5 November 2024, Tuesday
KSFE Galaxy Chits Banner 2

പന്ന്യൻ പ്രിയപ്പെട്ട പന്ന്യൻ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
April 11, 2024 4:15 am

കേരളതലസ്ഥാനം നിരവധി പ്രഗത്ഭരെ ലോക്‌സഭയിലെത്തിച്ചിട്ടുണ്ട്. അതിൽ ഈശ്വരയ്യരും വി കെ കൃഷ്ണമേനോനും എം എൻ ഗോവിന്ദൻ നായരും പി കെ വാസുദേവൻ നായരും പെടും. എന്നാൽ ഇവരിൽ നിന്നൊക്കെ വ്യത്യസ്തനായ ഒരാളെയും തിരുവനന്തപുരത്തെ നല്ലവരായ ജനങ്ങൾ പാർലമെന്റിലേക്ക് സ്വന്തം പ്രതിനിധിയായി അയച്ചിരുന്നു. പൊൽത്തിങ്കൾക്കല പൊട്ടുതൊട്ട ഹിമവൽശൈലാഗ്രശൃംഗത്തിലെത്തി സങ്കല്പഹംസങ്ങൾ നീന്തിക്കളിക്കുന്ന മാനസസരസിൽ മുഖം നോക്കിയ ഒരു സാധാരണക്കാരനായിരുന്നു അത്. തലസ്ഥാനത്തെ ആൾത്തിരക്കുള്ള നഗരവീഥികളിലൂടെ ഔദ്യോഗിക വാഹനങ്ങൾ അലറിപ്പാഞ്ഞുപോയ വൈകുന്നേരങ്ങളിൽ കടലകൊറിച്ചുകൊണ്ട് നടന്നുപോയിരുന്ന ഒരു സഖാവ്. ആരുടെയും സങ്കടങ്ങൾ ശ്രദ്ധാപൂർവം കേട്ടു പരിഹാരം നിർദേശിച്ചിരുന്ന ജനങ്ങളുടെ സ്വന്തം സഖാവ്. തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ കിട്ടാത്ത പുസ്തകങ്ങൾ പുളിമൂട്ടിലെ മോഡേൺ ബുക്ക് സെന്ററിൽ നിന്നോ ഹിഗിൻ ബോതംസിൽ നിന്നോ വാങ്ങി വായിക്കുന്ന അത്ഭുതവായനക്കാരൻ. ആ അസാധാരണനായ സാധാരണക്കാരനെയാണ് തിരുവനന്തപുരത്തെ മീൻപിടിത്തക്കാർ അടക്കമുള്ള നല്ല മനുഷ്യർ പാർലമെന്റിലേക്ക് അയച്ചത്.
അദ്ദേഹം ഒരിക്കൽ സിറ്റിയിൽ നിന്നും നെടുമങ്ങാട്ടേക്ക് കെഎസ്ആർടിസി ബസിൽ സഞ്ചരിക്കുകയായിരുന്നു. ടിക്കറ്റെടുക്കാൻ നോക്കിയപ്പോൾ പണം ആരോ പോക്കറ്റടിച്ചിരിക്കുന്നു. നെടുമങ്ങാട് ഡിപ്പോയിലെത്തുമ്പോൾ വാങ്ങിത്തരാമെന്ന് കണ്ടക്ടറോട് കടംപറയുന്നു. അവിടെച്ചെന്ന് സഖാക്കളായ ജീവനക്കാരിൽ നിന്നും പണം വാങ്ങി ടിക്കറ്റ് കാശു കൊടുക്കുന്നു. പോക്കറ്റടിക്കാരനെ പിടിക്കണമല്ലോ. എല്ലാ പോക്കറ്റടിക്കാരെയും പൊലീസിനറിയാം. അദ്ദേഹം പറഞ്ഞു; ‘വേണ്ട, ആ പോക്കറ്റടിക്കാരൻ കുഞ്ഞിനു മരുന്ന് വാങ്ങാൻ വേണ്ടിയാണെങ്കിലോ പണമെടുത്തത്, സാരമില്ല’. ഇങ്ങനെയും മനുഷ്യരുണ്ടോ! ഉണ്ടായിരുന്നു. ആ പാർലമെന്റ് അംഗത്തിന്റെ പേര് കെ വി സുരേന്ദ്രനാഥ്. 

