21 December 2024, Saturday
KSFE Galaxy Chits Banner 2

സുധര്‍മ്മയുടെ ചിത്രങ്ങള്‍ ഗുരുവിനുള്ള കാണിക്ക

ഷാജി ഇടപ്പള്ളി
കൊച്ചി
March 15, 2023 10:48 pm

ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും ദർശനങ്ങളെയും ആസ്പദമാക്കി വരച്ച ചിത്രങ്ങളിലൂടെ ഗുരുചരിതം പുതിയ തലമുറയിലേക്ക് പകർന്നു നൽകുവാനുള്ള പരിശ്രമമാണ് ചിത്രകാരി സുധർമ്മ ഗിരിജൻ ഏറ്റെടുത്തിട്ടുള്ളത്. നോവലും ചരിത്രവും സിനിമയും കഥാപ്രസംഗവും ഒക്കെ ശ്രീനാരായണ ഗുരുവിനെപ്പറ്റി വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നും വേറിട്ട് ഗുരുവിന്റെ ജനനം മുതൽ സമാധിവരെയുള്ള കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തങ്ങളെ 33 ചിത്രങ്ങളിലൂടെയാണ് ഈ ചിത്രകാരി അവതരിപ്പിക്കുന്നത്.

ഗുരുവിന്റെ ജീവിതവും ദർശനങ്ങളും മനസിലാക്കുന്നതിനായി മയ്യനാട് കെ ദാമോദരൻ, കോട്ട് കോയിക്കൽ വേലായുധൻ, മൂർക്കോത്ത് കുമാരൻ, ഡോ. ടി ഭാസ്കരൻ, എം രാധാകൃഷ്ണൻ, സച്ചിദാനന്ദ സ്വാമി എന്നിവരുടെ കൃതികളുടെ പഠന ശേഷമാണ് ചിത്രരചന തുടങ്ങിയത്. സന്ദർഭങ്ങളുടെ പ്രാധാന്യവും പങ്കാളിത്തവും അനുസരിച്ച് വിവിധ വലിപ്പത്തിലാണ് ക്യാൻവാസുകളിൽ ഓയിൽ കളറിലും അക്രിലിക് കളറിലുമായി ചിത്രങ്ങൾ രചിച്ചിട്ടുള്ളത്.

എല്ലാ ചിത്രവും ഓരോ പഠന വിഷയമാക്കാവുന്ന രീതിയിൽ സുധർമ്മ അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. 2018 ലാണ് ആദ്യ പ്രദർശനം ചേർത്തലയിൽ സംഘടിപ്പിച്ചത്. മികച്ച പ്രതികരണമാണ് അന്ന് ചിത്രങ്ങൾക്ക് ലഭിച്ചത്. കേരളത്തിലുടനീളം പ്രദർശനം സംഘടിപ്പിക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും ചോറ്റാനിക്കര, ഉദയംപേരൂർ, എരൂർ, പള്ളുരുത്തി തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഇതുവരെ പ്രദർശനമൊരുക്കുവാൻ കഴിഞ്ഞിട്ടുള്ളത്.

ചേർത്തല അർത്തുങ്കൽ തറമൂട് ആനന്ദ് ഹോമിൽ ഡോ. ചിദാനന്ദന്റെയും ലീലാവതിയുടെയും മകളായ സുധർമ്മ ചോറ്റാനിക്കരയിലാണ് താമസം. പരേതനായ ഗിരിജനാണ് ഭർത്താവ്. മകൾ അശ്വതി വിവാഹിതയാണ്. മകൻ അശ്വിൻ നിയമ വിദ്യാർത്ഥിയാണ്. ചേർത്തലയിൽ ആർട്ടിസ്റ്റ് വാര്യരുടെ ശിക്ഷണത്തിലാണ് ചിത്രരചന അഭ്യസിച്ചത്.

Eng­lish Sum­ma­ry: Pic­ture drawn by  Sud­har­ma Girijan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.