23 December 2024, Monday
KSFE Galaxy Chits Banner 2

പാരസെറ്റാമോള്‍ ഹൃദയ, കിഡ്നി രോഗസാധ്യത വര്‍ധിപ്പിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
December 14, 2024 10:47 pm

സാധാരണയായി ഉപയോഗിച്ച് വരുന്ന പാരസെറ്റാമോള്‍ ഗുളിക ഗ്യാസ്ട്രോ, ഹൃദയ, കിഡ്നി രോഗസാധ്യതകള്‍ വര്‍ധിപ്പിക്കുന്നുവെന്ന് പഠനം. ബ്രിട്ടനിലെ നോട്ടിങ്ഹാം സര്‍വകലാശാലയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. വേദന മുതല്‍ പനി വരെ ഒട്ടുമിക്ക അസുഖങ്ങള്‍ക്കും പ്രതിവിധിയായി പാരസെറ്റാമോള്‍ ഉപയോഗിക്കാറുണ്ട്. വേദനശമനത്തിന് ഉള്‍പ്പെടെ പാരസെറ്റാമോളിന് ഫലപ്രാപ്തിയുണ്ടെന്ന് ചില പഠനങ്ങള്‍ കണ്ടെത്തുമ്പോഴാണ് തുടര്‍ച്ചയായുള്ള ഉപയോഗം രോഗസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന പഠനഫലങ്ങള്‍ പുറത്തുവരുന്നത്. 

പാരസെറ്റാമോള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ പെപ്റ്റിക് അള്‍സര്‍ ബ്ലീഡിങ്ങ്, ലോവര്‍ ഗ്യാസ്ട്രോഇന്റെസ്റ്റിനല്‍ ബ്ലീഡിങ് എന്നിവയ്ക്കുള്ള സാധ്യത 24,36 ശതമാനമാണ്. സങ്കീര്‍ണമായ കിഡ്നി രോഗങ്ങള്‍ക്ക് 19 ശതമാനം സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഒമ്പത്, ഹൈപ്പര്‍ ടെന്‍ഷന് ഏഴ് ശതമാനം വീതവുമാണ് സാധ്യത.

പതിവായി പാരസെറ്റാമോള്‍ കഴിക്കുന്ന ബ്രിട്ടനിലെ പ്രായമായവരില്‍ കിഡ്നി, ഹൃദയം, ഗ്യാസ്ട്രോ എന്നിവ സംബന്ധിച്ച സങ്കീര്‍ണ രോഗങ്ങള്‍ കണ്ടെത്തിയെന്ന് ആര്‍ത്രൈറ്റ്സ് കെയര്‍ ആന്റ് റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഗവേഷകര്‍ പറയുന്നു. സ്ഥിരമായി പാരസെറ്റാമോള്‍ ഉപയോഗിക്കുന്ന 1.80 ലക്ഷം പേരിലാണ് പഠനം നടത്തിയത്. ആറ് മാസത്തിനുള്ളില്‍ രണ്ടിലധികം തവണയാണ് ഇവര്‍ക്ക് പാരസെറ്റാമോള്‍ നല്‍കിയിരിക്കുന്നത്. പാരസെറ്റാമോള്‍ സ്ഥിരം ഉപയോഗിക്കാത്ത 4.02ലക്ഷം പേരുമായി താരതമ്യം ചെയ്തായിരുന്നു പഠനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.