8 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 17, 2024
August 16, 2024
August 12, 2024
August 2, 2024
July 30, 2024
July 30, 2024
July 28, 2024
July 28, 2024
July 27, 2024
July 26, 2024

ദാര്‍ശനികനായ ഭരണാധികാരി

ടി ടി ജിസ് മോന്‍ 
എഐവെെഎഫ് സംസ്ഥാന സെക്രട്ടറി
July 26, 2024 4:30 am

1957ൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടുന്നതിന് മുമ്പ് അന്നത്തെ ധനകാര്യ മന്ത്രിയായ സി അച്യുതമേനോന്റെ മുമ്പിലേക്ക് ഒരു ഫയൽ എത്തുന്നു. സ്വകാര്യ സ്കൂൾ അധ്യാപകർക്ക് പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു അത്. ധനകാര്യ വകുപ്പിന് ഇത് പഠിക്കാൻ സമയം ലഭിച്ചിരുന്നില്ല. തന്നെയുമല്ല ഇതിന് വേണ്ട ധനം എങ്ങനെ കണ്ടെത്തുമെന്നതിനെ സംബന്ധിച്ച് കൃത്യമായ ധാരണയുമില്ലായിരുന്നു. മന്ത്രിസഭ ഒഴിഞ്ഞുപോകുന്ന ഘട്ടത്തിൽ ഇപ്രകാരം ഒരു തീരുമാനം നടപ്പിലാക്കാൻ ഉത്തരവിട്ടാൽ പിന്നീട് വരുന്ന സർക്കാരിന് അധികബാധ്യത വരുത്തുന്ന ഒന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞ സി അച്യുതമേനോൻ പ്രസ്തുത ഫയൽ ധാർമ്മികമല്ലെന്നും ക്രമവിരുദ്ധമെന്നും ആരോപിച്ച് ഒപ്പിടാൻ വിസമ്മതിച്ചു. അടുത്ത മന്ത്രിസഭയിൽ മുഖ്യമന്ത്രിയായ പട്ടം താണുപിള്ള ഫയലിലെ നോട്ട് കാണുകയും പ്രതിപക്ഷത്തിരിക്കുന്ന അച്യുതമേനോനെ അഭിനന്ദിക്കുകയും ചെയ്തത് ചരിത്രം. 

ഒരിക്കൽ ‘ജനയുഗം’ വാരികയിൽ താൻ കൈകാര്യം ചെയ്യുന്ന പംക്തിയിൽ ‘ദൈവമനുഷ്യർ’ എന്നൊരു ലേഖനമെഴുതി അച്യുതമേനോൻ. മുഖ്യമന്ത്രിയായിരിക്കെ, ഒരു ഡൽഹി യാത്രക്കിടെ വിമാനത്താവളത്തിലെ വിശ്രമമുറിയിൽ ഇരിക്കവെ കണ്ട ഒരു ദിവ്യനെയും പരിവാരങ്ങളെയും കുറിച്ചായിരുന്നു ഉള്ളടക്കം. അതിൽ പറയുന്ന ദിവ്യൻ ചിന്മയാനന്ദനായിരുന്നു. സ്വാമിയെ സംബന്ധിച്ചും തന്റെ പരിവാരങ്ങളിൽ നിന്ന് പുഷ്പങ്ങളും ഫലവർഗങ്ങളും സ്വീകരിച്ച്, അവരുടെ പരിചരണം ഏറ്റുവാങ്ങുന്നതും പ്രതിപാദിച്ചുകൊണ്ട് സഖാവ് എഴുതി: “ആ പ്രഥമ ദർശനം തന്നെ എന്നിൽ അനുകൂലമായ പ്രതികരണമല്ല സൃഷ്ടിച്ചത്. എന്തിനാണ് അദ്ദേഹം ചിന്മയാ മിഷൻ സ്ഥാപിച്ചത്? എന്താണ് അദ്ദേഹത്തിന്റെ ദൗത്യം? ശങ്കരാചാര്യരും തിലകനും വ്യാഖ്യാനിച്ചു കഴിഞ്ഞ ഭഗവദ് ഗീതാ വ്യാഖ്യാനത്തിൽ നിന്ന് വ്യത്യസ്തമായി എന്താണ് അദ്ദേഹത്തിന് വ്യാഖ്യാനിക്കാനുള്ളത്? ” എന്നിങ്ങനെ തുടർന്നു വിമർശനങ്ങൾ. വർഗീയത പ്രചരിപ്പിക്കുന്ന ഹൈന്ദവ സംഘടനയെ ‘കാവിയുടുക്കാത്ത സന്യാസിമാർ’ എന്ന് ചിന്മയാനന്ദൻ വിശേഷിപ്പിച്ചതിനോടുള്ള കടുത്ത വിയോജിപ്പും ധാർമ്മിക രോഷവുമാണ് അപ്രകാരമൊരു വിലയിരുത്തലിന് അച്യുതമേനോനെ പ്രേരിപ്പിച്ചത്. 

