത്തില്‍ അസ്‍ലിഹ് ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹമാസ് 2023 ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ അസ‍്‍ലിഹ് പങ്കാളിയാണെന്നാണ് ഇസ്രയേലിന്റെ ആരോപണം. ഹമാസിന്റെ ഇസ്രയേലിലേക്കുള്ള ആക്രമണത്തിനിടെ നടന്ന കൊള്ള, തീവയ്പ്, കൊലപാതകം എന്നിവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ അസ‍്‍ലിഹ് അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതായും ഇസ്രയേല്‍ ആരോപിക്കുന്നു. എന്നാല്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങളില്‍ അസ‍്‍ലിഹിന് പങ്കില്ലെന്ന് മീഡിയ ഓഫിസ് ഡയറക്ടർ ഇസ്മായിൽ അൽ-തവാബ്ത വ്യക്തമാക്കി. അസ്‍ലിഹ് ഒക്ടോബർ ഏഴിലെ സംഭവങ്ങളിൽ പങ്കാളിയാണെന്ന് ഇസ്രയേലിന്റെ വാദം മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങളെ ന്യായീകരിക്കുന്നതിനുള്ള മാര്‍ഗമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രധാന ഭീകരരെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നാസർ ആശുപത്രിയില്‍ നടന്നതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഹമാസിന്റെ കമാൻഡ്, കൺട്രോൾ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഗാസയിലെ ആശുപത്രികള്‍ക്കെതിരെ നിരവധി ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.