പന്ന്യൻ, താങ്കൾ ആ ആശാന്റെ ശിഷ്യനാണ്. എകെജിയെ അഭിമാനത്തോടെ ചൂണ്ടിക്കാട്ടിത്തന്ന അമ്മയുടെ ഓമനമകൻ. എപ്പോഴും അമ്മയെ ഓർമ്മിക്കുന്ന അസാധാരണമനുഷ്യൻ. ധനികർ തരുന്ന പാരിതോഷികങ്ങൾ കുപ്പായമായാലും കുടയായാലും വാച്ചായാലും ഫോണായാലും സ്വീകരിക്കരുതെന്ന വെളിയം ഭാർഗവന്റെയും മറ്റും നിർദേശങ്ങൾ ഇപ്പോഴും പാലിക്കുന്ന പന്ന്യൻ രവീന്ദ്രൻ. കേരളീയ യുവത്വത്തിന്റെ രവിയേട്ടൻ. കാസർകോട്ടെ രാധാകൃഷ്ണനും വയനാട്ടിലെ ബേബി കാസ്ട്രോയും തൃശൂരെ രാജനും മറ്റും രവിയേട്ടനെന്ന് ഹൃദയബന്ധത്തോടെ പറയുന്നതു കേട്ട് ഞാൻ വിസ്മയിച്ചിട്ടുണ്ട്.
ഒരു ദിവസം തീവണ്ടിയിൽ, ഇരിക്കാൻ സീറ്റുണ്ടായിട്ടും പന്ന്യൻ വാതിലിന് സമീപം നിൽക്കുകയാണ്. പന്ന്യന് അനുവദിച്ചിരുന്ന സീറ്റിൽ അപരിചിതയായ ഒരമ്മ ഇരിപ്പുണ്ട്. പന്ന്യൻ നിൽക്കുന്നത് കണ്ട് ഞാനും ഒപ്പം കൂടി. ഇറങ്ങുന്നവരും കയറുന്നവരും വിവിധ സ്റ്റേഷനുകളിൽ നിൽക്കുന്നവരുമെല്ലാം പന്ന്യനെ അഭിവാദ്യം ചെയ്യുന്നത് കണ്ണുനിറയെ ഞാൻ കണ്ടുനിന്നു. കൊയിലാണ്ടിയിൽ വയലാർ അനുസ്മരണത്തിന് പോയപ്പോൾ ചായപ്പീടികയിൽ ഇരിക്കുന്നവരെ നോക്കി, നേരിട്ടൊരു പരിചയവും ഇല്ലെങ്കിലും നമ്മടെ ജനങ്ങൾ എന്നു പറഞ്ഞ പന്ന്യൻ പിന്നെയും എന്നെ വിസ്മയപ്പെടുത്തി. ലോകത്തുള്ള എല്ലാ സാധാരണ മനുഷ്യരും പന്ന്യന് സ്വന്തം ആൾക്കാരാണ്! ഈ ബോധം കൊണ്ടാണ് സ്വന്തം ആളെന്ന നിലയിൽ തിരുവനന്തപുരത്തെ ജനങ്ങൾ നിങ്ങളെ അവരുടെ പ്രതിനിധിയാക്കിയത്. പന്ന്യന്റെ സ്വീകരണയോഗങ്ങൾ കാണാൻ അന്ന് ഒരു സ്കൂട്ടറിന്റെ പിന്നിലിരുന്നു ഞാനും വളരെ ദൂരം സഞ്ചരിച്ചിരുന്നു. തിരുവനന്തപുരത്തുകാർക്ക് എന്തൊരാവേശമായിരുന്നു. ആ ആവേശമെല്ലാം വോട്ടായി മാറുകയായിരുന്നു. 

