കണ്ണൂര്‍ ജില്ലയിലെ കക്കാട്ട് സാധാരണകുടുംബത്തില്‍ ജനനം. അച്ഛന്‍ രാമന്‍, അമ്മ യശോദ. കക്കാട് കോര്‍ജാന്‍ യുപി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോള്‍ തന്നെ ബീഡിത്തൊഴിലില്‍ ഏര്‍പ്പെട്ടു. വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തില്‍ സജീവമായി. 1964 ജനുവരിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. കക്കാട് ബ്രാഞ്ച് സെക്രട്ടറിയും കണ്ണൂര്‍ താലൂക്ക് സെക്രട്ടറിയുമായിരുന്നു. ബാങ്ക് ദേശസാല്‍ക്കരണം ആവശ്യപ്പെട്ട് സിപിഐ നടത്തിയ ദേശീയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് 1965 കാലഘട്ടത്തില്‍ രണ്ടാഴ്ചക്കാലം ജയില്‍വാസം അനുഭവിക്കുമ്പോള്‍ പന്ന്യന് 18 വയസ് തികഞ്ഞിരുന്നില്ല. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന കെ പി ഗോപാലന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പമാണ് ജയില്‍വാസം അനുഭവിച്ചത്. പിന്നീടും നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട് പന്ന്യന്‍.
ആദ്യ ജില്ലാ കൗണ്‍സിലിലേക്ക് 1989ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അഴീക്കോട് ഡിവിഷനില്‍ നിന്നും ജയിച്ച പന്ന്യന്‍ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനായി. 1979 മുതല്‍ 82 വരെ എഐവൈഎഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. ചരിത്രത്തില്‍ ഇടം നേടിയ ‘തൊഴില്‍ അല്ലെങ്കില്‍ ജയില്‍’ സമരം നടന്നത് പന്ന്യന്‍ എഐവൈഎഫ് പ്രസിഡന്റായിരിക്കുമ്പോഴാണ്. 1982 മുതല്‍ 86 വരെ സിപിഐ അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.
1982ല്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമായി. 1996 മുതല്‍ ഒമ്പതു വര്‍ഷക്കാലം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. 2005 നവംബറില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിനകത്തും പുറത്തുമുള്ള സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. 2005ല്‍ ദേശീയ എക്‌സിക്യൂട്ടിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2012 മുതൽ 2015 വരെ സിപിഐ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാനുമായിരുന്നു.
മികച്ച പൊതുപ്രവര്‍ത്തകനുള്ള 2004ലെ മനിയേരി മാധവന്‍ പുരസ്കാരം, അബുദാബി, കുവൈത്ത്, മസ്കറ്റ് എന്നിവിടങ്ങളിലുള്ള മലയാളി ക്ലബുകള്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്, വി പി സിങ്ങ്, പി ഗംഗാധരന്‍, പി ടി ചാക്കോ, എം ടി ചന്ദ്രസേനന്‍, പികെവി, വിജയന്‍ സര്‍ തുടങ്ങിയവരുടെ പേരിലുള്ള അവാര്‍ഡുകള്‍ നേടിയുണ്ട്.
കണ്ണൂരില്‍ ചെറുപ്പകാലത്ത് ലക്കി സ്റ്റാര്‍ ക്ലബിന് വേണ്ടി ഫുട്ബോള്‍കളിക്കാരനായിരുന്നു പന്ന്യന്‍. ആകാശവാണിയില്‍ ഫുട്ബോള്‍ റണ്ണിങ് കമന്റേറ്റര്‍ ആയിരുന്നു. നിരവധി മത്സരങ്ങളില്‍ കമന്ററി പറഞ്ഞിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിലൂടെ, ഫുട്ബോളിന്റെ ചരിത്രം, ലോകം കാറ്റ് നിറച്ച പന്തിന്റെ കൂടെ, ഫുട്ബോളും സോവിയറ്റ് യൂണിയനും എന്നീ പുസ്തകങ്ങള്‍ ഫുട്ബോളിനക്കുറിച്ച് എഴുതി. ചരിത്രമെഴുതി ചരിത്രമായവര്‍, ഒഎന്‍വി തേജസോടെ എന്നും, ഭരത് മുരളി അഭിനയും ജീവിതം എന്നീ പുസ്തകങ്ങളും പന്ന്യന്റേതായിട്ടുണ്ട്.
പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, തോപ്പില്‍ഭാസി ഫൗണ്ടേഷന്‍, പിടി ഭാസ്കരപ്പണിക്കര്‍ ഫൗണ്ടേഷന്‍, പ്രൊഫ. എന്‍ കൃഷ്ണപ്പിള്ള ഫൗണ്ടേഷന്‍ തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയായി പ്രവര്‍ത്തിക്കുന്നു. ഭാര്യ: രത്നവല്ലി. മക്കള്‍: രാകേഷ്, രൂപേഷ്, രതീഷ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.