22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024

പി സി ജോർജ് അറസ്റ്റില്‍; പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജാമ്യത്തിന് ശേഷവും

Janayugom Webdesk
തിരുവനന്തപുരം
May 1, 2022 11:23 am

മതവിദ്വേഷ പ്രസംഗം നടത്തി അറസ്റ്റിലായ മുൻ യുഡിഎഫ്‌ സർക്കാരിന്റെ ചീഫ്‌ വിപ്പ് പി സി ജോർജിന് വഞ്ചിയൂര്‍ എ12 മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്നും ആവശ്യമില്ലാതെ പ്രസംഗിക്കാന്‍ പോകരുതെന്നും പറഞ്ഞാണ് ജാമ്യം നല്‍കിയിരിക്കുന്നതെന്ന് വഞ്ചിയൂര്‍ കോടതി ക്വാട്ടേഴ്സ് വളപ്പില്‍വച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളാണ് താന്‍. അത് ഇനിയും തുടരും. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കുള്ള പിണറായി വിജയന്റെ റമസാന്‍ സമ്മാനമായിരുന്നു തന്റെ അറസ്റ്റെന്നും മജിസ്റ്റേന്റിന്റെ വസതിക്കുമുന്നില്‍വച്ച് ജോര്‍ജ് ആക്ഷേപിച്ചു. ചോദ്യങ്ങളോട് ഒഴി‍ഞ്ഞുമാറിയ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരുന്നത്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അന്വേഷണം തടസപ്പെടുത്തുമെന്നും ഉള്‍പ്പെടെയുള്ള വസ്തുതകള്‍ നിരത്തി ശക്തമായ തെളിവുകളോടെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഹിന്ദു-മുസ്‌ലിം ഭിന്നത സൃഷ്ടിക്കാന്‍ പി സി ജോര്‍ജ് ബോധപൂര്‍‍വം ആലോചിച്ചാണ് പ്രസംഗം നടത്തിയതെന്ന പൊലീസ് റിപ്പോര്‍ട്ട് ഗൗരവമേറയതായിരുന്നു. കമ്മിഷണര്‍ സ്‌പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക ചോദ്യം ചെയ്യലില്‍ ജോര്‍ജ് കുറ്റസമ്മതം നടത്തിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ജോര്‍ജിനുവേണ്ടി അഡ്വ. ശാസ്തമംഗലം അജിത്കുമാറാണ് ഹാജരായത്. ജോര്‍ജിന്റെ ഭാര്യയും പേഴ്സണല്‍ സ്റ്റാഫുമാണ് ജാമ്യം നില്‍ക്കാനായി കോടതിയിലെത്തിയത്.

തിരുവനന്തപുരം ഫോർട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസനുസരിച്ച് ഐപിസി 153 എ, 295 എ വകുപ്പുപ്രകാരം പുലര്‍ച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വസതിയില്‍ നിന്നാണ് ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് തിരുവനന്തപുരം എആർ ക്യാമ്പില്‍ എത്തിക്കുകയായിരുന്നു‌. ഡിജിപി അനിൽ കാന്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. ഉച്ചയോടെ ഡോക്ടര്‍മാര്‍ എ ആര്‍ ക്യാമ്പിലെത്തിയാണ് പി സി ജോര്‍ജിന്റെ വൈദ്യ പരിശോധനാ നടപടി പൂര്‍ത്തിയാക്കിയത്. കോടതി അവധിയായതിനാല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (കോടതി-12) ആശാ കോശിയുടെ വഞ്ചിയൂരിലെ വസതിയിലാണ്‌ ഹാജരാക്കിയത്. ക്യാമ്പില്‍ നിന്നും വഞ്ചിയൂര്‍ വരെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചശേഷം വലിയ സുരക്ഷയോടെയാണ് ജോര്‍ജിനെ കൊണ്ടുപോയത്.

തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമത്തില്‍ പി സി ജോര്‍ജ്ജ് മുസ്‌ലിം മതവിഭാഗത്തിനെതിരെ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയത്. ജോര്‍ജിനെ കൂടാതെ, നിരന്തരം മുസ്‌ലിം വിരുദ്ധത പ്രചരിപ്പിച്ചും പ്രസംഗിച്ചും കുപ്രസിദ്ധിയാര്‍ജിച്ച മറ്റനേകം ഹിന്ദുത്വ വാദികളും ഈ പരിപാടില്‍ പങ്കാളികളായിരുന്നു. സംഘ്പരിവാര്‍ പ്രതിനിധികൂടിയായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാനും പരിപാടിയുടെ ഭാഗമായിരുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനമായിരുന്നു പി സി ജോര്‍ജ്. ലവ് ജിഹാദ് നിലനിൽക്കുന്നുണ്ടെന്നും മുസ്‌ലിങ്ങളുടെ ഹോട്ടലുകളിൽ ഒരു ഫില്ലർ ഉപയോഗിച്ച് ചായയിൽ ഒരു മിശ്രിതം ചേർത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നുമായിരുന്നു പി സി ജോർജിന്റെ പ്രസംഗം. മുസ്‌ലിങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു. മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു എന്നും പി സി ജോർജ് പറഞ്ഞിരുന്നു. അതിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിന്‌ അറസ്‌റ്റിലായ പി സി ജോർജിന്‌ പരസ്യ പിന്തുണയുമായി ബിജെപി രംഗത്തെത്തി. തിരുവനന്തപുരം വെമ്പായത്ത്‌ പി സി ജോർജിനെ ബിജെപി പ്രവർത്തകർ പൂമാലയിട്ട് സ്വീകരിച്ചു. എആർ ക്യാമ്പിലേക്ക്‌ കൊണ്ടുപോകും വഴിയായിരുന്നു ബിജെപി പ്രവർത്തകരുടെ വരവേല്പ്. എന്നാല്‍ ജോര്‍ജിനുനേരെ വഴിനീളെ കരിങ്കൊടി കാണിക്കലും ചീമുട്ടയേറും ഉണ്ടായി.

എ ആര്‍ ക്യാമ്പില്‍ ജോർജിനെ കാണാനും പിന്തുണ നല്‍കാനും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ വന്നെങ്കിലും സുരക്ഷാകാരണങ്ങളാല്‍ മടങ്ങേണ്ടിവന്നു. എആർ ക്യാമ്പിലേക്ക്‌ കടക്കാൻ ശ്രമിച്ച വി മുരളീധരനെ പൊലീസ്‌ കാര്യങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാനും ആളുകളെ അരിഞ്ഞുതള്ളാനും സ്വാതന്ത്ര്യമുള്ള നാട്ടില്‍ പി സി ജോര്‍ജിനെ അറസ്റ്റുചെയ്യാന്‍‍ എന്താണ് തിടുക്കമെന്ന് കേന്ദ്ര മന്ത്രി ചോദിച്ചു. പി സി ജോര്‍ജ് ഭീകരവാദിയല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ജോര്‍ജിന്റെ പരാമര്‍ശത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയ മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി. കേരളത്തിന്റെ അഭിപ്രായം പറയാന്‍ മാധ്യമങ്ങള്‍ ആളല്ലെന്നും അതിനൊക്കെ തന്നെ പോലുള്ളവര്‍ ഉണ്ടെന്നും പറഞ്ഞു. ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലിരിക്കുന്ന കേന്ദ്ര മന്ത്രിസഭയിലെ അംഗമെന്ന നിലയില്‍ വി മുരളീധരന്റെ നടപടിയും പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ജോർജിന്റെ അറസ്‌റ്റിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന്‌ കെ സുരേന്ദ്രൻ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാണിതെന്നാണ് സുരേന്ദ്രന്റെ വാദം.

 

Eng­lish summary;PC George arrested

 

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.