കവിയരങ്ങിനു മുന്നിൽ ശ്രദ്ധയോടെ ഇരുന്ന നേതാക്കളെ ഞാനോർക്കുകയാണ്. എ ബി ബർദാൻ, സുധാകര്‍ റെഡ്ഡി, പി കെ വാസുദേവൻ നായർ, സി കെ ചന്ദ്രപ്പൻ, വെളിയം ഭാർഗവൻ, എം എ ബേബി, കെ എൻ രാമചന്ദ്രൻ, ഡോ. വി വേണുഗോപാൽ, വരവരറെഡ്ഡി… ഇക്കൂട്ടത്തിൽ സ്ഥിര സാന്നിധ്യമായിരുന്നു പന്ന്യൻ രവീന്ദ്രൻ. ‘ചായ’ തുടങ്ങിയ കവിതകൾ മനസിൽ സൂക്ഷിച്ച് എന്റെ അസാന്നിധ്യത്തിൽ സന്ദർഭോചിതമായി പന്ന്യൻ ഉപയോഗിച്ചിരുന്നു. പുസ്തകം വായിച്ചിട്ട് എനിക്കു കത്തെഴുതിയ ഏക ലോക്‌സഭാംഗം പന്ന്യൻ രവീന്ദ്രനാണ്. തിരുവനന്തപുരത്തിന്റെ സ്വന്തം കവി എ അയ്യപ്പന്റെ രചനകളെ ആഴത്തിൽ മനസിലാക്കിയ ഏക മുൻനിരരാഷ്ട്രീയക്കാരനാണ് പന്ന്യൻ രവീന്ദ്രൻ.
ബാലസംഘത്തിന്റെ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ശേഷം ഒരിക്കൽ ഞാൻ പന്ന്യന്റെ വീട്ടിൽ ചെന്നിരുന്നു. അന്ന് ഒരു അപകടത്തിൽ കാലിനു പരിക്കേറ്റ് വിശ്രമിക്കുകയായിരുന്നു പന്ന്യൻ. അതുകൊണ്ടാണ് ഞാൻ ചെന്നത്. എത്ര ചെറിയ വീട്. എത്ര ലളിതമായ ജീവിതമാണ് ആ കുടുംബത്തിന്റേത്! തിരുവനന്തപുരത്തെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രനു താരതമ്യങ്ങളില്ല. ഫിലിം ഫെസ്റ്റിവൽ മുടങ്ങാതെ കാണുന്ന പന്ന്യൻ. ഫുട്ബോൾ പ്രേമിയും കളിയെക്കുറിച്ച് പുസ്തകമെഴുതിയ പഴയ ഫുട്ബോൾ താരവുമായ പന്ന്യൻ. അവകാശസമരങ്ങളുടെ മുന്നിൽ നിൽക്കുന്ന പന്ന്യൻ. പാവങ്ങളുടെ പടത്തലവനായ എകെജിയുടെ സ്വന്തം അനുയായിയായ പന്ന്യൻ.
പാവം പന്ന്യൻ രവീന്ദ്രൻ. മൂവായിരം രൂപയും പോക്കറ്റിലിട്ടുകൊണ്ടാണ് കോടീശ്വരനും ശതകോടീശ്വരനും ഒപ്പം മത്സരിക്കുന്നത്. സഖാവ് പന്ന്യൻ രവീന്ദ്രന്റെ സമ്പത്ത് തിരുവനന്തപുരത്തെ ജനങ്ങളാണ്. വിജയാശംസകൾ. 

TOP NEWS

November 5, 2024
November 5, 2024
November 4, 2024
November 4, 2024
November 3, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.