24 January 2026, Saturday

വാഹന ഇന്‍ഷുറന്‍സ് പുതുക്കിയില്ലെങ്കില്‍ പിഴ

Janayugom Webdesk
ന്യൂഡല്‍ഹി
March 6, 2023 11:03 pm

വാഹന ഇന്‍ഷുറന്‍സ് 100 ശതമാനമാക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍. മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സില്ലാത്ത വാഹനഉടമകള്‍ക്ക് സംസ്ഥാന ഗതാഗതവകുപ്പില്‍ നിന്നും നേരിട്ട് പിഴ നോട്ടീസയക്കാനുള്ള സംവിധാനമാണ് തയ്യാറാകുന്നത്. ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിട്ടി (ഐആര്‍ഡിഎഐ) ഇതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടു. 

ഓരോ സംസ്ഥാനത്തിനും ഒരു ലീഡ് ഇൻഷുറൻസ് കമ്പനിയെ തിരഞ്ഞെടുത്തായിരിക്കും പുതിയ സംവിധാനം നിലവില്‍വരിക. ലീഡ് ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് എടുക്കാത്ത വാഹനങ്ങളുടെ ഒരു ലിസ്റ്റ് സംസ്ഥാനത്തെ ഗതാഗത വകുപ്പിന് നൽകിയായിരിക്കും നടപടിയെടുക്കുക.
മോട്ടോർ വാഹന നിയമപ്രകാരം ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 2000 രൂപ പിഴയാണ് നിലവിലെ ശിക്ഷ.
കേന്ദ്ര‑സംസ്ഥാന ഗതാഗത വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വാഹനങ്ങള്‍ക്ക് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. 

ഇന്ത്യൻ റോഡുകളിലെ 300 ദശലക്ഷത്തിലധികം വാഹനങ്ങളിൽ ഏകദേശം 54 ശതമാനം ഇൻഷുറൻസ് ഇല്ലാത്തവയാണെന്നാണ് കണക്കുകള്‍. രാജ്യത്ത് പ്രതിവർഷം നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനുമിടയില്‍ റോഡ് അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഇവയില്‍ 1.3 മുതൽ 1.5 ലക്ഷം വരെ മാരക അപകടങ്ങളാണെന്നും എന്‍സിആര്‍ബിയുടെ കണക്കുകള്‍ പറയുന്നു.
ഹൈവേകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത വാഹനങ്ങള്‍ക്ക് സ്‌പോട്ട് ഇന്‍ഷുറന്‍സ് നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. വാഹനത്തിന്റെ ഫാസ്റ്റ് ടാഗുമായി ബന്ധപ്പെടുത്തിയാണ് പുതിയ സംവിധാനം നടപ്പാക്കുക. ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളെ ഫാസ്റ്റ് ടാഗ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. ഈ മാസം 17 ന് നടക്കുന്ന യോഗത്തില്‍ പുതിയ പരിഷ്കാരങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയേക്കും.

Eng­lish Sum­ma­ry; Penal­ty for not renew­ing auto insurance

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.