December 3, 2023 Sunday

വരയഴകില്‍ വിസ്മയമായി മോഹന ചിത്രങ്ങള്‍

എം കെ ഹരിലാല്‍
July 25, 2023 1:02 pm

സര്‍ഗാത്മകതയുടെ വര്‍ണങ്ങളില്‍ ചിത്രകലാരംഗത്ത് തനതായ മുദ്രപതിപ്പിച്ചിരിക്കുകയാണ് മോഹനന്‍. സന്തോഷത്തിന്റെ നിറച്ചാര്‍ത്തുകള്‍ മോഹനന്റെ ക്യാന്‍വാസിലെ ഓരോ ചിത്രങ്ങളിലും പ്രതിഫലിക്കുന്നു. നാളിതു വരെ ജീവന്‍ തുടിക്കുന്ന മുന്നൂറോളം ചിത്രങ്ങളാണ് വരയഴകില്‍ മോഹനന്‍ നിറം ചാര്‍ത്തിയത്. കുഞ്ഞുനാള്‍ മുതല്‍ പഠനത്തേക്കാള്‍ ഉപരി വരയോടും തെരുവ് നാടകങ്ങളോടുമായിരുന്നു മോഹനന് താല്പര്യം. 16 ആം വയസില്‍ സ്കൂള്‍ ഓഫ് ആര്‍ട്സിലെ ഹെഡ് മാസ്റ്റര്‍ ഗംഗാധരനാണ് മോഹനനെ ചിത്രകലാ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയതോടെ സൈന്‍ ബോര്‍ഡുകളിലും ചുവരെഴുത്തുകളിലേക്കും വര നീണ്ടു.

പിന്നീട് പ്രവാസ ജീവിതത്തിലേക്ക് കടന്ന മോഹനന്‍ ഗള്‍ഫിലെ ഒരു സ്വകാര്യ കമ്പനിയില്‍ ചീഫ് ആര്‍ട്ടിസ്റ്റായും സേവനമനുഷ്ഠിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് നാട്ടിലെത്തിയ അദ്ദേഹം ചിത്രകലാരംഗത്ത് കൂടുതല്‍ സജീവമായി. പ്രകൃതി മഹിമയും മനുഷ്യനും ജീവജാലങ്ങളുമുള്‍പ്പെടുന്ന വിഷയങ്ങളാണ് മോഹനന്റെ ക്യന്‍വാസിലേറെയും. തന്റെ ചിത്രങ്ങള്‍ ആസ്വദിക്കുന്ന പ്രേക്ഷകന് സന്തോഷിക്കാന്‍ ഏറെയുണ്ടെന്നാണ് ചിത്രകാരന്റെ പക്ഷം. സാധാരണക്കാരുമായി മോഹനന്റെ ചിത്രങ്ങള്‍ വളരെ എളുപ്പം സംവദിക്കുകയും ആഹ്ലാദത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്യും.

ഒറിജിനല്‍ രചനയെ വേറിട്ട് നിര്‍ത്തുന്ന ചിത്രകലാ രീതിയാണ് പ്രധാനമായും മോഹനന്‍ പിന്തുടരുന്നത്. രാജാ രവിവര്‍മ്മയുടെ കാലില്‍ ദര്‍ഭ മുന ഏറ്റ ശകുന്തളയുടെ പകര്‍പ്പാണ് ഏറ്റവും പ്രശംസനീയമായ ചിത്രങ്ങളില്‍ ഒന്ന്. 45 ദിവസങ്ങള്‍ കൊണ്ടാണ് മോഹനന്‍ ചിത്രം പൂര്‍ത്തീകരിച്ചത്. രാജസ്ഥാനില്‍ നിന്ന് പകര്‍ത്തിയ വീണ വായനയില്‍ മുഴുകുന്ന വൃദ്ധന്റെ ചിത്രത്തെ ഇതിവൃത്തമാക്കി വരച്ച പെയിന്റിങ് ആസ്വാദകരുടെ ഹൃദയം കവരുന്ന ചിത്രങ്ങളില്‍ ഒന്നാണ്. സിനിമാ താരം ഇന്ദ്രന്‍സിന്റെ പെയിന്റിങ്ങും മോഹനന്റെ സൃഷ്ടികളില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. ചിത്രകലാരംഗത്ത് ഒട്ടനവധി ശിഷ്യരും മോഹനനുണ്ട്. കവടിയാര്‍ ദ്വാരകമൈ സ്കൂളില്‍ ചിത്രരചന ക്ലാസുകളും അദ്ദേഹം നയിക്കുന്നു. നേമം സ്റ്റുഡിയോ റോഡില്‍ മോഹനത്തിലാണ് താമസം. ഭാര്യ: അനിത കുമാരി, മകള്‍ : മാളു സിതാര, മരുമകന്‍: വിഷ്ണു. ഫോണ്‍: 9188804608

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.