
സാമ്പത്തിക അസ്ഥിരത, സംഘർഷങ്ങൾ, കാലാവസ്ഥാ ആഘാതങ്ങൾ എന്നിവയെല്ലാം ചേർന്ന് ആഗോള സുരക്ഷിതത്വം ഇല്ലാതാക്കുന്നുവെന്ന് വ്യക്തമാക്കുന്ന 2025ലെ വേൾഡ് സോഷ്യൽ റിപ്പോർട്ട് അടുത്തിടെ പുറത്തു വരികയുണ്ടായി. സർവേയിൽ പങ്കെടുത്തവരിൽ ഏകദേശം പന്ത്രണ്ട് ശതമാനം തങ്ങൾ വലിയ കഷ്ടപ്പാടിലാണെന്നും, 60 ശതമാനം ബുദ്ധിമുട്ടുകൾ നേരിടുന്നുവെന്നുമാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ലോകമാകെയുള്ള കോടിക്കണക്കിന് ആളുകൾ തൊഴിൽ കണ്ടെത്താനാകുമോ, ഉള്ളവരാണെങ്കിൽ അവ നഷ്ടപ്പെടുമോ എന്ന ഭീതിയിലും ഉള്ള തൊഴിൽ നിലനിർത്തുന്നതിനുവേണ്ടിയുള്ള പോരാട്ടത്തിലുമാണ്. ഭാവിയെക്കുറിച്ചുള്ള അവരുടെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുന്നു. മുമ്പെന്നത്തെക്കാളും ആയുർദൈർഘ്യം വർധിച്ച, വിദ്യാസമ്പന്നതയുള്ള, പരസ്പരബന്ധമുള്ള ആളുകളും സാഹചര്യങ്ങളുമായിട്ടും 50 വർഷം മുമ്പുള്ളതിനെക്കാൾ മോശമാണ് സ്ഥിതിഗതികൾ എന്ന് പലരും വിശ്വസിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ് സോഷ്യൽ അഫയേഴ്സിലെ ഡിവിഷൻ ഫോർ ഇൻക്ലൂസീവ് സോഷ്യൽ ഡെവലപ്മെന്റും (ഡിഐഎസ്ഡി) യുണൈറ്റഡ് നാഷന്‍സ് യൂണിവേഴ്സിറ്റി വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ഇക്കണോമിക്സ് റിസർച്ചും (യുഎൻയു — ഡബ്ല്യുഐഡിഇആർ) ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട്, സാമ്പത്തിക അസ്ഥിരത ലോകത്തിലെ ഏറ്റവും ദരിദ്ര പ്രദേശങ്ങളിൽ മാത്രമായി പരിമിതപ്പെടുന്നതല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. തൊഴിൽ അനിശ്ചിതത്വം, ഗിഗ് വർക്കുകൾ, ഡിജിറ്റൽ പരിണാമങ്ങൾ എന്നിവ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിലും ഈ പ്രവണതയ്ക്ക് കാരണമാകുന്നു. തൊഴിൽരംഗത്തെ പുതിയ പ്രവണതകൾ കൂടുതൽ സാധ്യതകൾ തുറക്കുന്നതായി തോന്നിക്കുമെങ്കിലും തൊഴിൽസുരക്ഷയുടെയും അവകാശങ്ങളുടെയും കാര്യത്തിൽ പ്രതിസന്ധി സൃഷ്ടിക്കപ്പെടുന്നു. വിപണിയിൽ തൊഴിൽ എന്നത് ചരക്കാക്കപ്പെടുകയും, തൊഴിലാളികളെ വെറും സേവന ദാതാക്കളായി മാറ്റുകയും ചെയ്യുന്നു. അനൗപചാരിക തൊഴിലുകളുടെ അനിയന്ത്രിതമായ വർധന അരക്ഷിതാവസ്ഥയെ കൂടുതൽ സങ്കീർണമാക്കുന്നു. താഴ്ന്നതും ഇടത്തരവും വരുമാനമുള്ള പല രാജ്യങ്ങളിലും തൊഴിൽ സുരക്ഷയെന്നത് മാനദണ്ഡം പോലുമല്ലാതെയായിരിക്കുന്നു. കുറഞ്ഞ വേതനം, അസ്ഥിരത, ആനുകൂല്യങ്ങളില്ലായ്മ എന്നിവ തൊഴിൽ മേഖലയിലെ സ്ഥിരം പ്രവണതയായി. ഔപചാരിക തൊഴിലെടുക്കാൻ കഴിയുന്നവർ പോലും അനൗപചാരിക മേഖലയിലേക്ക് തള്ളപ്പെടാനുള്ള സാധ്യതയും കൂടുതലായി, പ്രത്യേകിച്ച് മാന്ദ്യ കാലത്ത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോക ജനസംഖ്യയിലെ മൂന്നിലൊന്നും 2.15 ഡോളറി (184 രൂപ) നും 6.85 ഡോളറി (585 രൂപ)നുമിടയിൽ പ്രതിദിന വേതനത്തിലാണ് ജീവിക്കുന്നത്. 