
പൂമുഖത്തെ ആളും ബഹളവും നെല്ലും വിത്തുകളും നാളികേരങ്ങളും നിറഞ്ഞു കിടക്കുന്ന പത്തായപുരയും നമ്പൂതിരിമാരുടെയും അന്തർജനങ്ങളുടെയും സാന്നിധ്യമറിയിച്ച് വടക്കിനകവും തെക്കിനകവുമെല്ലാം ഭൂതകാലത്തെ ഓർമ്മകളായി തീർന്നുവെങ്കിലും
ആരെയും അതിശയിപ്പിക്കുന്ന തരത്തില്‍ കണ്ണൂര്‍ ജില്ലയിലെ നാനൂറ് വര്‍ഷം പഴക്കമുള്ള കുന്നമംഗലം ഈറ്റിശ്ശേരി ഇല്ലം(നരിക്കോട്ടില്ലം) പഴമയുടെയും പ്രൗഢിയുടെയും നിറവില്‍ ഇന്നും തലയെടുപ്പോടെ നില്‍ക്കുകയാണ്. പഴമയുടെ ഗന്ധം പരത്തിക്കൊണ്ട് ഇല്ലത്തിന്റെ ഓരോയിടത്തിനും പറയാനുള്ളത് ഒട്ടനവധി കഥകളാണ്. സ്വസ്തിക ആകൃതിയിൽ രൂപകല്പന ചെയ്ത ഈ നാലുകെട്ട് കേരളത്തിൽ തന്നെ അത്യപൂർവമാണ്. ഒരു കാലഘട്ടത്തിന്റെ സ്മാരകമായ ഈറ്റിശേരി ഇല്ലം ഉൾപ്പെടെയുള്ള ഈ പൈതൃകങ്ങൾ തങ്ങൾക്കാവുന്ന വിധം കേടുകൂടാതെ സൂക്ഷിക്കാനുള്ള അവകാശികളുടെ തീരുമാനമാണ്, പഴയ തനിമയോടെ ഇത്തരം മനകളുടെ നിലനിൽപ്പിന്റെ അടിസ്ഥാനം. പൂർവികർ കൈമാറിയ പൈതൃകം വിൽക്കാൻ മനസ് അനുവദിക്കുന്നില്ലെന്ന പരമസത്യമാണ് ആ തീരുമാനത്തിന് പിറകിലെ പ്രധാന കാരണവും.
ഇനിയുള്ള കാലവും എല്ലാ പ്രൗഢിയോടെയും ഈറ്റിശേരി ഇല്ലം നിലനില്‍ക്കണമെന്നും കഴിയുംപോലെ പൂർവികർ കൈമാറിയ ശില്പസമുച്ചയം സംരക്ഷിച്ചു നിർത്തുമെന്നും നരിക്കോട് കുന്നമംഗലത്ത് ഈറ്റിശേരി ഇല്ലത്തിന്റെ ഇപ്പോഴത്തെ കാരണവർ എൻ കെ ഇ ചന്ദ്രശേഖരൻ നമ്പൂതിരിപ്പാട് പറഞ്ഞു. 70 കോടി, 60 കോടി എന്നിങ്ങനെപത്ത് വർഷമായി പലരും വന്ന് വിലയിടുന്നുണ്ട്. ഇല്ലം സംരക്ഷിച്ചു നിർത്താനുള്ള തീരുമാനത്തിൽ തന്നെയാണ് അവകാശികളെല്ലാവരും.
ഇല്ലത്തിന്റെ നിര്‍മ്മിതി
***********************
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്നും കുറച്ച് കിലോമീറ്ററുകള്‍ താണ്ടിയാല്‍ നരിക്കോട്ട് എത്തിച്ചേരാം. അവിടെ കുറച്ച് മുന്നോട്ടായി സഞ്ചരിച്ചാല്‍ നീണ്ട വഴി കടന്ന് ആദ്യം കാണുന്നത് കുളമാണ്. ഇതിനരികിലൂടെ പടിപ്പുരയും കടന്ന് മുന്നോട്ടെത്തിയാല്‍ ഈറ്റിശേരി ഇല്ലത്തിന്റെ പൂമുഖത്തെത്തിച്ചേരും. ഉത്തരമലബാറിലെ പഴക്കമുള്ള അത്യപൂര്‍വം ഭവനങ്ങളില്‍ ഒന്നാണിത്.
