11 January 2026, Sunday

Related news

January 11, 2026
January 11, 2026
January 10, 2026
January 7, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026
January 4, 2026
January 4, 2026

ആവേശമായി ഇന്‍ക്ലൂസിവ് സ്പോര്‍ട്സ്

Janayugom Webdesk
കൊച്ചി
November 5, 2024 10:51 pm

സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ച് ഇൻക്ലൂസീവ് സ്പോർട്സ് രാജ്യത്തിന് മാതൃകയാവുമ്പോൾ പൊള്ളുന്ന ചൂടിലും തളരാത്ത ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുക്കാനായതിന്റെ ആവേശത്തിലാണ് കേരളത്തിന്റെ നാനാ ദിക്കുകളിൽ നിന്നും കൊച്ചിയിലെത്തിയ ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ള കായികതാരങ്ങൾ.
നാളിതുവരെ സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിനും കാണുന്നതിനും അവസരങ്ങൾ പോലും ഇല്ലാതിരുന്ന കുട്ടികൾക്ക് ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച സംസ്ഥാന കായിക മാമാങ്കത്തിൽ അണിചേരാൻ ഒരുക്കിയ ഇൻക്ലൂസീവ് സ്പോർട്സ് മേളയെ ആദ്യദിനത്തിൽ തന്നെ സവിശേഷമാക്കി. 

പൊതുവിദ്യാലയങ്ങളിൽ ഇൻക്ലൂസിവ് എജ്യൂക്കേഷന്റെ ഭാഗമായി പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുമാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്. 14 വയസിന് താഴെ ജൂനിയർ വിഭാഗത്തിലും 14 വയസിന് മുകളിൽ സീനിയർ വിഭാഗവുമായിട്ടാണ് മത്സരം. സമഗ്ര ശിക്ഷ കേരളം 2023–24 വർഷം ഇൻക്ലൂസിവ് സ്പോർട്സ് മാന്വലിന്റെ അടിസ്ഥാനത്തിൽ സ്കൂൾ തലം മുതൽ നടത്തിയ ഇൻക്ലൂസിവ് കായികോത്സവത്തിൽ നിന്നും ജില്ലാതലം വരെ എത്തിയ ടീം അംഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കായിക താരങ്ങളാണ് മേളയിൽ മാറ്റുരയ്ക്കാൻ എത്തിയിട്ടുള്ളതെന്ന് സ്റ്റേറ്റ് പ്രോഗ്രാം ഓഫിസർ രശ്മി ടി എൽ പറഞ്ഞു. 

ഫുട്‍ബോൾ, ഷട്ടിൽ ബാൻഡ്മിന്റൺ, ഹാൻഡ് ബോൾ, 400 മീ. മിക്സഡ് റിലേ, മിക്സഡ് സ്റ്റാന്റിങ് ലോങ്ങ് ജംപ്, മിക്സഡ് സ്റ്റാൻഡിങ് ത്രോ, 100 മീറ്റർ ഓട്ടം കാഴ്ച പരിമിതർക്ക് മാത്രം, തുടങ്ങിയ ഇനങ്ങളിലാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മത്സരിക്കാൻ കഴിയുന്നത്. ടീം ഇനങ്ങളിലായിട്ടാണ് മത്സരം. ടീമിൽ ഒരു കുട്ടി പൊതുവിഭാഗത്തിൽ നിന്നും ഉള്ളതാണ് എന്നതും മത്സരം നിയന്ത്രിക്കാൻ സഹായകമാണ്. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങളും സഹായത്തിന് വോളന്റിയർമാരുടെ സേവനവും ഇവർക്ക് ഉറപ്പുവരുത്തിയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്. 1461 മത്സരാർത്ഥികളും 294 സപ്പോർട്ടിങ് മെമ്പർമാരും 304 എസ്കോർട്ടിങ് ടീച്ചർമാരും, ഉൾപ്പെടെ 2059 പേരാണ് 14 ജില്ലകളിൽ നിന്നുമായി എത്തിയിട്ടുള്ളത്. ഇന്നും ഇവർക്കുള്ള മത്സരം നടക്കും.
കുട്ടികളും രക്ഷിതാക്കളും ഏറെ താല്പര്യപൂർവമാണ് മേളയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചപ്പോൾ പ്രതികരിച്ചതെന്നും മറ്റു കുട്ടികൾക്കൊപ്പം ഇവരും സമൂഹത്തിൽ ഒന്നിച്ച് പ്രവർത്തിക്കാനും മത്സരിക്കാനും മാനസികമായ ആരോഗ്യം നൽകുവാൻ ഈ അവസരം പ്രയോജനകരമാണെന്നും രശ്മി ടി എൽ വ്യക്തമാക്കി.
പ്രോത്സാഹനമേകാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കായിക വേദികളിലെത്തിയത് കുട്ടികൾക്ക് ആത്മവിശ്വാസവും ഉണർവും സമ്മാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.