250 കോടിയാളുകൾ പ്രതിദിനം 6.85 ഡോളറി (585 രൂപ) നാണ് ജീവിക്കുന്നതെന്നർത്ഥം. ഇത് കടുത്ത ദാരിദ്ര്യത്തിന്റെ പരിധിയിലാണ് പെടുന്നത്. അതുകൊണ്ടുതന്നെ ചെറിയ ആഘാതം പോലും ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്കാണ് തള്ളി വിടുക. ദാരിദ്ര്യത്തിൽ നിന്ന് കരകയറലാകട്ടെ പലപ്പോഴും താൽക്കാലികവുമായിരിക്കും. വരുമാന അസമത്വം രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലാണ് ലോക ജനസംഖ്യയിലെ ഏകദേശം 65 ശതമാനവും ജീവിക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ആഗോളതലത്തിൽ അഞ്ചിലൊന്ന് പേർ കാലാവസ്ഥാനുബന്ധമായ ദുരന്തങ്ങളുടെ വന്‍ അപകട സാധ്യത നേരിടുന്നവരാണ്. 2010 മുതൽ സംഘർഷങ്ങളുടെ എണ്ണം ഇരട്ടിയായി. 2024ൽ ലോക ജനസംഖ്യയിലെ ഏഴിൽ ഒരാൾ സംഘർഷത്തിന് വിധേയമായി എന്നാണ് സർവേയുടെ കണ്ടെത്തൽ. കാലാവസ്ഥാ ആഘാതങ്ങളും സംഘർഷങ്ങളും ദാരിദ്ര്യം വർധിപ്പിക്കുകയും അത് ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്ക് വിഘാതമാവുകയും ചെയ്യുന്നു. അസമത്വമാകട്ടെ ഇപ്പോഴും വളരെ ഉയർന്ന നിലയിൽ തന്നെ തുടരുകയുമാണ്. സ്ഥിരമല്ലാത്ത തൊഴിലുകളിൽ നിന്ന് മതിയായ വരുമാനം നേടാൻ പലരും പാടുപെടുകയും അരക്ഷിതാവസ്ഥ രൂക്ഷമായി കൊണ്ടിരിക്കുകയും ചെയ്യുന്നു. നിലവിലുള്ള സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്ക അവരുടെ അവിശ്വാസത്തിന് ആക്കം നൽകുകയും അത് ആഗോള ഐക്യദാർഢ്യത്തിന്റെ അടിത്തറ തന്നെ ദുർബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. സാമ്പത്തിക അരക്ഷിതാവസ്ഥ, അസമത്വം, അവിശ്വാസം എന്നിവ നിലനിൽക്കുന്നത് അപകടസാധ്യതകൾ വളരെയധികം വർധിപ്പിക്കുന്നുവെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അനൗപചാരിക തൊഴിലുകളിലും അസ്ഥിരമായ ജോലികളിലും ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ സാമ്പത്തിക അസ്ഥിരത വ്യാപകമായിരിക്കുകയാണ്. ലോകമാകെയുള്ള ഏകദേശം 60 ശതമാനം ആളുകളും തൊഴിൽ നഷ്ടപ്പെടുമോയെന്നും തൊഴിൽ കണ്ടെത്താനാകാതെ വരുമോയെന്നും വളരെയധികം ആശങ്കപ്പെടുന്നു. സുരക്ഷിതമായ തൊഴിൽ ലഭിച്ച് ഇടത്തരം വർഗത്തിൽ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്ന തൊഴിലാളികൾ പോലും സാമ്പത്തിക സ്ഥിരതയ്ക്ക് വേണ്ടി പ്രയാസപ്പെടുകയാണ്. താഴ്ന്നതും ഇടത്തരവും വരുമാനമുള്ള രാജ്യങ്ങളിൽ തൊഴിൽ പങ്കാളിത്തത്തിന്റെ പ്രബല രൂപമായി അനൗപചാരിക തൊഴിൽ മാറിയിരിക്കുന്നു.
