5 March 2026, Thursday

അങ്കമാലി — ശബരി റെയിലിന് ഭൂമി ഏറ്റെടുക്കാന്‍ അനുമതി

Janayugom Webdesk
മുവാറ്റുപുഴ
March 5, 2026 10:02 pm

കാൽ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് അങ്കമാലി — ശബരി റെയിൽ പദ്ധതിക്കായുളള ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതി നൽകി സർക്കാർ ഉത്തരവ്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പിനാണ് അനുമതിയായത്. അങ്കമാലി — ശബരി റെയിൽവേയുടെ ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ മൊത്തം ചെലവായ 3,800.9 കോടി രൂപയുടെ 50% കിഫ്ബി സാമ്പത്തിക സഹായത്തോടെ സർക്കാർ വഹിക്കും. അംഗീകൃത അലൈൻമെന്റ് അനുസരിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാനും വേഗത്തിലാക്കാനും റവന്യൂ വകുപ്പിന് നിർദേശം നൽകി. ഈ വിവരം റെയിൽവേ മന്ത്രാലയത്തെയും അനുബന്ധ ഓഫിസുകളെയും അറിയിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ല കളക്ടർമാർ പദ്ധതിക്കായി ഏറ്റെടുക്കാനുദ്ദേശിക്കുന്ന ഭൂമിയുടെ വിശദാംശങ്ങൾ സർക്കാരിന് സമർപ്പിച്ചിരുന്നു. എറണാകുളം ജില്ലയിലെ ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 152.05 ഹെക്ടർ, കോട്ടയം ജില്ലയിലെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ 119.09 ഹെക്ടർ ഭൂമി വീതം ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി. ഇടുക്കിയില്‍ തൊടുപുഴ താലൂക്കിൽ 33.77.61 ഹെക്ടർ ഭൂമി ഏറ്റെടുക്കും. 

111 കിലോ മീറ്റർ ദൈർഘ്യം വരുന്ന ശബരിപാത 1997ലെ കേന്ദ്ര റെയിൽവേ ബജറ്റിലാണ് പ്രഖ്യാപിച്ചത്. മൂന്നു പതിറ്റാണ്ടടുക്കുമ്പോഴും ആകെ പൂർത്തിയായത് അങ്കമാലിയിൽ നിന്ന് കാലടി വരെ എട്ട് കിലോമീറ്റർ മാത്രമാണ്. ആറ് കിലോമീറ്റർ ദൂരത്തിൽ നിർദിഷ്ട രാമപുരം റെയിൽവേ സ്റ്റേഷൻ വരെയാണ് കോട്ടയം ജില്ലയിൽ റെയിൽവേക്കായി കല്ലിട്ടിട്ടുള്ളത്. പിഴക് വരെ റവന്യൂ — റെയിൽവേ സംയുക്ത സർവേ പൂർത്തിയാക്കി സ്ഥലമെടുപ്പ് വിജ്ഞാപനവും പുറപ്പെടുവിച്ചു.
രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം ജില്ലയിൽ റെയിൽവേ സ്റ്റേഷനുകൾ നിർമ്മിക്കുക. രാമപുരം മുതൽ എരുമേലി വരെ ഏരിയൽ സർവേ മാത്രമാണ് നടത്തിയിട്ടുള്ളത്. ഏറ്റുമാനൂർ — പൂഞ്ഞാർ റോഡിൽ മേലമ്പാറയിലാണ് ഈരാറ്റുപേട്ടയിൽനിന്ന് ഏറ്റവും അടുത്ത സ്റ്റേഷൻ. ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിലേക്കും വാഗമണ്ണിലേക്കും എത്തുന്നവർക്ക് ഈ സ്റ്റേഷനായിരിക്കും ഏറ്റവും അനുയോജ്യം. ഈരാറ്റുപേട്ട റോഡിലെ ചെമ്മലമറ്റത്തും സ്റ്റേഷൻ നിർദേശിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് ജില്ലകളിലായി ആകെ 14 സ്റ്റേഷനുകളാവും ഉണ്ടാവുക. ഇടുക്കിയിൽ കരിങ്കുന്നം, തൊടുപുഴ, എറണാകുളം ജില്ലയിൽ വാഴക്കുളം, മൂവാറ്റുപുഴ, കോതമംഗലം, ഓടക്കാലി, പെരുമ്പാവൂർ, കാലടി, അങ്കമാലി എന്നിവിടങ്ങളിൽ സ്റ്റേഷനുകളുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.