ലെയ്സ് ചിപ്സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേകയിനം ഉരുളക്കിഴങ്ങുകളുടെ പേറ്റന്റ് ബഹുരാഷ്ട്ര കുത്തകയായ പെപ്സികോയ്ക്ക് നൽകിയ നടപടി റദ്ദാക്കി. പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വറൈറ്റീസ് ആന്റ് ഫാർമേഴ്സ് റൈറ്റ്സ് (പിപിവിഎഫ്ആർ) അതോറിറ്റിയുടേതാണ് ഉത്തരവ്. കർഷകരുടെ രണ്ടു വർഷം നീണ്ട പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് നടപടി. എഫ്എൽ 2027 (എഫ് സി ‑5) എന്നയിനത്തിൽപ്പെട്ട പ്രത്യേക തരം ഉരുളക്കിഴങ്ങിന്റെ പേറ്റന്റാണ് പെപ്സികോ അവകാശപ്പെടുന്നത്. ഇവ ഉണ്ടാക്കിയ ഗുജറാത്തിലെ ഒമ്പത് കർഷകരെ പ്രതി ചേർത്ത് പെപ്സികോ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തങ്ങൾക്കുണ്ടായ നഷ്ടത്തിന് കർഷകർ 4.02 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം. കമ്പനി നടപടിക്കെതിരെ കർഷക സംഘടനകളും സന്നദ്ധ സംഘങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പരാതിക്ക് പിന്നാലെ ഈയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്പന നടത്തുന്നതും അഹമ്മദാബാദിലെ പ്രത്യേക കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. അതോറിറ്റി ഉത്തരവ് ഇന്ത്യയിലെ കർഷകരുടെ ചരിത്ര വിജയമാണ്. കർഷക സ്വാതന്ത്ര്യത്തെ ഹനിച്ച് ഏതെങ്കിലും വിത്തോ ഭക്ഷണമോ മറ്റുള്ളവർക്ക് കൈമാറുന്നതിന് ഇത് തടയിടുമെന്നും വിഷയത്തില്‍ കര്‍ഷകര്‍ക്കു വേണ്ടി നിയമപോരാട്ടം നടത്തിയ അലയൻസ് ഫോർ സസ്റ്റയ്നബ്ൾ ആന്റ് ഹോളിസ്റ്റിക് അഗ്രികൾച്ചർ കൺവീനർ കവിത കുരുഗന്തി പറഞ്ഞു. എഫ്എൽ 2027 ഉരുളക്കിഴങ്ങിന്റെ ഉടമസ്ഥർ തങ്ങളാണെന്നും നിയമത്തിന് കീഴിൽ അത് രജിസ്റ്റർ ചെയ്ത ഇനമാണെന്നും പെപ്സികോ അതോറിറ്റിക്ക് മുമ്പിൽ വാദിച്ചു. എന്നാൽ ഇതിന്റെ പ്രാമാണികതെയാണ് അതോറിറ്റി ചോദ്യം ചെയ്തത്. ഇത് പൊതുതാല്പര്യത്തിന് വിരുദ്ധമാണ്, കർഷകർ ഇതുകൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നു എന്ന് കൺവീനർ കവിത കുരുഗന്തി വാദിച്ചു. വാദം അതോറിറ്റി ചെയർപേഴ്സൺ കെവി പ്രഭു അംഗീകരിക്കുകയായിരുന്നു. 2009ലാണ് എഫ്എല്‍ 2027 ഇനം ഉരുളക്കിഴങ്ങുകള്‍ രാജ്യത്ത് കൃഷി ചെയ്യാന്‍ ആരംഭിച്ചത്. 12,000 കര്‍ഷകരാണ് ഇത് കൃഷി ചെയ്യുന്നത്. ഇവയുടെ വിത്തുകള്‍ വിതരണം ചെയ്യുന്നതും വിള വാങ്ങുന്നതും പെപ്സികോ മാത്രമാണ്. 2016ലാണ് പിപിവി ആന്റ് എഫ്ആര്‍ ആക്ട് 2001 പ്രകാരം പെപ്സികോ ഈ ഉരുളക്കിഴങ്ങ് രജിസ്റ്റര്‍ ചെയ്ത് പേറ്റന്റ് നേടിയെടുത്തത്.
english summary;PepsiCo’s patent for Lace Potatoes revoked
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.