
കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവിന് നാളെ തുടക്കം. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാേദ്ര പരോളിനാണ് കോൺക്ലേവിന് നേതൃത്വം നൽകുന്നത്. വോട്ടവകാശമുള്ള 131 കർദിനാൾമാർ ഇതിനകം വത്തിക്കാനിലെത്തി. നാലു പേർ കൂടിയാണ് ഇനി എത്തേണ്ടതെങ്കിലും ഇതിൽ രണ്ടുപേർ നേരത്തെ തന്നെ അനാരോഗ്യത്തെ തുടർന്ന് പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. താമസം ഒരുക്കിയിട്ടുള്ള കാസ സാന്താ മാർത്തയിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ കർദിനാൾമാർ താമസം സാന്താ മാർത്തയിലേക്ക് മാറ്റി. മാർപാപ്പ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ വ്യക്തമാക്കുവാനായി സിസ്റ്റെൻ ചാപ്പലിനു മുകളിൽ ചിമ്മിനി കുഴൽ സ്ഥാപിച്ചു. കോണ്‍ക്ലേവില്‍ പതിവുപോലെ യൂറോപ്പിൽ നിന്നാണ് കർദിനാൾമാർ കൂടുതൽ. വോട്ടവകാശമുള്ള 53 കർദിനാൾമാരാണ് യൂറോപ്പിൽ നിന്നും ഉള്ളത്. ഇതിൽ തന്നെ ഇറ്റലിയിൽ നിന്നാണ് ഏറ്റവും കൂടുതൽ, 17 പേര്‍.
ഫ്രാൻസ് (5), സ്പെയിൻ (5), പോർച്ചുഗൽ (4), സ്വിറ്റ്സ്സർലൻഡ് (2), യുകെ (3), ജർമ്മനി (3), പോളണ്ട് (4), ബെൽജിയം, ബോസ്നിയ, ക്രോയേഷ്യ, ഹംഗറി, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലന്റ്സ്, സെർബിയ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തർ വീതം എന്നിങ്ങനെയാണ് കർദിനാളുമാർ. നോർത്ത് അമേരിക്ക‑16, സൗത്ത് അമേരിക്ക‑17, സെൻട്രൽ അമേരിക്ക‑4, ആഫ്രിക്ക‑18, ഏഷ്യ‑23, ഓഷ്യാന‑4 എന്നിങ്ങനെയാണ് യൂറോപ്പിനു പുറത്തുനിന്നുള്ള കർദിനാൾമാരുടെ എണ്ണം. ഇന്ത്യയിൽ നിന്നും കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ്, കർദിനാൾ ജോർജ്ജ് കൂവക്കാട്, ഗോവ, ദാമൻ അതിരൂപതയുടെ ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആർച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് വോട്ടവകാശമുള്ള കർദിനാള്‍മാർ. കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ഇത് രണ്ടാം തവണയാണ് പേപ്പൽ കോൺക്ലേവിൽ പങ്കെടുക്കുന്നത്.
സിസ്റ്റൈൻ ചാപ്പലിൽ വച്ചാണ് കോൺക്ലേവ് കൂടുന്നത്. കർദിനാൾമാർ ഉള്ളിൽ കയറിയാൽ രണ്ടു വാതിലുകളുള്ള സിസ്റ്റെൻ ചാപ്പൽ അടയ്ക്കും. കോൺക്ലേവിൽ പങ്കെടുക്കുന്ന കർദിനാൾമാർ തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കാമെന്ന് സത്യപ്രതിജ്ഞ ചെയ്യണം. പ്രതിജ്ഞയെടുത്തശേഷം പുതിയ പാപ്പയെ തെരഞ്ഞെടുക്കുന്നതുവരെ പുറംലോകവുമായി കർദിനാൾമാർക്കു യാതൊരു ബന്ധവുമുണ്ടായിരിക്കില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.