18 December 2025, Thursday

വീണ്ടും പെഗാസസ്

Janayugom Webdesk
January 7, 2024 5:00 am

ആംനസ്റ്റി രാജ്യാന്തര സുരക്ഷാ സംവിധാനം പെഗാസസിന്റെ ചാരസോഫ്റ്റ്‌വേര്‍ ഇപ്പോഴും തുടരുന്നതിനെക്കുറിച്ച് ഗൗരവമായ ചില വെളിപ്പെടുത്തലുകൾ നടത്തി. ആംനസ്റ്റിയുടെ ഫോറൻസിക് അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഇസ്രയേൽ ചാരസംവിധാനത്തിന്റെ ഭാഗമായ എൻഎസ്ഒ വികസിപ്പിച്ചതാണ് പെഗാസസ് സ്പൈവേർ. സമാധാനപരമായ അഭിപ്രായപ്രകടനങ്ങളും ഒത്തുചേരലുകളും ഭരണകൂടത്തിന്റെ അടിച്ചമർത്തലിന് വിധേയമാകുന്ന വർത്തമാനത്തിൽ ആംനസ്റ്റി കണ്ടെത്തലുകൾ നിർണായകമാണ്. ‘ഇന്ത്യയിലെ മാധ്യമപ്രവർത്തകർ ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണ്. അന്യായമായ തടവ്, അപകീർത്തികരമായ പ്രചരണങ്ങൾ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ഭീഷണിപ്പെടുത്തൽ തുടങ്ങി അടിച്ചമർത്തലിന് ഭരണകൂടം ഏതുവഴിയും സ്വീകരിക്കുന്നു’, ആംനസ്റ്റി രാജ്യാന്തര സുരക്ഷാ സംവിധാന മേധാവി ഡോഞ്ച ഒ സിയർബെെൽ ചൂണ്ടിക്കാട്ടുന്നു. വാഷിങ്ടൺ പോസ്റ്റുമായി സഹകരിച്ചുള്ള ആംനസ്റ്റി അന്വേഷണത്തിൽ, ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് പെഗാസസ് സ്പൈവേർ തുടർച്ചയായി ഉപയോഗിക്കുന്ന വിവരങ്ങളും കണ്ടെത്തി.

പെഗാസസ് ചാരസോഫ്റ്റ‌്‌വേര്‍ ഐഫോണുകളിൽ ഉപയോഗിച്ച് ഉന്നമിട്ട മാധ്യമപ്രവർത്തകരിൽ ഒരാളാണ് ദ വയറിന്റെ സ്ഥാപക എഡിറ്റർ സിദ്ധാർത്ഥ് വരദരാജൻ. ദി ഓർഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷൻ റിപ്പോർട്ട് പ്രോജക്ട് (ഒസിസിആർപി) സൗത്ത് ഏഷ്യ എഡിറ്ററായ ആനന്ദ് മഗ്നലെ നിരീക്ഷിക്കപ്പെടുന്ന മറ്റൊരാളാണ്. ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങളിൽ പെഗാസസ് സ്പൈവേറിന്റെ പ്രവർത്തനം കണ്ടെത്തിയതായി ആപ്പിൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ‘ഭരണകൂടം സ്പോൺസർ ചെയ്ത ആക്രമണങ്ങളുടെ പ്രകടമായ ലക്ഷണമാണിത്’ എന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ, കുറഞ്ഞത് 20 മാധ്യമപ്രവർത്തകർക്കും പ്രതിപക്ഷ നേതാക്കൾക്കും സമാന മുന്നറിയിപ്പ് ആപ്പിള്‍ കൈമാറിയിട്ടുണ്ട്. ആംനസ്റ്റിയുടെ രാജ്യാന്തര സുരക്ഷാലാബാണ് ഫോണുകളിൽ ഫോറൻസിക് വിശകലനം നടത്തിയത്. പെഗാസസ് നിയന്ത്രിത ഇമെയിൽ വിലാസവും ലാബ് തിരിച്ചറിഞ്ഞിട്ടുണ്ട്. വീണ്ടെടുക്കപ്പെട്ട സാമ്പിളുകൾ, 2023 സെപ്റ്റംബറിൽ സിറ്റിസൺ ലാബ് പരസ്യമായി തിരിച്ചറിഞ്ഞ എൻഎസ്ഒ ഗ്രൂപ്പിന്റെ കടന്നുകയറ്റങ്ങളെ അടയാളപ്പെടുത്തുന്നതാണ്. 2018ൽ സിദ്ധാർത്ഥ് വരദരാജനെ എങ്ങനെയാണ് പെഗാസസ് സ്പൈവേർ ഉന്നമിട്ടതെന്നും വിവരങ്ങൾ ചോർത്തിയതെന്നും ആംനസ്റ്റി ഇന്റർനാഷണൽ വിശദമാക്കിയിട്ടുമുണ്ട്. പെഗാസസ് പ്രോജക്ട് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ 2021ൽ ഇന്ത്യൻ സുപ്രീം കോടതി നിശ്ചയിച്ച സാങ്കേതിക സമിതി അദ്ദേഹത്തിന്റെ ഉപകരണങ്ങൾ ഫോറൻസിക് വിശകലനത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. 2022ൽ സമിതി അന്വേഷണം അവസാനിപ്പിച്ചെങ്കിലും സാങ്കേതിക റിപ്പോർട്ടിലെ കണ്ടെത്തലുകൾ സുപ്രീം കോടതി പരസ്യമാക്കിയിട്ടില്ല.


