22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 4, 2024
December 1, 2024
November 29, 2024
November 14, 2024
October 23, 2024
October 11, 2024
September 18, 2024
September 18, 2024
September 6, 2024
August 26, 2024

ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ടു

Janayugom Webdesk
ധാക്ക
August 6, 2024 11:07 pm

പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവച്ച് രാജ്യം വിട്ടതിനു പിന്നാലെ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ബംഗ്ലാദേശ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. നിലവിലെ പാർലമെന്റ് പിരിച്ചുവിടാൻ വിദ്യാർത്ഥി നേതാക്കൾ സമയപരിധി പ്രഖ്യാപിക്കുകയും പാലിക്കാത്തപക്ഷം കർശനമായ നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സായുധ സേനാ മേധാവികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പൗരസമൂഹ പ്രതിനിധികള്‍, വിദ്യാര്‍ത്ഥി നേതാക്കള്‍ എന്നിവരുമായി നടത്തിയ യോഗത്തിനു ശേഷമാണ് പ്രസിഡന്റിന്റെ തീരുമാനം.
പാർലമെന്റ് പിരിച്ചുവിട്ട് 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണം. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എല്ലാ ജനാധിപത്യ, ദേശാഭിമാന ശക്തികളുമായുള്ള ചർച്ചകളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം ഇടക്കാല സർക്കാർ രൂപീകരിക്കേണ്ടതെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബംഗ്ലാദേശ് (സിപിബി) നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി നൊബേല്‍ ജേതാവ് മുഹമ്മദ് യൂനസിനെ വിദ്യാര്‍ത്ഥി നേതാക്കള്‍ നിര്‍ദേശിച്ചിട്ടുണ്ട്. യൂനുസുമായി സംസാരിച്ചുവെന്നും സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചതായും നേതാക്കള്‍ വ്യക്തമാക്കി. സെെനിക മേധാവി ഹക്കര്‍ ഉസ്‍ സമാനുമായും വിദ്യാര്‍ത്ഥികള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സെെന്യത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന് സ്റ്റുഡന്‍സ് എഗെയ‍്ന്‍സ്റ്റ് ഡിസ്ക്രിമിനേഷൻ നേതാവ് നഹിദ് ഇസ്ലാം പറഞ്ഞു.
ഷേഖ് ഹസീനയുടെ രാജി, പ്രവാസത്തിലുള്ള മുഹമ്മദ് യൂനസ് സ്വാഗതം ചെയ്തു. രാജ്യത്തിന്റെ രണ്ടാം വിമോചനം എന്നാണ് യൂനസ് സ്ഥിതിഗതികളെ വിശേഷിപ്പിച്ചത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായവരെ വിട്ടയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും നിരവധി പേരെ ഇതിനകം മോചിപ്പിച്ചതായും പ്രസി‍‍ഡന്റ് ഓഫിസ് അറിയിച്ചു.

സംവരണ വിരുദ്ധ സമരത്തിനിടെ അറസ്റ്റിലായ ബിഎൻപി സ്റ്റാൻഡിങ് കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ അമീർ ഖോസ്രു മഹ്മൂദ് ചൗധരി ഉൾപ്പെടെ 1,000 ബിഎൻപി-ജമാഅത്ത് നേതാക്കൾക്കും പ്രവർത്തകർക്കും ധാക്ക കോടതി ജാമ്യം അനുവദിച്ചു. ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിച്ചതായും അറിയിച്ചു. 2020മാര്‍ച്ചില്‍ ശിക്ഷ റദ്ദാക്കിയിരുന്നെങ്കിലും വീട്ടുതടങ്കലില്‍ തുടരുകയായിരുന്നു ഖാലിദ. സിയ ഓർഫനേജ് ട്രസ്റ്റ് അഴിമതി കേസില്‍ പ്രത്യേക കോടതിയാണ് ഖാലിദയെ ശിക്ഷിച്ചിരുന്നത്.
ഏതാനും ആഴ്ചകളായി നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭാ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടു. അതിനിടെ ലണ്ടനില്‍ രാഷ്ട്രീയ അഭയം ലഭിക്കുന്നതുവരെ ഷേഖ് ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് സൂചന. ഹസീനയ്ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ബ്രിട്ടന്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര സംരക്ഷണം തേടുന്നവര്‍, അവര്‍ സുരക്ഷിതമായി ആദ്യം എത്തിച്ചേരുന്ന രാജ്യത്തു തന്നെ അഭയം തേടണം. അതാണ് സുരക്ഷിതത്വത്തിലേക്കുള്ള ഏറ്റവും വേഗതയേറിയ വഴിയെന്നും ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് വക്താവ് വ്യക്തമാക്കി.

കരുതലോടെ ഇന്ത്യ; സര്‍വകക്ഷി യോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരതയും കലാപവും വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ബംഗ്ലാദേശിലെ കലാപം രാജ്യത്ത് സൃഷ്ടിച്ചേക്കാവുന്ന പ്രതിഫലനങ്ങള്‍ ചര്‍ച്ചയായത്.
ബംഗ്ലാദേശില്‍ 19,000 ഇന്ത്യാക്കാരുണ്ടെന്നാണ് കണക്ക്. ഇതില്‍ 9,000ത്തോളം വിദ്യാര്‍ത്ഥികളാണ്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ക്കാണ് പരിഗണന നല്‍കുന്നത്. ഇതിനു പുറമെ ഇടക്കാല അഭയം തേടി ഇന്ത്യയിലെത്തിയ മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കെതിരെ ആ രാജ്യത്ത് നിലനില്‍ക്കുന്ന എതിര്‍പ്പുകളുടെ അനുരണങ്ങള്‍ ഇവിടെയും ഉണ്ടായേക്കാനുള്ള സാധ്യതകളും അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ചര്‍ച്ചയായി. ഹസീന ഇന്ത്യയിലാണെന്നതിനപ്പുറം അവര്‍ എവിടെയാണെന്ന കാര്യം ഇനിയും സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി പുറത്തുവിട്ടിട്ടില്ല.
ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ കര്‍ശനമാക്കി. കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് ഉണ്ടാകാവുന്ന അനധികൃത കുടിയേറ്റം, മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ, ഇന്ത്യയിലുള്ള ഹസീനയുടെ സുരക്ഷയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുംഉള്‍പ്പെടെയാണ് അമിത് ഷാ, കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുള്‍പ്പെട്ട ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായത്.
സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ കേന്ദ്രം ഇന്നലെ രാവിലെ സര്‍വവകക്ഷി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരും ഐകകണ്‌ഠ്യേന രാജ്യത്തിന്റെ നിലപാടുകളെ പിന്തുണയ്ക്കണമെന്ന് യോഗത്തില്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ഹസീന ഇന്ത്യയിലേക്ക് വരാനുള്ള അനുമതി തേടിയത് കുറഞ്ഞ സമയ ക്രമത്തിലാണ്. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും ജയശങ്കര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Par­lia­ment of Bangladesh dissolved

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.