ഫാർമസിസ്റ്റും ഡോക്ടറും ഇന്നലെ അവധിയിലായതോടെ അയ്യപ്പൻ കോവിൽ പഞ്ചായത്തിലെ ആലടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം ഇന്നലെ നിലച്ചു.
ഇതുമൂലം ജീവിതശൈലീ രോഗങ്ങൾക്ക് സ്ഥിരമായി ചികിത്സ തേടുന്നവർ അടക്കം മരുന്നില്ലാതെ മടങ്ങേണ്ടതായി വന്നു.
ഇവിടെ നിലവിൽ രണ്ടു ഡോക്ടർമാരാണുള്ളത്. ഇതിലൊരാൾ വർക്കിംഗ് അറേജ്മെന്റിന്റെ ഭാഗമായി മറ്റൊരാശുപത്രിയിലേക്കു പോകുകയും നിലവിലുള്ള ലേഡി ഡോക്ടർ ലീവിലാകുകയുമായിരുന്നു.
മുമ്പ് ഇവിടെ താത്കാലിക ജോലിക്കായി ഒരു ഫാർമസിസ്റ്റിനെ നിയമിച്ചിരുന്നു. ഇവർക്ക് ശമ്പളം നൽകിയിരുന്നത് ഗ്രാമപഞ്ചായത്ത് ആയിരുന്നു. അടുത്ത നാളിൽ ഓഡിറ്റ് ഒബ്ജക്ഷൻ ഉണ്ടായതിനെ തുടർന്ന് പഞ്ചായത്ത് താത്കാലിക ജീവനകാരിയുടെ സേവനം അവസാനിപ്പിച്ചു.
കോട്ടയം സ്വദേശിയായ സ്ഥിരം ഫാർമസിസ്റ്റിനെ ഇവിടെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവർക്കിവിടെ താമസസൗകര്യമില്ല. ഇതിനാൽ തന്നെ യാത്രാ ദൂരവും യാത്രാ ബുദ്ധിമുട്ടുകളും പറഞ്ഞ് ഇവർ പല ദിവസങ്ങളിലും ആശുപത്രിയിൽ എത്താറുമില്ല. ഇത് ഫാർമസി പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുമുണ്ട്. പനി ബാധിതരടക്കം നിരവധി രോഗികളാണ് ഇന്നലെ ആശുപത്രിയിലെത്തി മടങ്ങിയത്.
മുമ്പിവിടെ 300 വരെ രോഗികൾ പരിശോധനകൾക്കായി എത്തിയിരുന്നു എന്നും നിലവിൽ 80 മുതൽ നൂറുവരെ രോഗികളാണെത്തുന്നതെന്നും രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്നാണ് താത്കാലിക ഫാർമസിസ്റ്റിനെ പിരിച്ചു വിടുവാൻ കാരണമെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.
നിലവിലെ നിയമമനുസരിച്ച് ഫാർമസിസ്റ്റിനല്ലാതെ മറ്റു ജീവനക്കാർക്കാർക്കും മരുന്നെടുത്തുനൽകുവാനും കഴിയുകയില്ല.
നാട്ടുകാർ മറ്റാശുപത്രികൾ തേടി പോകുന്നതും രോഗികളുടെ എണ്ണത്തിൽ കുറവു വരുവാൻ കാരണവും രോഗീപരിചരണത്തിൽ കാട്ടുന്ന അലസത മൂലമാണെന്ന് ആക്ഷേപമുണ്ട്. ഇവിടെ ഇപ്പോൾ ജോലിചെയ്യുന്ന ലേഡീ ഡോക്ടറെ മുമ്പ് നിരന്തര പരാതികളെ തുടർന്ന് ഏലപ്പാറ ഗ്രാമപഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി അവിടെ നിന്നും മാറ്റിയിരുന്നു.
കാർഷിക തോട്ടം മേഖലകളിൽ നിന്നും, ആലടി ഊരാളിക്കുടി ആദിവാസി മേഖലയിൽ നിന്നും ഉള്ള രോഗികളും, മേരികുളം ആലടി, അയ്യപ്പൻ കോവിൽ, മാട്ടുകട്ട പൂമല, ഇടപൂക്കളം ചപ്പാത്ത്, പുല്ലുമേട് പച്ചക്കാട്, സുൽത്താനിയ വള്ള കടവ് കരിംകുളം പാത്തിമുക്ക് തുടങ്ങി സ്ഥലങ്ങളിലുമുള്ളവരുടെ ആതുര ശുശ്രൂഷാ കേന്ദ്രം കൂടിയാണീ ആശുപത്രി.
കാര്യക്ഷമതയും പ്രാപ്തിയുമുള്ള ഡോക്ടറെ ആശുപത്രിയിൽ നിയമിക്കുകയും, താമസസൗകര്യമടക്കം ഒരുക്കിനൽകി ഫാർമസിസ്റ്റിനെ ജോലി ചെയ്യിക്കുവാൻ അധികൃതർ തയ്യാറാകണമെന്നാണ് നാടിന്റെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.