ഇതുകൂടി വായിക്കൂ: പെഗാസസ് പ്രഭാവം


എന്നാൽ, സാങ്കേതിക സമിതിയുടെ അന്വേഷണങ്ങളുമായി ഇന്ത്യൻ അധികാരികൾ സഹകരിച്ചില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മോഡി സർക്കാർ സ്പൈവേറിന്റെ ഉപയോഗം സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല. അത് ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയുമായി നിസഹകരിക്കുകയും ചെയ്തു. എന്നാൽ രണ്ട് വർഷം മുമ്പ് വിവിധ മാധ്യമങ്ങൾ അടങ്ങുന്ന ഫോർബിഡൻ സ്റ്റോറീസ് ജേണലിസം കൺസോർഷ്യം, ഇന്ത്യൻ മാധ്യമപ്രവർത്തകരുടെയും രാഷ്ട്രീയ ഉന്നതരുടെയും ഫോണുകളിൽ പെഗാസസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് ഉപകരണത്തിലുള്ള സന്ദേശങ്ങൾ, കാമറ, മൈക്രോഫോൺ എന്നിവയിലേക്ക് പ്രവേശനം നൽകുന്നു. ആംനസ്റ്റിയുമായി സഹകരിച്ച് ദ പോസ്റ്റ് നടത്തിയ പഠനത്തിൽ കൂടുതല്‍ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങളില്‍ സോഫ്റ്റ്‌വേര്‍ ഉപയോഗം പുതിയതായി കണ്ടെത്തി. സുരക്ഷാ സ്ഥാപനമായ ഐ വെരിഫൈയുമായി ദ പോസ്റ്റ് നടത്തിയ അന്വേഷണത്തിൽ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തെയും ലക്ഷ്യമിട്ടതായി കണ്ടെത്തി. 2023 ഒക്ടോബർ 16ന് സിദ്ധാർത്ഥ് വരദരാജനിൽ നിന്ന് പെഗാസസ് ഉപയോഗിച്ച് വിവരങ്ങൾ ചോർത്താൻ ശ്രമിച്ചതായാണ് കണ്ടെത്തല്‍. ആനന്ദ് മഗ്നലെക്കെതിരായ പെഗാസസ് ആക്രമണത്തിൽ ഉപയോഗിച്ച അതേ വിദൂരനിയന്ത്രിത ഇമെയിൽ വിലാസം സിദ്ധാർത്ഥ് വരദരാജന്റെ ഫോണിലും തിരിച്ചറിഞ്ഞു. രണ്ട് മാധ്യമപ്രവർത്തകരെയും ഒരേ പെഗാസസ് ഉപഭോക്താവാണ് ലക്ഷ്യമിടുന്നതെന്നാണ് ഇത് സ്ഥിരീകരിച്ചത്. ഭരണകൂടത്തിന്റെ നിർദേശത്തിൽ ഹാക്കർമാർ കടന്നുകയറാൻ ശ്രമിച്ചിരിക്കാമെന്ന് ഒക്ടോബറിൽ ആപ്പിൾ മാധ്യമപ്രവർത്തകർക്കും പ്രതിപക്ഷ പാർട്ടികള്‍ക്കും മുന്നറിയിപ്പ് നൽകിയതിന് ഒരു ദിവസത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ ആപ്പിളിനെതിരെ നടപടിയെടുത്തു.

ഏറ്റവും പുതിയ കണ്ടെത്തലുകളോടുള്ള പ്രതികരണത്തിനായി വാഷിങ്ടൺ പോസ്റ്റിലെ റിപ്പോർട്ടർമാർ എൻഎസ്ഒ ഗ്രൂപ്പിനെ സമീപിച്ചു. ‘ഉപഭോക്താക്കളെ കുറിച്ച് വെളിപ്പെടുത്താന്‍ കഴിയില്ല എന്നാൽ, അവരെല്ലാം ഭീകരതയ്ക്കെതിരെയും കുറ്റകൃത്യങ്ങൾക്കെതിരെയും പോരാടുന്നതിന് ഞങ്ങളുടെ സാങ്കേതികവിദ്യകൾക്ക് ലൈസൻസ് നൽകുന്ന നിയമപാലകരും രഹസ്യാന്വേഷണ ഏജൻസികളുമാണ്. ഭീകര പ്രവർത്തനങ്ങളിലോ ഇതര കുറ്റകൃത്യങ്ങളിലോ ഉൾപ്പെടാത്ത മാധ്യമപ്രവർത്തകർ, അഭിഭാഷകർ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ ഉന്നംവയ്ക്കുന്നത് ഒഴിവാക്കുന്നതാണ് കമ്പനിയുടെ നയങ്ങളും കരാറുകളും’-എന്നായിരുന്നു അവരുടെ മറുപടി. സർക്കാർ രഹസ്യാന്വേഷണ ഏജൻസികൾക്കും നിയമ നിർവഹണ ഏജൻസികൾക്കും മാത്രമാണ് തങ്ങളുടെ ഉല്പന്നങ്ങൾ വിൽക്കുന്നതെന്ന് എൻഎസ്ഒ ഗ്രൂപ്പ് പറയുന്നു. എന്നാൽ പെഗാസസ് സ്പൈവേർ ഇന്ത്യയിൽ വാങ്ങിയിട്ടുണ്ടോ എന്നതിൽ ഇന്ത്യൻ അധികാരികൾ ഇപ്പോഴും വ്യക്തതയോ സുതാര്യതയോ നൽകിയിട്ടില്ല.

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.