24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 22, 2025
April 21, 2025
April 21, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 5, 2025

പ്രതിഷേധിച്ചവരെ നിറയൊഴിച്ചവര്‍ ഇപ്പോള്‍ പുണ്യവാളന്മാരാകുന്നു: മുഖ്യമന്ത്രി

web desk
തിരുവനന്തപുരം
February 27, 2023 11:24 am

ബജറ്റില്‍ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് രണ്ടു രൂപ സെസ് ഈടാക്കി എന്ന പേരില്‍ സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും നടത്തിവരുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് ജനപിന്തുണയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ 13 തവണ പെട്രോളിയം ഉല്പന്നങ്ങളുടെ നികുതിയും സെസും വര്‍ധിപ്പിച്ചു. സെസ് വര്‍ധിപ്പിച്ചത് സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് ലഭിക്കാത്ത തരത്തിലാണ്. ഇതിനെതിരെ സംസ്ഥാനത്ത് ഒരു തരത്തിലുള്ള പ്രതിഷേധവും പ്രതിപക്ഷം നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ദൈനംദിന പ്രവര്‍ത്തനങ്ങളെയും വികസന പദ്ധതികളെയും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികളെയും തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ജിഎസ്‌ടി നിലവില്‍ വന്നതോടെ സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള സാധ്യത തുലോം പരിമിതമാണ്. കടമെടുക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശവും കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കുന്ന സാഹചര്യമുണ്ടായി. ഇക്കാര്യങ്ങളാണ് നിലവില്‍ വിഭവസമാഹരണത്തിന് വഴി കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഇക്കാര്യം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബോധ്യമുള്ളതുമാണ്. അതിനാലാണ് ജനങ്ങള്‍ സര്‍ക്കാരിനോടൊപ്പം നില്‍ക്കുന്നതും നിങ്ങളുണ്ടാക്കുന്ന കോലാഹലങ്ങള്‍ ജനപിന്തുണയില്ലാതെ ഒറ്റപ്പെട്ടുപോകുന്നതും.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ച് കളമശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് ഇക്കഴിഞ്ഞ 21ന് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് തടഞ്ഞപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരെ കല്ലും വടിയും ഉപയോഗിച്ച് അക്രമിച്ച് പരിക്കേല്‍പ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി. യാത്രക്കാര്‍ക്കും മറ്റും മാര്‍ഗതടസം സൃഷ്ടിച്ചു. സ്ഥലത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയ യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്നുതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത്‌ കോണ്‍ഗ്രസുകാരുടെ അക്രമണത്തില്‍ ആറ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പരിക്കുപറ്റിയ ആറ് യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെയും കളമശ്ശേരി കിന്റര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയിട്ടുണ്ട്. 12 പേരെ സംഭവസ്ഥലത്തുവച്ച് അറസ്റ്റുചെയ്തു. അവര്‍ക്കെതിരെ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. പൊലീസിനെ അക്രമിച്ചവരെ അറസ്റ്റുചെയ്ത് സ്റ്റേഷനിലെത്തിച്ച സമയത്ത് ഷാഫി പറമ്പില്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റും മറ്റ് യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എറണാകുളം പൊലീസ് സ്റ്റേഷനില്‍ തള്ളിക്കയറാനും പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്താനും ശ്രമിച്ചു. ഇക്കാര്യത്തില്‍ കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ 11ന് മുഖ്യമന്ത്രിയുടെ യാത്രാവേളയില്‍ കളമശ്ശേരിയില്‍ വച്ച് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചിരുന്ന് വാഹനവ്യൂഹത്തിന്റെ മുന്നിലേക്ക് എടുത്തുചാടാന്‍ ശ്രമിച്ച ഒരു യുവതിയുള്‍പ്പെടെയുള്ള നാല് യൂത്ത് ‌കോണ്‍ഗ്രസ്സുകാരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് വാഹനത്തിനു മുന്നില്‍ ചാടി ആപത്ത് വരാതിരിക്കാനുള്ള ഇടപെടലാണ് പൊലീസ് നടത്തിയത്.

ഗവണ്‍മെന്റ് നടപടികളില്‍ പ്രതിഷേധമുള്ളവര്‍ സാധാരണ നിലയില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച് ബഹുജനങ്ങളെ അണിനിരത്തി സമരം നടത്താറുണ്ട്. എന്നാല്‍ തികച്ചും അപകടകരമായ നിലയില്‍ ഓടുന്ന വാഹനത്തിന്റെ മുന്നിലേക്ക് എടുത്തുചാടാന്‍ പ്രേരിപ്പിക്കുന്ന രീതിയാണ് യൂത്ത് കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത് കേരളത്തില്‍ മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത അപകടസാഹചര്യം ആസൂത്രിതമായി സൃഷ്ടിക്കാനുള്ള ശ്രമം ഉണ്ടാകുന്നുണ്ട്. അത് തടയുവാന്‍ ആവശ്യമായ നടപടികളാണ് പൊലീസ് സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഷാഫി പറമ്പില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.

Eng­lish Sam­mury: ker­ala chief min­is­ter pinarayi vijayan speech in niyamasabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.