
തമിഴ്‌നാട്ടിൽ പരിശീലന പറക്കലിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം ദേശീയപാതയിൽ അടിയന്തരമായി നിലത്തിറക്കി. പുതുക്കോട്ട ജില്ലയിലെ കീരനൂരിന് അടുത്തായി പുതുക്കോട്ട‑തിരുച്ചി ദേശീയപാതയിലാണ് ചെറുവിമാനം അടിയന്തരമായി ഇറക്കിയത്. വ്യാഴാഴ്‌ച രാവിലെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനും മറ്റൊരാൾക്കും പരിക്കേറ്റതായാണ് വിവരം. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും വിമാനത്തിന്റെ മുൻ ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന വാഹനയാത്രക്കാർ പൊടുന്നനെ വിമാനം ഇറങ്ങുന്നത് കണ്ട് പരിഭ്രാന്തരായി വാഹനങ്ങൾ നിർത്തി. വിമാനം ഇറങ്ങുന്ന സമയത്ത് റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നത് അപകടം ഒഴിവാക്കാനായി. എന്നാൽ പെട്ടെന്നുള്ള ലാൻഡിങിന് ഇടയിലാണ് വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചത്.
വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരെയും ഉടൻതന്നെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പൊലീസും ഫയർഫോഴ്‌സും ഉടൻ എത്തിച്ചേർന്ന് വിമാനം സുരക്ഷിതമായി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. നിലവിൽ വിമാനം റോഡിന്റെ ഓരത്ത് നിർത്തിയിട്ടിരിക്കുകയാണ്. വ്യോമസേന ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാങ്കേതിക തകരാറാണ് അടിയന്തര ലാൻഡിംഗിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതരും പോലീസും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ ഇതിന്റെ മറ്റ് വിശദാംശങ്ങൾ ലഭ്യമാവുകയുള്ളൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.