ലക്ഷണമൊത്ത പന്ത്രണ്ട് കെട്ടാണ് ഇല്ലം. അത്യപൂര്‍വങ്ങളായ അലങ്കാരങ്ങള്‍ ചിത്രണം ചെയ്തിട്ടുള്ള ചുവരുകളും ദാരുശില്പനങ്ങള്‍ അലങ്കരിക്കുന്ന മച്ചകങ്ങള്‍ക്കും ഇത്രയും വര്‍ഷത്തിന് ശേഷവും കാര്യമായ കേടുപാടുകളൊന്നുമുണ്ടായിട്ടില്ലെന്നത് തന്നെ അതിശയമാണ്. ദാരു ശില്പകലാരംഗത്ത് പേരുകേട്ട പരിയാരം ശില്പികളായിരുന്നു ഇല്ലത്തിന്റെ നിര്‍മ്മാതാക്കൾ. മാടായിപ്പാറയില്‍ നിന്നും കൊത്തിയെടുത്ത കല്ലുകളാണ് കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. കുമ്മായവും ശർക്കരയും ഉപയോഗിച്ചുള്ള മിശ്രിതംകൊണ്ടാണ് കല്ലുകൾ ഉറപ്പിച്ചത്. മണ്ണും ചാണകവും ചില ചെടികളുടെ ചാറുകളും കൊണ്ടുള്ള മിശ്രിതം ഉപയോഗിച്ചാണ് തറ നിർമിച്ചിരിക്കുന്നത്. ചിതലരിക്കാത്ത തരത്തിൽ മുകളിൽ മരം കൊണ്ട് നിർമ്മിച്ച നെല്ലറയുമുണ്ട്. ഏഴു മുറികളുള്ള പത്തായപ്പുരയും ഇതിനു സമീപമുണ്ട്. ഇല്ലത്തോട് ചേർന്നുള്ള രണ്ട് കുളങ്ങൾ ഇല്ലത്തിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയാണ്. പടിപ്പുരക്ക് പുറത്തുള്ള കുളം നാട്ടുകാർക്കും. തമ്പുരാക്കന്മാരെ കാണാനെത്തുന്നവർ കുളത്തിൽ കുളിച്ച് ദേഹശുദ്ധി വരുത്തി മാത്രമേ അകത്ത് കടന്നിരുന്നുള്ളൂ.
തളിപ്പറമ്പിന് സമീപത്തെ നരിക്കോട് ഈറ്റശേരി ഇല്ലത്തിന്റെ പ്രൗഢി കാലാതീതമാണ്. തേക്ക്, ഉരുപ്പ് മരങ്ങൾ കൊണ്ട് തീർത്ത ഭീമൻ തൂണുകളും മരപ്പണികളും, ഏഴേക്കറിൽ അതികം വിസ്തൃതിയിൽ പരന്ന് കിടക്കുന്ന ഇല്ലപ്പറമ്പ്, ദാരു ശില്പങ്ങൾ അടങ്ങിയ മൂന്ന് നാലുകെട്ട് ഉൾപ്പെട്ട ചെറുതും വലുതുമായി 60ഓളം മുറികൾ. തെക്കിനി, കിഴക്കിനി, പടിഞ്ഞിറ്റ, വടക്കിനി എന്നിങ്ങനെ വിശാലമായ പത്തായപ്പുര, കഥകളിമണ്ഡപം, മന്ത്രമൂർത്തികളെ കുടിയിരുത്തിയ കുടുംബക്ഷേത്രം, നാഗം, ബ്രഹ്മരക്ഷസ്, കമാനരൂപത്തിലുള്ള ഇടവഴികളോടുകൂടിയ നിലവറ, അകത്തു നിന്നും ഇറങ്ങാൻ കഴിയുന്ന കുളം എന്നിങ്ങനെ പഴമയുടേയും പ്രൗഢിയുടേയും പര്യായമായി ഈറ്റിശേരി ഇല്ലം നിലകൊള്ളുന്നു. ഏറെ സമയമെടുത്തായിരുന്നു മനയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നാണ് പഴമക്കാര്‍ പറയുന്നത്. കരുത്തുകൊണ്ടും മനോഹാരിത കൊണ്ടും ആരെയും അതിശയിപ്പിക്കുന്ന തരത്തിലായിരിക്കണം ഇല്ലം നിര്‍മ്മിക്കപ്പെടേണ്ടതെന്ന നിര്‍ബന്ധം അന്നത്തെ ശില്പികള്‍ക്കുണ്ടായിരുന്നുവെന്നതു കൊണ്ടാവും ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാര്യമായ കേടുപാടുകള്‍ സംഭവിക്കാതെ ഇല്ലം നിലനില്‍ക്കുന്നത്.
