22 November 2024, Friday
KSFE Galaxy Chits Banner 2

പഞ്ചായത്തുകളും വില്പനക്ക്

സുരേന്ദ്രൻ കുത്തനൂർ
തിരുവനന്തപുരം
November 5, 2021 10:37 pm

രാജ്യത്തിന്റെ പൊതുമേഖല മുഴുവൻ വിറ്റു തുലയ്ക്കുന്ന മോഡി സർക്കാർ ഗ്രാമ പഞ്ചായത്തുകളെയും വില്പനയ്ക്ക് വച്ചു. പഞ്ചായത്തുകളുടെ ആസ്തികൾ വിറ്റും പാട്ടത്തിന് നൽകിയും റവന്യു വരുമാനം കൂട്ടണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം. സ്വന്തം ആസ്തികൾ സ്വകാര്യ മേഖലക്ക് വിറ്റഴിച്ച് വിഭവ സമാഹരണം നടത്തണമെന്ന് നിർദ്ദേശിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര പഞ്ചായത്തീ രാജ് മന്ത്രാലയം കത്തു നൽകി. ഗ്രാമസഭകളെ കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി എന്ന കുറിപ്പോടെ 2021 ഓഗസ്റ്റ് 16 നാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സെക്രട്ടറി കത്തയച്ചിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ മുതൽ റയിൽ, റോഡ് തുടങ്ങി 13 മേഖലകളിലെ ആറ് ലക്ഷം കോടി രൂപയുടെ ആസ്തി നാല് വർഷം കൊണ്ട് സ്വകാര്യമേഖലയെ ഏൽപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. അതേ ദിവസം തന്നെയാണ് പഞ്ചായത്തീരാജ് സെക്രട്ടറി സുനിൽകുമാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. ഗ്രാമസഭകൾക്ക് മാസം തോറും പരിഗണിക്കേണ്ടതെന്ന് സൂചിപ്പിച്ച് 71 വിഷയങ്ങളാണ് കത്തിലെ (ഡി ഒ നമ്പർ എം- 11015/98/2021-എഫ്ഡി) മാതൃകാ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഓഗസ്റ്റ് മാസത്തിൽ ഗ്രാമസഭകൾ പരിഗണിക്കാനായി നിർദ്ദേശിച്ചിട്ടുള്ള അജണ്ടയിലാണ് ആസ്തികളുടെ വില്പനാ നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. വസ്തു നികുതി, തൊഴിൽ നികുതി, പൊതു സ്വത്തുകളുടെ പാട്ടം, സർവീസ് ചാർജ്ജ്, സി എസ് ആർ ഫണ്ട് ഉപയോഗപ്പെടുത്തൽ എന്നിവയും ഒപ്പം അജണ്ടയായി കുറിച്ചിട്ടുണ്ട്. രാജ്യത്തെ പാപ്പരാക്കുന്ന കേന്ദ്രത്തിന്റെ ആസ്തി വില്പനയെ കേരളം അടക്കം സംസ്ഥാന സർക്കാരുകൾ അതിശക്തിമായി എതിർക്കുകയാണ്. ആസ്തി വിറ്റഴിക്കലിനെതിരെ ഇടതുപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളാണ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് ഗ്രാമ വികസന ഫണ്ട് വെട്ടിക്കുറയ്ക്കാൻ ഇങ്ങനെയൊരു ഉത്തരവുമായി കേന്ദ്രം നേരിട്ട് പഞ്ചായത്തുകളിൽ പിടിമുറുക്കുന്നത്.

വില്‍ക്കേണ്ടവ

പഞ്ചായത്തുകളുടെ കീഴിലുള്ള ആശുപത്രികൾ, കളിസ്ഥലങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, മറ്റ് ആസ്തികൾ എന്നിവ സ്വകാര്യ മേഖലയ്ക്ക് കൈമാറണമെന്നാണ് നിര്‍ദ്ദേശം. ഉടമസ്ഥാവകാശം കൈമാറാതെ, നിശ്ചിത കാലത്തേക്ക് കരാർ വ്യവസ്ഥയിൽ ആസ്തികളുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറി അടിസ്ഥാന സൗകര്യ വികസന ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് നീതി ആയോഗ് തയ്യാറാക്കിയ മാർഗരേഖയിൽ ചൂണ്ടിക്കാട്ടുന്നത്.

നിർദ്ദേശം പിൻവലിക്കണം: മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളും സ്വന്തം ആസ്തികൾ സ്വകാര്യമേഖലയ്ക്ക് വിറ്റഴിച്ച് വിഭവ സമാഹരണം നടത്തണമെന്ന കേന്ദ്രനിർദ്ദേശം വിത്തെടുത്ത് കുത്തുന്ന നിലപാടാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഭരണഘടനയേയും ജനാധിപത്യത്തേയും അട്ടിമറിക്കുന്ന നീക്കത്തിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതികരിക്കണമെന്നും വിവാദ നിർദ്ദേശം പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. അധികാര വികേന്ദ്രീകരണ പ്രക്രിയയ്ക്കും ജനകീയാസൂത്രണത്തിനും പകരം കോർപ്പറേറ്റ് അജണ്ടകൾ തോന്നുംപടി നടപ്പിലാക്കുന്ന അധികാര കേന്ദ്രങ്ങളായി ഗ്രാമപഞ്ചായത്തുകളെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ നിർദ്ദേശം. കോർപ്പറേറ്റുകൾക്ക് രാജ്യത്തെ തീറെഴുതുക എന്നത് അക്ഷരാർത്ഥത്തിൽ നടപ്പിലാക്കാനുള്ള നീക്കമാണ് കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറിയുടെ നിർദ്ദേശത്തിന് പിന്നിലുള്ളതെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര ഗ്രാന്റ് നിര്‍ത്തലാക്കുക ലക്ഷ്യം

തനത് ഫണ്ടിനും സംസ്ഥാന ബജറ്റ് വിഹിതത്തിനുമൊപ്പം കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റുകളെയും ആശ്രയിച്ചാണ് പഞ്ചായത്തുകളുടെ പ്രവർത്തനം. ഭാവിയിൽ കേന്ദ്ര ഫണ്ട് ഇല്ലാതാക്കുകയാണ് ആസ്തി വില്പനയിലൂടെ തനത് ഫണ്ട് കണ്ടെത്താനുള്ള നിർദ്ദേശം എന്നാണ് സൂചന. റോഡുകൾ, സ്റ്റേഡിയങ്ങൾ, തീവണ്ടികൾ, റയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവ സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവള സ്വകാര്യവൽക്കരണവും നടക്കുന്നു. ഇതേ മാതൃകയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ഗ്രാമപഞ്ചായത്തുകളുടെ ആസ്തികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറണമെന്നാണ് പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നിർദ്ദേശം.

ENGLISH SUMMARY:Panchayats for sale

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.