കേരളം രാജ്യത്തിന് സംഭാവന ചെയ്ത ഉത്തമനായ കമ്മ്യൂണിസ്റ്റ് നേതാവ് ആധുനിക കേരളത്തെ രൂപപ്പെടുത്താനുള്ള ഓരോ ചലനങ്ങളിലും തന്റെ രാഷ്ട്രീയവും സൈദ്ധാന്തികവുമായ നേതൃപാടവം പ്രകടിപ്പിച്ചിരുന്നുവെന്ന് കാണാൻ കഴിയും.
വികസനപാതയിൽ കേരളത്തെ നയിച്ച ക്രാന്തദർശിയായ ഭരണാധികാരി, കാലത്തിന്റെ പരിവർത്തനങ്ങളെ തിരിച്ചറിയുന്നതിലും അവയ്ക്കനുയോജ്യമായ വിധത്തിൽ രാഷ്ട്രീയ നയരൂപീകരണം നടത്തുന്നതിലും നിതാന്ത ജാഗ്രത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
കേരള ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയും അച്യുതമേനോനായിരുന്നു. ഭരണപക്ഷം അടുത്ത തവണ പ്രതിപക്ഷം എന്ന കീഴ്‌വഴക്കത്തിന് സംസ്ഥാനത്ത് മാറ്റം വന്നത് മൂന്ന് തവണ മാത്രമാണ്. അതിൽ രണ്ട് തവണയും അച്യുതമേനോനായിരുന്നു സർക്കാരിനെ നയിച്ചത്. ദീർഘകാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് സി അച്യുതമേനോൻ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി സംഭാഷണം നടത്തുന്നതിന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായി മോസ്കോ സന്ദർശനം നടത്തിയിട്ടുമുണ്ട്. 

മികച്ച എഴുത്തുകാരൻ കൂടിയായ അച്യുതമേനോൻ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. ‘എന്റെ ബാല്യകാലസ്മരണകൾ’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും (1978), സോവിയറ്റ് ലാന്റ് നെഹ്രു അവാർഡും ലഭിച്ചു. സി അച്യുതമേനോൻ സമ്പൂർണ കൃതികൾ 15 വോള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി ഗോവിന്ദപിള്ള അദ്ദേഹത്തിന്റെ എഴുത്തിനെക്കുറിച്ച് പറഞ്ഞത്: “എഴുതിയതെല്ലാം കൃത്യം, അച്ചട്ട്, ക്ലിനിക്കൽ പ്രിസിഷനാണ്” എന്നാണ്. അതുല്യനായ സംഘാടകനായ സഖാവ്, അസാമാന്യ രാഷ്ട്രീയ ജാഗ്രതയോടെ, മാർക്സിസ്റ്റ് ദർശനത്തിന്റെ സഹായത്തോടെ വർത്തമാനകാല സാമൂഹികചലനങ്ങൾ വിശകലനം ചെയ്യുന്നതിൽ അതിനിപുണനുമായിരുന്നു.
മുഖ്യമന്ത്രി പദം ഒഴിഞ്ഞതിന് ശേഷം തൃശൂർ റെയിൽവേ സ്റ്റേഷനിലെ ബുക്ക് സ്റ്റാളിൽ നിന്ന് മാഗസിൻ വാങ്ങി പുറത്തിറങ്ങുമ്പോൾ പ്ലാറ്റ് ഫോം ടിക്കറ്റ് ആവശ്യപ്പെട്ട തമിഴ്‌നാട്ടുകാരനായ ടിക്കറ്റ് എക്സാമിനർ അബദ്ധം മനസിലായി വീട്ടിലെത്തി ക്ഷമാപണം നടത്തിയപ്പോൾ ‘സ്വന്തം ഡ്യൂട്ടി ഉത്തരവാദിത്തത്തോടെ നിർവഹിച്ച താങ്കൾ ക്ഷമ ചോദിക്കേണ്ടതില്ലെ‘ന്ന് പ്രതിവദിച്ച അച്യുതമേനോൻ ഇടതുപക്ഷ ലാളിത്യത്തിന്റെ മകുടോദാഹരണമാണ്. വാർധക്യസഹജമായ അസുഖങ്ങൾ അലട്ടിയ അച്യുതമേനോൻ 78-ാം വയസിൽ 1991 ഓഗസ്റ്റ് 16ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ വച്ചാണ് മരണമടയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.