
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഏഴ് ജില്ലകളിലും മികച്ച പോളിങ്.
സംസ്ഥാനത്താകെ 70.52% പോളിങ് ആണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകളില്‍ പോളിങ് ശതമാനത്തില്‍ വ്യത്യാസം വന്നേക്കാം. 2020ല്‍ 75.95% ആയിരുന്നു പോളിങ്.
ഇത്തവണ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് എറണാകുളത്തും (74.58%), കുറവ് പത്തനംതിട്ടയിലും (66.78%) ആണ്. ഏഴ് ജില്ലകളിലെ 593 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 4,471,271 പുരുഷന്മാരും 49,37,590 സ്ത്രീകളും 51 ട്രാൻസ‍്ജെൻഡറുകളുമടക്കം 94,08,916 പേര്‍ വോട്ട് രേഖപ്പെടുത്തി.
രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് ചൂട് പിടിച്ചു. 11ന് ശേഷം വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തുകളിലെത്തിയതോടെ ഉച്ചയ്ക്ക് ഒന്നരയോടെ പോളിങ് 50% കടന്നു. വൈകിട്ട് നാലോടെ 60 ശതമാനവും കടന്ന് മുന്നേറി. അങ്ങിങ്ങ് ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത് ഒഴിച്ചാല്‍ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
തിരുവനന്തപുരം കാട്ടാക്കടയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിൻ തകരാറിലായി. പൂവച്ചല്‍ മുതിയാവിള പോളിങ് കേന്ദ്രത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിഞ്ഞതാണ് പ്രശ്നമായത്. തുടർന്ന് വോട്ടെടുപ്പ് നിര്‍ത്തിവച്ചു. 11.30ഓടെ പുതിയ യന്ത്രം എത്തിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. തകരാറിലായ യന്ത്രത്തില്‍ 85 പേർ വോട്ട് ചെയ്തിരുന്നു. തുടര്‍ന്ന് യന്ത്രം സീല്‍ ചെയ്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. റീപോളിങിന്റെ കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനായിരിക്കും തീരുമാനിക്കുക.
വൈകിട്ട് ആറ് വരെ ക്യൂവിലുണ്ടായിരുന്ന എല്ലാവര്‍ക്കും സ്ലിപ്പ് നല്‍കി വോട്ട് രേഖപ്പെടുത്താൻ കമ്മിഷൻ അവസരമൊരുക്കി. അതേസമയം, വോട്ടിങ് മെഷീനിലെ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂർത്തിയാക്കാൻ കഴിയാതിരുന്ന ആലപ്പുഴ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അമ്പലക്കടവ് വാർഡിലേക്കുള്ള ഒന്നാം പോളിങ് ബൂത്തായ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ നാളെ റീപോളിങ് നടത്തും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അമ്പലക്കടവ് വാർഡിലേക്കും ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ മണ്ണഞ്ചേരി വാർഡിലേക്കും ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ആര്യാട് വാർഡിലേക്കുമുള്ള റീപോളിങ്ങാണ് നടക്കുക. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് റീപോളിങ്.
ഇന്നലെ വോട്ടെടുപ്പ് നടന്ന മൂന്ന് കോര്‍പറേഷനുകളില്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 58.24%. കൊല്ലം (63.32), കൊച്ചി (62.52) എന്നിങ്ങനെയാണ് മറ്റ് കോര്‍പറേഷനുകളിലെ നില.
തലസ്ഥാനത്ത് കോവളത്തിന് സമീപം പാച്ചല്ലൂരില്‍ വോട്ട് ചെയ്തയുടൻ വൃദ്ധ ബൂത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. സ്ഥാനാര്‍ത്ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനിലെ വിഴിഞ്ഞം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളില്‍ വോട്ടെടുപ്പ് റദ്ദാക്കി. ഇവിടങ്ങളില്‍ വോട്ടെടുപ്പ് പിന്നീട് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.