
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നജീബ് കാന്തപുരം എംഎൽഎയുടെ സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു. എതിർ സ്ഥാനാർത്ഥി കെ പി എം മുസ്തഫയുടെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. കേസിന്റെ പ്രാഥമിക ഘട്ടമായതിനാൽ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ഹർജി പിൻവലിക്കുകയാണെന്ന് നജീബ് കാന്തപുരത്തിന്റെ അഭിഭാഷകരായ അഭിഷേക് മനു സിംഗ്വിയും ഹാരിസ് ബീരാനും അറിയിച്ചു.
ഇതോടെ മണ്ഡലത്തിൽ നിന്നുള്ള നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതിയിൽ വിചാരണ തുടരാം. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗരേഖയുടെ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാൻ കഴിയുമോ എന്ന കാര്യം വിചാരണ സമയത്ത് ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ 348 പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ പി എം മുസ്തഫ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തത്. കെ പി എം മുസ്തഫയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി യു സിങ്ങും അഭിഭാഷകരായ ഇ എം എസ് അനാമും എം എസ് വിഷ്ണു ശങ്കറും ഹാജരായി.
കേസിൽ പോസ്റ്റൽ വോട്ടുകളും സ്പെഷൽ തപാൽ ബാലറ്റുകളും അടങ്ങിയ പെട്ടികൾ ഇടക്കാലത്ത് കാണാതായതിൽ തുറന്ന കോടതിയിൽ കഴിഞ്ഞ ദിവസം പരിശോധന നടന്നിരുന്നു. ദിവസങ്ങൾക്കു മുൻപ് ഹൈക്കോടതിയിൽ എത്തിച്ച പെട്ടികളാണ് പരിശോധിച്ചത്. തപാൽ വോട്ടുകൾ അടങ്ങിയ വോട്ടുപെട്ടികൾ അലക്ഷ്യമായാണ് സൂക്ഷിച്ചതെന്ന് കോടതി പറഞ്ഞു. ഇരുമ്പ് പെട്ടിയിലെ ഒരു പാക്കറ്റിലെ കവർ കീറിയിട്ടുണ്ട്. സ്പെഷ്യൽ തപാൽ വോട്ടുപെട്ടികളിൽ രണ്ടെണ്ണത്തിൽ റിട്ടേണിങ് ഓഫീസറുടെ ഒപ്പുണ്ടായിരുന്നില്ല. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കി കൊണ്ടുവന്നതാണോയെന്ന് സിംഗിൾ ബെഞ്ച് ചോദിച്ചിരുന്നു. തെരഞ്ഞെടുപ്പിലെ ഇത്തരം സംഭവങ്ങൾ അപചയത്തിന്റെ സൂചനയാണെന്ന് വിമർശിച്ച് തുറന്ന പെട്ടികൾ കോടതി വീണ്ടും സേഫ് കസ്റ്റഡിയിലേക്ക് മാറ്റി.
English Summary;Perinthalmanna election case: Najeeb withdraws Kanthapuram petition
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.