സാമ്പത്തിക വളർച്ചയും വികസനവും മൂലം ഇത് കുറയുമെന്നും ഒടുവിൽ അപ്രത്യക്ഷമാവുമെന്നുമുള്ള പ്രതീക്ഷകൾ ഉണ്ടായിരുന്നിട്ടും അനൗപചാരിക തൊഴിലാളികളുടെ എണ്ണം വളരെയധികം ഉയരുന്നത് തുടരുകയാണ്. ഭൂരിഭാഗം തൊഴിലാളികളും ദീർഘകാലത്തേക്ക്, പലപ്പോഴും ജീവിതകാലം മുഴുവൻ അനൗപചാരിക ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നു. ഔപചാരിക മേഖലയിലെ തൊഴിലാളികൾ അനൗപചാരിക തൊഴിൽ രംഗത്തേക്ക് മാറുന്നത് അപൂർവമാണ്. എങ്കിലും മേഖലയിലെ സ്വയം തൊഴിലെടുക്കുന്നവർക്ക്, പ്രത്യേകിച്ച് കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഔപചാരിക മേഖലകളിൽ നിന്ന് അനൗപചാരിക തൊഴിലിലേക്കുള്ള മാറ്റത്തിന്റെ അപകടസാധ്യതയും പ്രധാനമാണ്. ഔപചാരിക മേഖലയിലെ തൊഴിലാളികൾക്കും സുരക്ഷിതമല്ലാത്ത സ്വയംതൊഴിലിലേക്കോ അനൗപചാരിക തൊഴിലിലേക്കോ മാറാനുള്ള സാധ്യത സാമൂഹികവും സാമ്പത്തികവുമായ വലിയ അന്തരം സൃഷ്ടിക്കുകയും ചെയ്യുന്നു. വളർന്നുവരുന്ന ഗിഗ് സമ്പദ് വ്യവസ്ഥയിൽ ഉൾപ്പെടെ പാർട്ട് ടൈം, താൽക്കാലിക, കാഷ്വൽ ജോലികൾ വർധിച്ചുകൊണ്ടിരിക്കുന്നു. എപ്പോൾ എവിടെ ജോലി ചെയ്യണം എന്ന കാര്യത്തിൽ വ്യവസ്ഥയില്ലാത്തതിനാലും സ്ഥിരജോലികളുടെ അഭാവവും കാരണം ഭൂരിപക്ഷം പേർക്കും ഇത്തരത്തിലുള്ള തൊഴിലുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. മുഴുവൻ സമയ ജോലികളായി വിഭാവനം ചെയ്ത തൊഴിൽ മേഖലയിലെ നിയന്ത്രണങ്ങളും തൊഴിൽരംഗത്ത് ഉണ്ടായിരിക്കുന്ന മാറ്റങ്ങളും തമ്മിലുള്ള വിടവ് വർധിച്ചുവരുന്നതും അരക്ഷിതാവസ്ഥയുടെ പ്രധാന ഘടകങ്ങളിൽ ഒന്നാണ്. തൊഴിലാളികൾ, തൊഴിലുടമകൾ, സർക്കാരുകൾ എന്നിവയുടെ ബന്ധത്തെയും ജനങ്ങളുടെ വിശ്വാസത്തെയും ഈ വിടവ് ദോഷകരമായി ബാധിക്കുന്നു. ലോകമെമ്പാടും ഉയർന്ന തോതിലുള്ള അസമത്വത്തിന് ഇതും പ്രധാന കാരണമാണ്. അതുകൊണ്ടുതന്നെ സർക്കാരുകളിലും സ്ഥാപനങ്ങളിലുമുള്ള പൊതുജനങ്ങളുടെ വിശ്വാസം അതിവേഗം കുറഞ്ഞുവരികയാണ്.
