
സിപിഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസ് ശ്രദ്ധേയമാക്കി കലാവിരുന്നും. പഞ്ചാബിലെ ദസ്തൂരില്‍ നിന്നുള്ള ഇപ്റ്റ (ഇന്ത്യന്‍ പീപ്പിള്‍ തിയേറ്റര്‍ അസോസിയേഷന്‍) യൂണിറ്റ് അംഗങ്ങളുടെ കവിതകളായിരുന്നു ആദ്യം അവതരിപ്പിച്ചത്. ജനകീയ വിഷയങ്ങളില്‍ നിന്നും ആശയങ്ങള്‍ ഉള്‍ക്കൊണ്ട് അവയെ കവിതകളാക്കുകയായിരുന്നു. പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന കവിതാ ശകലങ്ങളില്‍ യുവതയുടെ പ്രതിരോധത്തിന്റെയും ചെറുത്തുനില്പിന്റെയും പ്രതീക്ഷകളാണ് പ്രതിഫലിച്ചത്. സിന്ദഗീ കാ ഫല്‍സഭാ മേരി രംഗ് മേ ഹേ, ക്യോം ന ഗാവു സിന്ദഗീ സിന്ദഗീ എന്നീ ഈരടികള്‍ വേദിയില്‍ സംഘത്തിലെ മുഖ്യഗായികയായ പരം വീറിന്റെ ശബ്ദമായി എത്തി. ഭയന്നു പിന്നോട്ടില്ലെന്നും മുന്നോട്ടേക്ക് , മുന്നോട്ടേക്ക് എന്ന അര്‍ത്ഥമടങ്ങിയ തുടര്‍ വരികളും സദസിന് ഉണര്‍വേകി.
വീര്‍പാല്‍ കൗറിന്റെ നേതൃത്വത്തിലുള്ള ഇപ്റ്റ സംഘത്തില്‍ അമ്പതോളം കലാകാരാണുള്ളത്. പഞ്ചാബില്‍ അടുത്തിടെയുണ്ടായ പ്രളയത്തില്‍ എല്ലാം മുങ്ങിത്താഴ്ന്നപ്പോഴും ഇപ്റ്റ പ്രവര്‍ത്തകര്‍ കലയുടെ കൈത്താങ്ങിനൊപ്പം സഹായങ്ങളുമായി മുന്നിട്ടിറങ്ങി. ഹിമാചലില്‍ നിന്നെത്തിയ നാട്യ സംഘം, ദീപശിഖകളും പതാകളുമായി പഞ്ചാബില്‍ നിന്നുള്ള കലാകാരന്മാരുടെ വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ റാലിയായെത്തി വേദിയിലുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് ദീപശിഖ കെെമാറിയത് വന്‍ ഹര്‍ഷാരവമുയര്‍ത്തി. തുടക്കത്തില്‍ സര്‍ദാര്‍ കര്‍ത്താര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പാരമ്പര്യ സംഗീത വിദഗ്ധരായ ലച്കാനി ഗ്രൂപ്പിന്റെ ഫോക് ഓര്‍ക്കസ്ട്ര, സ്വരണ്‍ സിങ് ദാലിവാളിന്റെ രസൂല്‍പൂര്‍ ജാത്താ വില്ലേജ് ഗ്രൂപ്പിന്റെ സംഗീത വിരുന്ന്, മീഥാ രംഗ് രസിന്റെ ഭഗത്‌സിങ് സ്മൃതികള്‍ അടങ്ങിയ ദല്ലാരി ഗാനങ്ങള്‍ എന്നിവ സമ്മേളനത്തിന് മാറ്റുകൂട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.