15 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 6, 2024
February 8, 2023
December 24, 2022
August 24, 2022
March 12, 2022
January 19, 2022
November 9, 2021

കാവേരി ജലം ഉപയോഗിക്കാൻ പദ്ധതി; 10 കോടി രൂപ അനുവദിച്ചു:മന്ത്രി റോഷി അഗസ്റ്റിന്‍

ഡിപിആറും അനുബന്ധ രേഖകളും തയ്യാറാക്കാൻ നിർദേശം
Janayugom Webdesk
തിരുവനന്തപുരം
September 6, 2024 9:51 pm

കാവേരി ജലതർക്ക ട്രിബ്യൂണൽ കേരളത്തിന് അനുവദിച്ച 30 ടിഎംസി ജലം ഫലപ്രദമായി ഉപയോഗിക്കുന്നതിന് കേരളം പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇതിനായി 9.88 കോടി രൂപയുടെ ഭരണാനുമതി നൽകിയതായും അദ്ദേഹം അറിയിച്ചു.
നിലവിൽ കബനി തടത്തിലെ തൊണ്ടാറിലും കടമാൻ തോട്ടിലും മാത്രമാണ് കാവേരി ജലം കേരളത്തിന് ഉപയോഗിക്കാൻ സാധിക്കുന്നത്. ശേഷിക്കുന്നത് കർണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും ഒഴുകി പോവുകയാണ്. നൂൽപ്പുഴ, പെരിങ്ങോട്ടുപുഴ, തിരുനെല്ലി, കല്ലംമ്പതി, ചൂണ്ടാലിപ്പുഴ എന്നിവിടങ്ങളിൽ കൂടി ഈ ജലം ഉപയോഗിക്കുന്നതിനാണ് സംസ്ഥാനത്തിന്റെ ശ്രമം. ഇതിന്റെ പഠനത്തിനും വിശദമായ ഡിപിആറും അനുബന്ധ രേഖകളും തയ്യാറാക്കാനാണ് പണം അനുവദിച്ചിരിക്കുന്നത്.

20 വർഷത്തിനു മുൻപു തന്നെ കാവേരി ജല തർക്ക ട്രിബ്യൂണൽ (സിഡബ്ല്യുഡിടി) കേരളത്തിന് 30 ടിഎംസി ജലം അനുവദിച്ചിരുന്നു. അതിൽ 21 ടിഎംസി ജലം വയനാട്ടിലെ വടക്കൻ ജില്ലയിലെ കബനി നദീതടത്തിൽ നിന്നുള്ളതാണ്. എന്നാൽ ഇതു പൂർണമായും ഉപയോഗിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിരുന്നില്ല. അനുവദിച്ച ജലം കിഴക്കോട്ടൊഴുകുന്ന കബനി, ഭവാനി, പാമ്പാർ നദികളിലൂടെ കർണാടകയിലേക്കും തമിഴ്‌നാട്ടിലേക്കുമാണ് പോകുന്നത്.

കാവേരിയിൽ ചേരുന്ന കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിൽ ഏറ്റവും വലുതാണ് കബനി. ഇതിന്റെ ആകെ നീളം 210 കിലോമീറ്ററാണ്. ഈ നദിയുടെ 56 കിലോമീറ്റർ വയനാട്ടിലൂടെയാണ് ഒഴുകുന്നത്. മുൻപ് അട്ടപ്പാടിയിലെ ആദിവാസി ഉൾപ്രദേശങ്ങളിൽ ഭവാനിയുടെ കൈവഴിയായ ശിരുവാണി നദിയിൽ ഒരു ചെറിയ അണക്കെട്ട് നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു സർവേ ആരംഭിച്ചപ്പോൾ, തമിഴ്‌നാട് സർക്കാരും കോയമ്പത്തൂർ‑തിരുപ്പൂർ‑ഈറോഡ് മേഖലയിലെ കർഷകരും കടുത്ത പ്രതിഷേധം ഉയർത്തിയതോടെ പ്രവർത്തനങ്ങൾ മുടങ്ങുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.