6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025
December 26, 2024
December 26, 2024
December 26, 2024

എംടിയുടെ ഓർമകളിൽ കലോത്സവ വേദിയിൽ നിറഞ്ഞ് പെരുന്തച്ചനും വൈശാലിയും ചന്തുവും

Janayugom Webdesk
തിരുവനന്തപുരം
January 4, 2025 9:53 pm

എംടി വാസുദേവൻ നായരുടെ സ്മരണകൾ നിറഞ്ഞ വേദിയിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നിറഞ്ഞാടി. എംടിയുടെ തൂലികയിൽ പിറന്ന കഥാപാത്രങ്ങളായ പെരുന്തച്ചനും ചന്തുവും വൈശാലിയുമാണ് എംടി നിള വേദിയിൽ നൃത്താവിഷ്കാരങ്ങളായത്. കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസിലെ ഹയർ സെക്കന്‍ഡറി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഘനൃത്തം എംടിയ്ക്കുള്ള സ്മരണാഞ്ജലി കൂടിയായി മാറുകയായിരുന്നു. എംടിയുടെ പെരുന്തച്ചൻ, വടക്കൻ വീരഗാഥ, വൈശാലി എന്നീ മൂന്നു തിരക്കഥകൾ ഇതിവൃത്തമാക്കിയാണ് നൃത്താവിഷ്കാരം വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. പുസ്തകത്തിലൂടെ വേദിയിലേക്കിറങ്ങിയെത്തുന്ന വിധത്തിലായിരുന്നു നൃത്താവിഷ്കാരത്തിന്റെ തുടക്കം. വി എം അഞ്ജലി, നേഹാ നായർ, ഐ പി ദിയ, ചൈതന്യ കൃഷ്ണ, ജിയ രവി, ജെ വി വേദ, നിവേദ്യ എന്നിവർ വേദിയിലെത്തി. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയുടെ ശിഷ്യനായ വിനീത് സൗഷ്ഠവയാണ് നൃത്താവിഷ്കാരത്തിന്റെ ശില്പി. 

കലോത്സവ വേദിയിൽ കയറുന്നതിനു മുമ്പ് എംടിയെ ഒരു നോക്കു കാണണമെന്നും അനുഗ്രഹം വാങ്ങിക്കണമെന്നും വിദ്യാർത്ഥികളുടെയും അധ്യാപകൻ വിനീതിന്റെയും ആഗ്രഹമായിരുന്നു. കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവവേദിയിൽ എംടിയെക്കുറിച്ചുള്ള ഈ നൃത്തരൂപം അവതരിപ്പിക്കുന്നതിനു മുമ്പ് അദ്ദേഹത്തെ കാണാൻ കുട്ടികൾ ശ്രമിച്ചെങ്കിലും നടന്നില്ല. അസുഖബാധിതനായ അദ്ദേഹമപ്പോൾ ആശുപത്രിയിലായിരുന്നു. പിന്നീട് സംസ്ഥാന സ്കൂൾ കലോത്സവത്തിനായി അവസാന ഘട്ട തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിലാണ് എംടിയുടെ മരണം. തുടർന്ന് അധ്യാപകനും വിദ്യാർത്ഥികളും കോഴിക്കോട്ടുള്ള എംടിയുടെ വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. 

എംടിക്ക് ഏറെ പ്രിയപ്പെട്ട നിളയുടെ പേരിലുള്ള വേദിയിലാവും തങ്ങൾ നൃത്തം അവതരിപ്പിക്കാൻ പോകുന്നതെന്ന് അന്ന് ഇവർ അറിഞ്ഞിരുന്നില്ല. ഈ വേദിയിൽ നൃത്തം അവതരിപ്പിക്കാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് വിനീത് മാഷും വിദ്യാർത്ഥികളും. എംടിയുടെ മകൾ അശ്വതിയുടെ അനുമതിയോടെയാണ് തിരക്കഥകൾ ഉപയോഗിച്ച് നൃത്താവിഷ്കാരം ചിട്ടപ്പെടുത്തിയതെന്ന് അധ്യാപകൻ വിനീത് പറഞ്ഞു. എംടിക്കുള്ള ആദരവായാണ് സംഘനൃത്തത്തിൽ പുതിയ ആശയം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.