ആഗോളതലത്തിൽ ഏകദേശം 57 ശതമാനം ജനങ്ങൾ അതാതിടങ്ങളിലെ സർക്കാരുകളിൽ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചവരാണ്. പുതിയ നൂറ്റാണ്ടിൽ, അതായത് 21-ാം നൂറ്റാണ്ടിൽ ജനിച്ച യുവാക്കൾക്കിടയിൽ വിശ്വാസക്കുറവ് വളരെ കൂടുതലുമാണ്. ഇത് പൗരന്മാരുടെ രാഷ്ട്രീയത്തോടുള്ള അകൽച്ചയെയും അസ്ഥിരതയെയും കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നതാണ്. ജനങ്ങൾക്ക് പരസ്പര വിശ്വാസവും ക്ഷയിച്ചു വരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 30 ശതമാനത്തിൽ താഴെ ആളുകൾ മാത്രമേ മറ്റുള്ളവരെ വിശ്വസിക്കാൻ കഴിയുമെന്ന് കരുതുന്നുള്ളൂ. ഇത് സാമൂഹികെെക്യത്തെ ദുർബലപ്പെടുത്തുകയും യോജിച്ച് പ്രവർത്തിക്കുന്നതിനുള്ള നീക്കങ്ങളെ സങ്കീർണമാക്കുകയും ചെയ്യുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യകൾ വഴി ലഭിക്കുന്ന വ്യാജവും അവ്യക്തവുമായ വിവരങ്ങളുടെ വ്യാപനം ഭിന്നതകൾ ശക്തിപ്പെടുത്തുന്നതിനും അവിശ്വാസം വർധിപ്പിക്കുന്നതിനും മാത്രമേ സഹായകമാകുന്നുള്ളൂ. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയും സമൂഹമാധ്യമങ്ങളുടെയും ദുരുപയോഗവും വിദ്വേഷപ്രചരണങ്ങളും തട്ടിപ്പുകൾ വർധിക്കുന്നതിനും സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നുണ്ട്. ഉപയോക്താക്കൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ മുഴുകിയിരിക്കുന്നതായി കാണുന്നു. അവിടെ അവർ തങ്ങളുടെ വീക്ഷണങ്ങളെ പരിപോഷിപ്പിക്കുന്നതും അതിനോട് യോജിക്കുന്നതുമായ അഭിപ്രായങ്ങളും വാർത്തകളും ശ്രവിക്കുന്നതിൽ താല്പര്യപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് ഇന്നത്തെ സാമൂഹ്യ വെല്ലുവിളികളെ ഒറ്റപ്പെട്ടോ ഭാഗികമായോ നേരിടാൻ കഴിയില്ലെന്ന തിരിച്ചറിവോടെ സമവായത്തോടെയുള്ള പുതിയ നയം രൂപീകരിക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സാഹചര്യങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി നിക്ഷേപിക്കണമെന്നും മാന്യമായ ജോലി ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സമ്പന്ന വ്യക്തികൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും വർധിച്ച നികുതി ചുമത്താനും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ജനങ്ങൾ വിശ്വസിക്കാതിരിക്കുകയും നിയമങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ സ്ഥാപനങ്ങളും വ്യവസ്ഥകളും അർത്ഥരഹിതമായിത്തീരുന്നു. ഈ സാഹചര്യത്തിൽ ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കുന്നതിന് അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണമെന്ന വിഷയത്തെ അഭിസംബോധന ചെയ്യണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. വ്യവസ്ഥിതികളുടെയും സ്ഥാപനങ്ങളുടെയും മാറ്റം മുകളിൽ നിന്ന് താഴേക്ക് രൂപകല്പന ചെയ്യാനാകില്ല. ഇത് സമൂഹത്തിന്റെ മുഴുവൻ പങ്കാളിത്തമുള്ള പ്രക്രിയയും പലപ്പോഴും വിശാലമായ കൂട്ടായ്മകളുടെ ഫലവുമായി നേടേണ്ടതാണെന്നും റിപ്പോർട്ട് അടിവരയിടുന്നു. (ഐപിഎ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.