കഴിഞ്ഞ ദിവസം പാര്‍ലമെന്റ് സാക്ഷ്യം വഹിച്ച സുരക്ഷാവീഴ്ചയുള്‍പ്പെടെ നാടകീയ രംഗങ്ങള്‍ക്ക് ഉത്തരവാദി കേന്ദ്ര സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥ. ലോക്‌സഭയില്‍ കടന്നുകയറി അംഗങ്ങള്‍ക്കിടയില്‍ പുകപ്രയോഗം നടത്തിയ സംഭവത്തിന് പ്രധാന കാരണം പാര്‍ലമെന്ററി സമിതി രൂപീകരിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ ഉദാസീനതയാണെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. പാര്‍ലമെന്റ് സുരക്ഷ സംബന്ധിച്ച് സുപ്രധാന തീരുമാനം എടുക്കുന്ന, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പാര്‍ലമെന്ററി സമിതിയില്ലാത്തതാണ് സുരക്ഷാ വീഴ്ചയിലേക്ക് നയിച്ചത്.
പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി തസ്തിക മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. പാര്‍ലമെന്ററി സമിതിയാണ് ലോക്‌സഭയിലെയും രാജ്യസഭയിലെയും സുരക്ഷാ ഉദ്യോഗസ്ഥ വിന്യാസത്തിലും പാസ് അനുവദിക്കുന്നതിലും മാര്‍ഗനിര്‍ദേശം നല്‍കുക, പതിവ് സുരക്ഷാ പരിശോധന നടത്തുക , എംപി പാസിന്റെ വിശ്വാസ്യത ഉറപ്പ് വരുത്തുക എന്നിവ നീരിക്ഷിക്കേണ്ടത്. ഇതിനായി പ്രത്യേക ഉദ്യേഗസ്ഥ സംവിധാനവും സമിതിക്ക് അനുവദിക്കാറുണ്ട്.
മോഡി ഭരണത്തില്‍ അഞ്ച് വര്‍ഷമായി സമിതി രൂപീകരിച്ചിട്ടില്ല. പാര്‍ലമെന്റ് സുരക്ഷ സംബന്ധിച്ച് സുപ്രധാന തീരുമാനമെടുക്കുന്ന ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ തസ്തിക കഴിഞ്ഞ കുറെ മാസങ്ങളായി നികത്താതെ കിടക്കുകയാണ്. ജോയിന്റ് സെക്രട്ടറി ചുമതല വഹിച്ചിരുന്ന രഘുബീര്‍ ലാല്‍ ഉത്തര്‍പ്രദേശിലേക്ക് സ്ഥലം മാറ്റപ്പെട്ടശേഷം പകരം ഉദ്യോഗസ്ഥനെ നിയമിക്കാന്‍ ആഭ്യന്തര മന്ത്രാലയം പരാജയപ്പെട്ടു.
ഇതിനിടെ പാര്‍ലമെന്റ് സന്ദര്‍ശിക്കാനെത്തുന്നവരുടെ പാസുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ബിജെപി എംപിമാരുടെ പാസുമായി എത്തുന്ന സന്ദര്‍ശകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മതിയായ പരിശോധന നടത്താതെ കടത്തിവിടുന്നത് പതിവാണെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ ബിജെപി എംപിമാരുടെ പാസുമായി എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
അഞ്ച് ഘട്ട സുരക്ഷയാണ് പാര്‍ലമെന്റിന് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന വീമ്പിളക്കല്‍ നടത്തുന്ന മോഡിയും കൂട്ടരുമാണ് സുരക്ഷാ വീഴ്ചയുടെ ഉത്തരവാദികളെന്ന് ഇതിനകം വിവിധ കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു.
English Summary: Parliament security breach government negligence
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.