25 December 2024, Wednesday
KSFE Galaxy Chits Banner 2

മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ പവാറിന്റെ പടിയിറക്കം

Janayugom Webdesk
മുംബൈ
November 23, 2024 10:27 pm

അഞ്ച് പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും മോശം പരാജയം ഏറ്റുവാങ്ങി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാര്‍. അഞ്ച് മാസം മുമ്പ് ലോക‍്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് പാര്‍ട്ടി നേടിയത്. അതിനുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചേക്കുമെന്ന സൂചന അദ്ദേഹം നല്‍കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം 10 സീറ്റാണ് ലഭിച്ചത്. ഇത് എന്‍സിപിയുടെയുടെയും പവാറിന്റെയും രാഷ്ടീയ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്നു. 2023ല്‍ എന്‍സിപി പിളര്‍ത്തി ബിജെപിക്കൊപ്പം പോയ, അജിത് പവാറിന്റെ പാര്‍ട്ടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 41 സീറ്റുകള്‍ അവര്‍ക്ക് ലഭിക്കുമെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

പ­­­­വാ­­ര്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചാല്‍ പൈതൃകം അനന്തരവന്‍ അജിത്തിന് ലഭിക്കുമോ, അതോ മകള്‍ സുപ്രിയ കൊണ്ടുപോകുമോ? പവാറില്ലാതെ സുപ്രിയയ്ക്ക് പാര്‍ട്ടിയുമായി മുന്നോട്ട് പോകാനാകുമോ? തുടങ്ങി നിരവധി ചോദ്യങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്.
ലോക‍്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 48 സീറ്റുകളില്‍ 30ലും മഹാവികാസ് അഘാഡിയെ വിജയിപ്പിച്ച മുഖ്യ ശില്പി ശരദ് പവാറായിരുന്നു. എന്നാല്‍ ഇത്തവണ അജിത് പവാറിനെതിരെ ചെറുമകന്‍ യുഗേന്ദ്ര പവാര്‍ ബാരാമതിയില്‍ തോറ്റു. ഇത് പവാറിനെ സംബന്ധിച്ച് ഇരട്ട പ്രഹരമാണ്. അഞ്ച് മാസം മുമ്പ് ബാരാമതി ലോക‍്സഭാ മണ്ഡലത്തില്‍ മകള്‍ സുപ്രിയ, അജിത് പവാറിന്റെ ഭാര്യ സുനേത്രയെ പരാജയപ്പെടുത്തിയിരുന്നു. 

പവാര്‍ 57 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടെ നിയമസഭയിലും ലോക‍്സഭയിലും ബാരാമതിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. ഇപ്പോള്‍ രാജ്യസഭാ എംപിയായ അദ്ദേഹം കാലാവധി അവസാനിക്കുന്നതോടെ രാഷ്ട്രീയം വിട്ട് വിശ്രമജീവിതം നയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. എന്‍സിപിയെ ചതിച്ചവരെ പരാജയപ്പെടുത്തണമെന്ന് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും ജനം അത് കാര്യമായി എടുത്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പവാര്‍ ബിജെപി സഖ്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നെന്നും അവസാന നിമിഷം പിന്‍മാറുകയായിരുന്നെന്നും അജിത് പവാറും പ്രഫുല്‍ പട്ടേലും അവകാശപ്പെട്ടെങ്കിലും പവാര്‍ അതിന് മറുപടി നല്‍കിയിരുന്നില്ല.
നാല് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന പവാര്‍ രണ്ട് തവണ കേന്ദ്രമന്ത്രിയുമായി. 1994ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്ത്രീകള്‍ക്ക് തുല്യമായ അനന്തരാവകാശം നടപ്പാക്കി ശ്രദ്ധനേടി. സോണിയാ ഗാന്ധി വിദേശ വനിതയാണെന്ന കാരണം പറഞ്ഞ് 1999ല്‍ കോണ്‍ഗ്രസ് വിട്ടാണ് അദ്ദേഹം എന്‍സിപി രൂപീകരിച്ചത്. അതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് അദ്ദേഹം സര്‍ക്കാരുണ്ടാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.