നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷത്തിലെ 8.5 ശതമാനത്തില്‍ നിന്നും 8.1 ശതമാനമായാണ് ഇപിഎഫ് പലിശ നിരക്ക് വെട്ടിക്കുറച്ചത്. 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഈ വര്‍ഷത്തെ നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഗുവാഹട്ടിയില്‍ നടന്ന ഇപിഎഫ്‌ഒ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) യോഗത്തിന്റേതാണ് തീരുമാനം. നടപടി രാജ്യത്തെ മാസശമ്പളക്കാരായ ആറ് കോടിപേരെ പ്രതികൂലമായി ബാധിക്കും.
1977–78 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന പലിശ നിരക്കാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. അന്ന് എട്ട് ശതമാനമായിരുന്നു പലിശ നിരക്ക്. 2018–19, 2017–18 വര്‍ഷങ്ങളില്‍ യഥാക്രമം 8.65 ശതമാനം, 8.55 ശതമാനം എന്നിങ്ങനെ ആയിരുന്നു.
പിഎഫ് പലിശ നിരക്ക് കുറയ്ക്കാനും മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് തുല്യമാക്കാനും നേരത്തെ ധനമന്ത്രാലയം തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. 1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്റ് മിസലേനിയസ് പ്രൊവിഷൻസ് ആക്ട് പ്രകാരം പ്രൊവിഡന്റ് ഫണ്ട് സേവിങ്സ് നിർബന്ധമാണ്. തൊഴിലാളികളുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് പിഎഫ് നിക്ഷേപത്തിലേക്ക് നിര്‍ബന്ധമായി പിടിക്കുന്നത്. കൂടാതെ തൊഴില്‍ ഉടമയും തുല്യ തുക നല്‍കും.
റിട്ടയര്‍മെന്റ് ഫണ്ടിലേക്ക് ലഭിക്കുന്ന തുകയെ അടിസ്ഥാനപ്പെടുത്തിയാണ് പലിശ നിരക്ക് നിശ്ചയിക്കുക. എന്നാല്‍ കോര്‍പസ് ഫണ്ടില്‍ 13 ശതമാനം വര്‍ധനവ് ഉണ്ടായിട്ടും പലിശ നിരക്ക് എട്ട് ശതമാനം മാത്രമാണെന്നതാണ് ശ്രദ്ധേയം.
കോവിഡ് വ്യാപനം ഇപിഎഫ് വരുമാനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇത് 2019–20 വര്‍ഷത്തെ പലിശ നല്‍കുന്നതില്‍ കാലതാമസം വരുത്തി. ഡെബിറ്റ് നിക്ഷേപങ്ങളില്‍ നിന്നും 8.15 ശതമാനവും ഇക്വിറ്റി പോർട്ട്‌ഫോളിയോയിൽ നിന്ന് 0.35 ശതമാനവും എടുത്ത് രണ്ട് ഗഡുക്കളായാണ് പലിശ നല്‍കിയത്.
പലിശ 8.1 ശതമാനത്തില്‍ നല്‍കിയാല്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷ (ഇപിഎഫ്ഒ)ന് 450 കോടി ലാഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍. തൊഴിലാളി പ്രതിനിധികള്‍ സിബിടി യോഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഏറ്റവും കുറഞ്ഞ നിരക്കായ 8.1 നിശ്ചയിക്കുകയായിരുന്നു. 2020 മാര്‍ച്ചില്‍ 2019–20 വര്‍ഷത്തെ ഇപിഎഫ് പലിശ നിരക്ക് ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനമായി കുറച്ചിരുന്നു.
English Summary: PF cut interest rates
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.