25 December 2024, Wednesday
KSFE Galaxy Chits Banner 2

ജലമാമാങ്കങ്ങൾക്ക് തുഴയൊരുക്കാന്‍ പനച്ചിക്കാട്

സരിത കൃഷ്ണൻ
കോട്ടയം
August 28, 2022 10:30 pm

പുന്നമടക്കായലിന്റെ ഓളപ്പരപ്പ് ജലമാമാങ്കത്തിനൊരുങ്ങുമ്പോൾ തുഴകളെത്തുന്നത് കോട്ടയത്തെ പനച്ചിക്കാട്ടു നിന്നും. വഞ്ചിപ്പാട്ടിന്റെ താളത്തിൽ ആവേശം വിതറി തുഴകൾ ഉയർന്നുതാഴുമ്പോൾ ആഹ്ലാദത്തിനപ്പുറം അഭിമാനവുമാണ് പനച്ചിക്കാടിന്. ഇവിടെനിന്ന് രൂപമെടുക്കുന്ന തുഴകളാണ് നെഹ്രു ട്രോഫിയടക്കമുള്ള ഒട്ടുമിക്ക ജലോത്സവങ്ങളിലും ആവേശക്കാഴ്ചയൊരുക്കുന്നത്.
പാറക്കുളം വേമ്പനാട് തുഴ നിർമ്മാണ കേന്ദ്രത്തിൽ ബിനുവും കൊച്ചുമോനും രാജേഷും തിരക്കിലാണ്. വള്ളം കളി സീസണിന് മുമ്പായി തുഴകൾ ഒരുക്കുന്ന തിരക്കിൽ. ഒന്നും രണ്ടുമല്ല, ഇത്തവണ മത്സരത്തിനിറങ്ങുന്ന മിക്കവള്ളങ്ങൾക്കും തുഴ പനച്ചിക്കാട്ടുനിന്നുമാണ്. ഓരോ വള്ളംകളി സീസണ് മുമ്പും നൂറുകണക്കിന് തുഴകളാണ് ഇവിടെ നിന്നും നിർമ്മിച്ചുനൽകുന്നത്.
ഇത്തവണ മങ്കൂസ് എന്ന മോഡലിനാണ് ആവശ്യക്കാരേറെ. അതിന്റെ തന്നെ പല മോഡലുകളും ലഭ്യമാണ്. നീളത്തിന്റെയും വീതിയുടെയും ഏറ്റക്കുറച്ചിലുകൾ തന്നെയാണ് വ്യത്യാസം. ഓരോ ടീമിന്റെയും ആവശ്യമനുസരിച്ച് തുഴകൾ നിർമ്മിച്ചുനൽകും. ചുണ്ടൻവള്ളങ്ങൾക്ക് മാത്രമല്ല, ചെറുവള്ളങ്ങൾക്കും പള്ളിയോടങ്ങൾക്കും വരെയുള്ള തുഴകൾ ഇവിടെ നിർമ്മിക്കുന്നുണ്ട്.
നേരത്തേ തുഴ നിർമ്മിക്കുന്ന പനകൾ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുമായിരുന്നു. ഇപ്പോൾ പനതേടി മറ്റ് ജില്ലകളിലേക്ക് പോവേണ്ടി വരുന്നുണ്ട്. മിക്കവാറും മൂലമറ്റം, പരപ്പനങ്ങാടി മേഖലകളിൽ നിന്നാണ് പനയെത്തിക്കുന്നത്. വെട്ടുകൂലിയും പണിക്കൂലിയും കഴിഞ്ഞാൽ കിട്ടുന്ന ലാഭം പരിമിതമാണെന്ന് ഇവർ പറയുന്നു. പന വെട്ടാൻ ആളെ കിട്ടാത്തതും മികച്ച പന കിട്ടാത്തതുമാണ് ഏറെ വെല്ലുവിളി. വെട്ടുകൂലി 3000 രൂപയോളം നൽകണം. വാഹനവാടകയും മറ്റ് ചിലവുകളും ഓരോ ദിവസവും ഏറിവരുന്നത് ഈ മേഖലയ്ക്ക് തിരിച്ചടിയാവുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
വെട്ടിക്കൊണ്ടുവരുന്ന പന വിവിധ അളവുകളിൽ മുറിക്കുന്നതാണ് നിർമ്മാണത്തിലെ ആദ്യപടി. യന്ത്ര വാൾ ഉപയോഗിച്ച് മുറിച്ചെടുക്കും. തുടർന്ന് ഇവ ആപ്പും കൂടവും ഉപയോഗിച്ച് പിളർന്നതിന് ശേഷം ഇടിച്ച് ഒരുക്കി ചിന്തേരിട്ട് എടുക്കും. പിന്നീട് ഉണക്കിയെടുത്താൽ തുഴ റെഡി. ഒരുദിവസം പൂർണമായി ഒരാൾ പരിശ്രമിച്ചാൽ അഞ്ച് തുഴ വരെ നിർമ്മിക്കാനാകും. 150 രൂപയ്ക്ക് മുകളിൽ ഒരു തുഴയ്ക്ക് പണിക്കൂലി ആവുന്നുണ്ട്.
ഓരോ വള്ളംകളി സീസണ് മുമ്പും വിവിധ ബോട്ട് ക്ലബ്ബുകാർ തുഴയ്ക്ക് ഓർഡർ നൽകും. പുതിയ വള്ളങ്ങൾക്കാണെങ്കിൽ നൂറോളം തുഴകൾ നിർമ്മിക്കേണ്ടിവരും. ആറ് മുതൽ ഏഴര ഇഞ്ച് വരെ വിവിധ വീതിയിലാണ് തുഴ. വീതിയനുസരിച്ച് ഒരു തുഴയ്ക്ക് 400 രൂപ മുതൽ മുകളിലേക്കാണ് വില. വള്ളം കളിക്ക് ഉപയോഗിക്കുന്ന തുഴയ്ക്ക് സാധാരണ തുഴകളേക്കാൾ വീതിയുണ്ട്.
നെഹ്രു ട്രോഫിക്ക് മാത്രമല്ല ആറന്മുള, ചമ്പക്കുളം, കുമരകം തുടങ്ങിയ വള്ളംകളികൾക്കും പനച്ചിക്കാടിന്റെ പെരുമ നിറയുന്ന തുഴകളാണ് ഉപയോഗിക്കുന്നത്. സീസൺ കഴിഞ്ഞാലും കടകളിലേക്കും മറ്റുമായി ചെറുവള്ളങ്ങൾക്കായി തുഴ പതിവായി ഇവിടെ നിർമ്മിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: Panachikkad to pre­pare pad­dles for Vallamkali

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.