23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ സഖ്യം

Janayugom Webdesk
ന്യൂഡൽഹി:
December 18, 2023 8:37 am

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ മറുപടി നല്‍കണമെന്ന് ഇന്ത്യ സഖ്യം എംപിമാര്‍. പാര്‍ലമെന്റ് സമ്മേളനം ഈയാഴ്ച അവസാനിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രിയുടെ മറുപടിക്കായി സമ്മര്‍ദ്ദം ശക്തമാക്കാനും പ്രതിപക്ഷം തീരുമാനിച്ചു. സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹിന്ദി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിഷയം പരാമര്‍ശിച്ചത് കണക്കിലെടുത്താണ് നിലപാട് ശക്തമാക്കാന്‍ ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. സസ്പെന്‍ഷനെ ഭയക്കേണ്ടതില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനമെടുത്തിട്ടുണ്ട്. ലോക് സഭയിലും രാജ്യസഭയിലും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷത്തെ 14 എംപിമാരെ കഴിഞ്ഞദിവസം സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇന്ന് രാവിലെ ചേരുന്ന പ്രതിപക്ഷ സഭാ കക്ഷി നേതാക്കളുടെ യോഗം ഭാവി പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കും. ക്രിമിനല്‍ നിയമഭേദഗതി സംബന്ധിച്ച് മൂന്ന് സുപ്രധാന ബില്ലുകള്‍ സഭയില്‍ ഇന്ന് അവതരിപ്പിക്കാനിരിക്കെയാണ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം കടുത്ത നിലപാടിലേയ്ക്ക് നീങ്ങുന്നത്. പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയ്ക്ക് വിത്തുപാകിയത് കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയങ്ങള്‍ മൂലമാണെന്ന് ഇതിനകം പ്രതിപക്ഷം ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു.

പാര്‍ലമെന്റ് സുരക്ഷ അടക്കം കൈകാര്യം ചെയ്യേണ്ട ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്ററി സമിതി രൂപീകരണം, ഉദ്യോഗസ്ഥരുടെ നിയമനം തുടങ്ങിയവയില്‍ വരുത്തിയ അനാസ്ഥയാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആരോപിച്ചിരുന്നു.  പാര്‍ലമെന്റ് സുരക്ഷ പോലുള്ള ഗുരുതര വീഴ്ചയില്‍ സഭയില്‍ മറുപടി നല്‍കാതെ സഭയ്ക്ക് പുറത്ത് മറുപടി പറഞ്ഞ പ്രധാനമന്ത്രി ജനാധിപത്യത്തെ കശാപ്പ് ചെയ്തതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് അഭിപ്രായപ്പെട്ടു. സുരക്ഷാ വീഴ്ച സംബന്ധിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയില്‍ മറുപടി പറഞ്ഞേ മതിയാകൂ. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ഇതിന്റെ ഭാഗമായി ഇന്ത്യ സഖ്യത്തിലെ മുഴുവന്‍ എംപിമാരും യോജിച്ച് പോരാടുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതികളുടെ ഫോണുകള്‍ നശിപ്പിച്ച നിലയില്‍

പാർലമെന്റിലെ പുകയാക്രമണ കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളുടെ മൊബൈൽ ഫോണുകൾ കത്തിക്കരിഞ്ഞ നിലയിൽ. അവശിഷ്ടങ്ങൾ രാജസ്ഥാനിൽ നിന്നും കണ്ടെത്തി. കേസിലെ പ്രതികളുടെ ഫോണുകളെല്ലാം മുഖ്യാസൂത്രകനായ ലളിത് ഝായാണ് കൈവശം വച്ചിരുന്നത്. സംഭവശേഷം രാജസ്ഥാനിലേക്ക് കടന്ന ലളിത് ഫോണുകൾ നശിപ്പിച്ച ശേഷം കത്തിക്കുകയായിരുന്നു.
കളഞ്ഞ ഫോണിന്റെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി ശേഖരിച്ചിട്ടുണ്ട്. ഇവ വിദഗ്ധ പരിശോധന നടത്തും. ഫോണിനൊപ്പം കത്തിക്കരിഞ്ഞ നിലയിൽ ചില വസ്ത്രങ്ങളുടെയും ഷൂവിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ലളിത് ഝായെ ഡൽഹിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ച രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാവതിനെ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാര്‍ലമെന്റ് പ്രതിഷേധത്തിനായി പ്രതികള്‍ മാസങ്ങളോളം ചര്‍ച്ച നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതിനായി സിഗ്നല്‍ ആപ്പാണ് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ടെലഗ്രാം വഴിയാണ് ആശയവിനിമയം നടത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടെലഗ്രാമിനേക്കാള്‍ സുരക്ഷിതമായ സിഗ്നല്‍ ആപ്പ് ആണ് ഉപയോഗിച്ചതെന്നാണ് പുതിയ കണ്ടെത്തല്‍.

 

 

Eng­lish Summary;
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.