സിനിമകളിലും പ്രൗഢിയോടെ
******************************
വടക്കൻ വീരഗാഥ ചിത്രീകരിക്കുന്നതിന് സംവിധായകൻ ഹരിഹരൻ സമീപിച്ചെങ്കിലും അന്ന് ചില കാരണങ്ങളാൽ നൽകിയില്ല. പിന്നീട് വർഷങ്ങൾക്ക് ശേഷം ഹരിഹരൻ സംവിധാനം ചെയ്ത എം ടിയുടെ പഴശിരാജയിലെ ‘കുന്നത്തെ കൊന്നയ്ക്കും പൊൻ മോതിരം…’ എന്ന ഗാനം ഈറ്റിശേരി ഇല്ലത്താണ് ചിത്രീകരിച്ചത്. അന്നും ഇല്ലത്തിന്റെ ഏതാനും മുറികൾ മാത്രമാണ് ചിത്രീകരണത്തിനായി നൽകിയത്. പിന്നീടങ്ങോട്ട് പല സിനിമകളും ഇല്ലത്തിൽ ചിത്രീകരിച്ചു. സുരേഷ് ഗോപിയുടെ ‘ഭൂമി മലയാളം’, സുരാജ് വെഞ്ഞാറമൂടിന്റെ ‘പേടിത്തൊണ്ടന്‍’ എന്നീ സിനിമകളുടെയും ലൊക്കേഷനായിട്ടുണ്ട് ഈ ഇല്ലം. പല പ്രമുഖ സംവിധായകരും ഇന്നും സിനിമ ചിത്രീകരണത്തിനായി സമീപിക്കുന്നുമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ സിബി മലയിലും സിനിമാ ചിത്രീകരണം നടത്തുന്നതിനായി സമീപിച്ചിരുന്നു. നിരവധി ആളുകൾ മന കാണാനായും എത്തുന്നുണ്ട്. അമേരിക്ക, ഹോളണ്ട് എന്നീ രാജ്യങ്ങളിൽ നിന്ന് ഗവേഷണത്തിനായി വിദ്യാർത്ഥികളും അധ്യാപകരും ഇവിടെ എത്തിയിട്ടുണ്ട്.
ഒരു ട്രസ്റ്റിന്റെ കീഴിലാണ് ഇല്ലം ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇപ്പോഴും ആൾ താമസമുണ്ട്. പൂജകളും ചടങ്ങുകളുകളും കൃത്യമായി നടക്കുന്നുണ്ട്. വർഷത്തിലൊരിക്കൽ ഇവിടെ മന്ത്രമൂർത്തിയെ പൂജിക്കാറുമുണ്ട്. മുമ്പ് ഇല്ലത്തിൽ 12 വർഷം കൂടുമ്പോൾ മലയറാട്ട് എന്ന തെയ്യ മഹോത്സവം കെട്ടിയാടാറുണ്ട്. അറുപതിലധികം തെയ്യങ്ങൾ അന്ന് കെട്ടിയാടിയിരുന്നു. അവസാനമായി 1997 ൽ ആയിരുന്നു കെട്ടിയാട്ടം. അന്നത്തെ ചിലവ് അഞ്ച് ലക്ഷത്തോളമായിരുന്നു. ഇന്ന് 50 ലക്ഷത്തോളമെങ്കിലും ചിലവ് വരും. ഇന്ന് കോലം കെട്ടിയാടുന്നില്ലെങ്കിലും സൂചകമായി തൂലാം പത്ത് പത്താമുദയത്തിൽ ഇല്ലത്തു നിന്നും തെയ്യത്തിന്റെ എഴുന്നള്ളത്ത് ഉണ്ടാകാറുണ്ട്. രക്തേശ്വരി, കുട്ടിശാസ്തൻ, വിഷ്ണുമൂർത്തി, ഉച്ചിട്ട എന്നീ തെയ്യങ്ങളുടെ തടിയിൽ കൊത്തിയ രൂപമുള്ള അപൂർവം ഇല്ലം കൂടിയാണിത്. തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രം, രാജരാജേശ്വരക്ഷേത്രം, കാഞ്ഞിരങ്ങാട് ക്ഷേത്രം എന്നിവ ഉൾക്കൊള്ളുന്ന പുരാതന ഗ്രാമമായ പെരുഞ്ചല്ലൂരിലെ ഇല്ലത്തിൽപ്പെട്ടതാണ് നരിക്കോട്ടില്ലവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.